എഴുപേർക്ക് പുതുജീവിതം നൽകി നേവിസ് യാത്രയായി: ഹൃദയം എറണാകുളത്തുനിന്ന് കോഴിക്കോട്ടേക്ക്, വഴിയൊരുക്കണമെന്ന് വിഡി സതീശൻ

കോട്ടയം: എഴുപേർക്ക് പുതുജീവിതം നൽകി നേവിസ് യാത്രയായി. ഏദൻസിലെ സാജൻ മാത്യുവിന്റെ മകൻ നേവിസ് (25) ന്റെ മരണശേഷം എട്ട് അവയവങ്ങൾ ബന്ധുക്കൾ ദാനം ചെയ്തു. നേവിസിന്റെ അവയവങ്ങളുമായി വരുന്ന വാഹനത്തിന് വഴിയൊരുക്കണമെന്ന് പ്രതിപക്ഷ നേതാവ് ഫേസ്ബുക്കിൽ കുറിച്ചു. ആംബുലൻസ് വരുന്ന വഴിയുടെ റൂട്ട്മാപ്പും വിശദീകരിച്ചു. എറണാകുളം രാജഗിരി ആശുപത്രിയിൽ വച്ച്‌ നേവിസിന് മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു.ഹൃദയം, കരള്‍, കൈകള്‍, രണ്ട് വൃക്കകള്‍, രണ്ട് കണ്ണുകള്‍ എന്നിവയാണ് ബന്ധുക്കൾ ദാനം ചെയ്തത്. കേരള സര്‍ക്കാരിന്റെ മരണാന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനി (കെ.എന്‍.ഒ.എസ്.) വഴിയാണ് അവയവദാന പ്രക്രിയ നടത്തിയത്.രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി താഴ്ന്നതുമൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ച നേവിസിന് ഇന്നലെ മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് നേവിസിന്റെ അച്ഛനും അമ്മയും സ്വമേധയാ അവയവദാനത്തിന് മുന്നോട്ട് വരികയായിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം :

എറണാകുളം രാജഗിരി ആശുപത്രിയിൽ വച്ച് മസ്തിഷ്‌ക മരണം സംഭവിച്ച കോട്ടയം സ്വദേശി നേവിസിന്റെ ഹൃദയം വഹിച്ചു കൊണ്ടുള്ള വാഹനം കോഴിക്കോട് മെട്രോ ഇന്റർനാഷണൽ ആശുപത്രിയിലേക്ക് പോകുകയാണ്. കോഴിക്കോട് ചികിത്സയിലുള്ള രോഗിയിൽ എത്രയും വേഗം ഹൃദയം വച്ച് പിടിപ്പിക്കുക എന്ന ദൗത്യമാണ് ഏറ്റെടുത്തിരിക്കുന്നത്. ഈ ദൗത്യത്തിൽ ഓരോ നിമിഷവും നിർണ്ണായകമാണ്. അവയവദാന പ്രക്രിയയ്ക്കും സുഗമമായ യാത്രയ്ക്കും വേണ്ട ക്രമീകരണങ്ങളെല്ലാം സർക്കാർ ഒരുക്കിയിട്ടുണ്ട് എന്ന് ആരോഗ്യമന്ത്രി അറിയിച്ചിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥർ ഗതാഗത ക്രമീകരണമൊരുക്കുന്നുണ്ട്. ഒരു ഘട്ടത്തിലും ഈ യാത്രയ്ക്ക് തടസ്സമുണ്ടാവാതെയിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. കടന്നു പോവുന്ന വഴികളിൽ സ്വയം വളന്റിയർമാറായി തടസ്സമില്ലാതെ ഈ ആംബുലൻസ് കടന്നു പോവുന്നു എന്ന് ഉറപ്പ് വരുത്തണം എന്ന് അഭ്യർത്ഥിക്കുന്നു.

Related posts

Leave a Comment