തൊഴിലിടങ്ങള്‍ തുറന്നില്ലെങ്കില്‍ തെരുവിലിറങ്ങുംഃ വ്യാപാരികള്‍

കോഴിക്കോട്ഃ തൊഴിൽ സ്ഥാപനങ്ങൾ ഇനിയും അടച്ചിടേണ്ടി വന്നാൽ തെരുവിൽ തൊഴിൽ ചെയ്യേണ്ടി വരുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി എസ്. എസ്. മനോജ്. ബ്യൂട്ടി പാർലറുകൾ തുറക്കാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് സേവ് ബ്യൂട്ടീഷ്യൻസ് കൺസേൺ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി തൊഴിൽ നിഷേധത്തിനെതിരെ തൊഴിൽ ചെയ്തു സമരം സെക്രട്ടറിയേറ്റിനു മുന്നിൽ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ത്രീകൾ പണിയെടുക്കുന്ന ഏറ്റവും വലിയ തൊഴിൽ മേഖലയാണ് ബ്യൂട്ടി പാർലറുകൾ. വായ്പാ തിരിച്ചടവ് മുടങ്ങിയും, വാടക നൽകാൻ കഴിയാതെയും, വീട്ട് ചെലവ് തന്നെ നടത്താൻ കഴിയാതെയും വന്ന സാഹചര്യത്തിലാണ് ഇവർക്ക് തെരുവിലിറങ്ങി തൊഴിൽ ചെയ്തു പ്രതിഷേധിക്കേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു. വ്യാപാര സ്ഥാപനങ്ങൾ കൂടുതൽ സമയം തുറന്നു പ്രവർത്തിക്കുവാൻ അനുവദിക്കുകയാണ് വേണ്ടതെന്ന ആരോഗ്യമേഖലയിലെ പ്രഗൽഭരുടെ നിർദേശത്തേപോലും അവഗണിക്കുന്ന നിലപാട് ചില ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത് സംശയത്തിന് ഇടനൽകുന്നു. കേരളത്തിലെ ചെറുകിട സംരംഭങ്ങളുടെ തകർച്ച സ്വപ്നം കാണുന്നവരുടെ ഇടനിലക്കാരായി ഈ ഉദ്യോഗസ്ഥർ മാറുന്നുവെന്ന് ന്യായമായും സംശയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കുവാൻ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തെരുവിൽ ബ്യൂട്ടി പാർലർ ഒരുക്കി തൊഴിൽ ചെയ്തു നടത്തിയ സമരത്തിന് സേവ് ബ്യൂട്ടീഷ്യൻസ് കൺസേൺ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് റൂഷ. പി. കുമാർ അദ്ധ്യക്ഷത വഹിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി നിജാം ബെഷി, അസോസിയേഷൻ സംസ്ഥാന രക്ഷാധികാരി. ഷിഹാൻ ബെഷി, സംസ്ഥാന ജനറൽ സെക്രട്ടറി ശാലിനി ദിനേശ്, സംസ്ഥാന ട്രഷറർ സി. ജിസി, സംസ്ഥാന ഭാരവാഹികളായ . കെ. പങ്കജം, എസ്. സിതാര, രേവതി സുഭാഷ്, രജിതാ ഉണ്ണികൃഷ്ണൻ, മിനി അനിൽകുമാർ, എൽ. മഞ്ജു തുടങ്ങിയർ സംസാരിച്ചു.

Related posts

Leave a Comment