വൈപ്പിൻ വളപ്പ് ബീച്ച് റോഡിൽ മാലിന്യം വലിച്ചെറിയുന്നവർ ഇനി കുടുങ്ങും; സിസിടിവി ക്യാമറ സ്ഥാപിച്ചുകൊണ്ട് പറഞ്ഞ വാക്കുപാലിച്ച് പഞ്ചായത്ത് മെമ്പർ

വൈപ്പിൻ: ദിവസേന ഒരുപാട് സഞ്ചാരികളും നാട്ടുകാരുമടക്കം കാൽനട യാത്ര ചെയ്യുന്ന എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് ഇരുപത്തിമൂന്നാം വാർഡിൽ ഉൾപ്പെടുന്ന വളപ്പ് ബീച്ച് റോഡിൽ വലിച്ചെറിയപ്പെടുന്ന മാലിന്യപ്രശ്നത്തിന് പരിഹാരം കാണുവാനും, ജനങ്ങളുടെ സുരക്ഷിതത്വത്തിനു വേണ്ടി നാട്ടുകാരുടെ അഭ്യർത്ഥനപ്രകാരം നാല് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു. പഞ്ചായത്ത് ഇലക്ഷനിൽ നാട്ടുകാരോട് പറഞ്ഞ വാക്ക് പാലിച്ചിരിക്കുകയാണ് എളങ്കുന്നപ്പുഴ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും പഞ്ചായത്ത് മെമ്പറുമായ സ്വാതിഷ് സത്യൻ. രാത്രികാലങ്ങളിൽ കക്കൂസ് മാലിന്യങ്ങൾ അടക്കം സാമൂഹികവിരുദ്ധർ ഇവിടെ പുറന്തള്ളുന്ന അവസ്ഥയായിരുന്നു.

ഗ്രാമ പഞ്ചായത്തിന്റെ 2021-2022 വർഷത്തെ വികസന പദ്ധതി വിഹിതത്തിൽ ഓരോ മെമ്പർമാർക്കും അനുവദിക്കുന്ന ഫണ്ടിൽനിന്നും 50000 രൂപ മുടക്കിയാണ് ക്യാമറകൾ സ്ഥാപ്പിക്കാൻ തീരുമാനമെടുത്തത്. എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്തിന്റെ ആദ്യത്തെ നിരീക്ഷണ ക്യാമറ പദ്ധതികൂടിയാണിത്. ക്യാമറയിലെ ദൃശ്യങ്ങൾ റസിഡൻസ് അസോസിയേഷനുകൾക്കടക്കം കിട്ടുന്ന മുറയ്ക്കാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. പഞ്ചായത്ത് മെമ്പർ സ്വാതിഷ് സത്യൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സിസിടിവി ക്യാമറയുടെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനോജ് കുമാർ നിർവഹിച്ചു. റസിഡൻസ് അസോസിയേഷൻ ഭാരവാഹികളായ ചന്ദ്രബോസ് മാരായി,പി ബി കലാധരൻ, പി ബി അൻവർ, സാമൂഹിക പ്രവർത്തകരായ പി. ജെ വർഗ്ഗീസ്, ഷിജിത്ത് , വിഷ്ണു പള്ളത്ത്, കണ്ണൻ കാർത്തികേയൻ, സുരേഷ് തുടങ്ങിയവർ സംസാരിച്ചു.

Related posts

Leave a Comment