തട്ടിപ്പ് കണക്കുകളും അവകാശവാദങ്ങളും മുന്നോട്ടുവച്ച് പൊതുജന സമ്മതി നേടാൻ ശ്രമിക്കുന്നത് ആട്, തേക്ക്, മാഞ്ചിയം ടീംസിന് ചേരും ; ജനാധിപത്യ സർക്കാരുകൾക്ക് ചേരില്ല : വി ടി ബൽറാം

പാലക്കാട്‌ : സിൽവർ ലൈൻ പദ്ധതിയുടെ വിശദ പ്രോജക്റ്റ് റിപ്പോർട്ട് (ഡിപിആർ) പോലും ഇപ്പോഴും പബ്ലിക് ആയി ലഭ്യമല്ലെന്നും ഈ പദ്ധതിയുടെ വിശദാംശങ്ങൾ കേരള നിയമസഭയിലടക്കം എവിടെയും സർക്കാരോ മറ്റ് ഔദ്യോഗിക സംവിധാനങ്ങളോ ചർച്ചക്ക് വച്ചിട്ടില്ലെന്നും ആകെയുള്ളത് കെ റെയിൽ ഉദ്യോഗസ്ഥരും ചില സ്വയം പ്രഖ്യാപിത ന്യായീകരണക്കാരും മുന്നോട്ടുവയ്ക്കുന്ന അവകാശവാദങ്ങൾ മാത്രമാണെന്നും എഐസിസി അംഗം വി ടി ബൽറാം.തട്ടിപ്പ് കണക്കുകളും അവകാശവാദങ്ങളും മുന്നോട്ടുവച്ച് പൊതുജന സമ്മതി നേടാൻ ശ്രമിക്കുന്നത് ആട്, തേക്ക്, മാഞ്ചിയം ടീംസിന് ചേരും ; ജനാധിപത്യ സർക്കാരുകൾക്ക് ചേരില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

1 മണിക്കൂർ 25 മിനിറ്റ് കൊണ്ട് വെറും 540 രൂപക്ക് കെ-റെയിലിൻ്റെ സിൽവർ ലൈനിലൂടെ തിരുവനന്തപുരം-കൊച്ചി യാത്ര സാധ്യമാവുമത്രേ! നടന്നാൽ നല്ലത് തന്നെ. എന്നാൽ ഇത്തരമൊരു അവകാശവാദത്തിന് എന്താണ് അടിസ്ഥാനം? എങ്ങനെയാണ് ഈ കണക്കുകളിൽ എത്തിച്ചേർന്നിട്ടുള്ളത്? സമയത്തിൻ്റെ കാര്യം വാദത്തിനംഗീകരിക്കാം, എന്നാൽ ടിക്കറ്റ് നിരക്ക് ഇത്ര കൃത്യമായി ഇപ്പോഴേ പ്രഖ്യാപിക്കുന്നതിൽ എന്ത് യുക്തിയാണുള്ളത്?

സിൽവർ ലൈൻ പദ്ധതിയുടെ വിശദ പ്രോജക്റ്റ് റിപ്പോർട്ട് (ഡിപിആർ) പോലും ഇപ്പോഴും പബ്ലിക് ആയി ലഭ്യമല്ല. ഈ പദ്ധതിയുടെ വിശദാംശങ്ങൾ കേരള നിയമസഭയിലടക്കം എവിടെയും സർക്കാരോ മറ്റ് ഔദ്യോഗിക സംവിധാനങ്ങളോ ചർച്ചക്ക് വച്ചിട്ടില്ല. ആകെയുള്ളത് കെ റെയിൽ ഉദ്യോഗസ്ഥരും ചില സ്വയം പ്രഖ്യാപിത ന്യായീകരണക്കാരും മുന്നോട്ടുവയ്ക്കുന്ന അവകാശവാദങ്ങൾ മാത്രമാണ്. പദ്ധതിക്കാവശ്യമായ ചെലവ് ഏതാണ്ട് 64,000 കോടി രൂപയാണെന്ന് പ്രോജക്റ്റ് റിപ്പോർട്ടിൽ പറയുന്നുണ്ടെന്ന് പറയപ്പെടുന്നു. എന്നാൽ ഇതിന് കുറഞ്ഞത് 1,26,000 കോടി വേണ്ടിവരുമെന്ന് നീതി ആയോഗിൻ്റെ കണക്കുകളും മറുഭാഗത്ത് നിലവിലുണ്ട്. നിർമ്മാണച്ചെലവ് കിലോമീറ്ററിന് 120 കോടി മാത്രം കെ റെയിലുകാർ കണക്ക് കൂട്ടുമ്പോൾ 370 കോടിയോളമാണ് നീതി ആയോഗ് കണക്ക് കൂട്ടുന്നത്. ഈ വലിയ വ്യത്യാസത്തിന് കൃത്യമായ വിശദീകരണമൊന്നും ഇരുഭാഗത്തിനും നൽകാനില്ല. കണക്കുകളിലെ വ്യത്യാസം എന്തുതന്നെയാണെങ്കിലും നിർമ്മാണം പൂർത്തിയാവുമ്പോഴുള്ള യഥാർത്ഥ ചെലവ് എത്രയാകുമെന്നതാണ് പ്രധാനം. ആ നിർമ്മാണ ചെലവും അതിലെ കടബാധ്യതയുടെ തോതും അതിൻ്റെ പലിശയും എത്ര യാത്രക്കാർ കയറുമെന്നതും നടത്തിപ്പുമായി ബന്ധപ്പെട്ട ദൈനംദിന ചെലവുകളും മറ്റ് വരുമാന സാധ്യതകളുമൊക്കെ അടിസ്ഥാനപ്പെടുത്തിയാവും ടിക്കറ്റ് നിരക്ക് നിശ്ചയിക്കപ്പെടുക. അതല്ലാതെ ഇപ്പോൾത്തന്നെ ഒരു ടിക്കറ്റ് നിരക്ക് കമ്മച്ചം വച്ച് പ്രഖ്യാപിക്കുന്നത് എന്തേർപ്പാടാണെന്ന് മനസ്സിലാവുന്നില്ല.

കെ റെയിലിനും സിൽവർ ലൈൻ അർദ്ധ അതിവേഗ റെയിൽ പദ്ധതിക്കുമൊക്കെ അനുകൂലമായി ജനങ്ങൾക്കിടയിൽ അഭിപ്രായ രൂപീകരണം ഉണ്ടാക്കാനാണ് ഉദ്ദേശ്യമെങ്കിൽ സർക്കാർ ആദ്യം ചെയ്യേണ്ടത് പദ്ധതിയുടെ ഡിപിആർ പുറത്തുവിടുകയും അതിന്മേൽ വസ്തുനിഷ്ഠമായ ചർച്ചകൾക്ക് വഴിയൊരുക്കുകയുമാണ്. കേരള നിയമസഭ തൊട്ട് പദ്ധതി പ്രദേശത്തെ ഗ്രാമസഭകൾ വരെ ഈ ഭീമൻ പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്യുന്ന വേദികളായി മാറണം. ഇത്തരമൊരു പദ്ധതി തന്നെയാണോ കേരളത്തിൻ്റെ വികസന മുൻഗണനയാവേണ്ടത്, വേഗത്തിലുള്ള യാത്രാ സൗകര്യം എല്ലാവർക്കും സ്വീകാര്യമാണെങ്കിലും അതിൻ്റെ പേരിൽ ഇത്ര ഭീമമായ ഒരു ഇൻവസ്റ്റ്മെൻറ് നീതീകരിക്കപ്പെടുന്നുണ്ടോ, അതിനുള്ള സാമ്പത്തികമായ കെൽപ്പ് കേരളത്തിനുണ്ടോ, നിർവ്വഹണവുമായി ബന്ധപ്പെട്ട സാമൂഹികവും പാരിസ്ഥിതികവുമായ പ്രശ്നങ്ങൾ എന്നതൊക്കെ വസ്തുതാപരമായി ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്.

അതൊന്നും ചെയ്യാതെ ചുമ്മാ തട്ടിപ്പ് കണക്കുകളും അവകാശവാദങ്ങളും മുന്നോട്ടുവച്ച് പൊതുജന സമ്മതി നേടാൻ ശ്രമിക്കുന്നത് ആട്, തേക്ക്, മാഞ്ചിയം ടീംസിന് ചേരും, ജനാധിപത്യ സർക്കാരുകൾക്ക് ചേരില്ല.

Related posts

Leave a Comment