വാളയാർ കുഴൽ പണക്കടത്ത്; എൻ.സി.പി നേതാവായ എടത്തല പഞ്ചായത്ത് വൈസ് പ്രസിഡന്റിൻ്റെ വീട്ടിൽ വിജിലൻസ് പരിശോധന

ആലുവ: എടത്തല പഞ്ചായത്ത് വൈസ് പ്രസിഡൻ്റും, എൻ.സി.പി.എറണാകുളം ജില്ലാ സെക്രട്ടറിയുമായ എം.എ.അബ്ദുൾ ഖാദറിൻ്റെ വീട്ടിലാണ് വിജിലൻസ് പരിശോധന. തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്ക് കോടികളുടെ കള്ളപ്പണം കടത്തിയ വാളയാർ കള്ളപ്പണ കേസിൽ അബ്ദുൾഖാദറിന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കളമശ്ശേരി സ്വദേശിയും പൊതു പ്രവർത്തകനുമായ ഗിരീഷ്ബാബു മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.ഇത് പ്രകാരം എറണാകുളം വിജിലൻസ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് പരിശോധന.

ആലുവ എടത്തല സ്വദേശികളും സഹോദരങ്ങളുമായ അബ്ദുൾ സലാം, മീതീൻകുട്ടി എന്നിവർ ചേർന്ന് ഇവരുടെ ഉടമസ്ഥതയിലുള്ള മിനിലോറിയിൽ പ്രത്യേകം സജ്ജീകരിച്ച അറയിൽ യാതൊരുവിധ രേഖകളുമില്ലാത്ത ഒന്നേമുക്കാൽ കോടി രൂപ ഒളിപ്പിച്ച് വച്ച് പച്ചക്കറി വണ്ടി എന്ന വ്യാജേന തമിഴ്‌നാട്ടിൽ നിന്നും ലോക്ഡൗണിൻ്റെ മറവിൽ കേരളത്തിലേക്ക് കഴിഞ്ഞ വർഷം ജൂലൈയിൽ കടത്താൻ ശ്രമിച്ചത് വാളയാർ ചെക്ക് പോസ്റ്റിൽ വച്ച് വാളയാർ പോലീസ് പിടികൂടിയിരുന്നു. അബ്ദുൾഖാദറിന്റെ നിർദ്ദേശ പ്രകാരം കോയമ്പത്തൂരിലെത്തി കോയമ്പത്തൂർ സ്വദേശിയായ സുരേഷ് എന്നയാളെ ഫോണിൽ ബന്ധപ്പെടുകയും അബ്ദുൾഖാദറിന് നൽകാനായി രണ്ടു ബാഗുകളിലായി സുരേഷ് തന്ന ഒന്നേമുക്കാൽ കോടി രൂപ നൽകുകയായിരുന്നുവെന്നുമാണ് കള്ളപ്പണവുമായി അറസ്റ്റിലായ സഹോദരങ്ങൾ വാളയാർ പോലീസിന് നൽകിയ മൊഴി.

വാളയാർ പോലീസ് കഴിഞ്ഞ വർഷം ജൂലൈ മാസം പിടികൂടിയ ഒന്നേമുക്കാൽ കോടി രൂപയുടെ കള്ളപ്പണം സെപ്തംബർ മാസത്തിൽ മാത്രമാണ് പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ചത്. കള്ളപ്പണത്തിന്റെ സ്രോതസ്സ് സംബന്ധിച്ചോ പിടിയിലായ പ്രതികൾ പറഞ്ഞ മൊഴികൾ സംബന്ധിച്ചോ യാതൊരു വിധ തുടരന്വേഷണവും നടത്താതെ കള്ളപ്പണ കടത്ത് കേസ് വാളയാർ പോലീസ് അട്ടിമറിക്കുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു. വിവാദ ലോട്ടറി വ്യവസായി സാന്റിയാഗോ മാർട്ടിന്റെ കേരളത്തിലെ ബിനാമിയായ എൻ. സി. പി നേതാവ് അബ്ദുൾഖാദറിന് സംസ്ഥാന ഭരണത്തിലും, സംസ്ഥാനത്തെ പോലീസ് സേനയിലും ഉള്ളവരുമായി അടുത്ത സൗഹൃദ ബന്ധങ്ങൾ ഉള്ളതിനാലാണ് അബ്ദുൾഖാദറിനെതിരെ വാളയാർ കള്ളപ്പണ കടത്ത് കേസിൽ തുടരന്വേഷണം ഉണ്ടാകാതിരുന്നതെന്നും പരാതിയിൽ ആരോപിക്കുന്നു.

Related posts

Leave a Comment