മുതലമടയിലെ സമരപന്തല്‍ വി പി സജീന്ദ്രന്‍ സന്ദര്‍ശിച്ചു

പാലക്കാട്: കെ പി സി സി പ്രസിഡന്റ് കെ സുധാകരന്റെ നിര്‍ദ്ദേശാനുസരണം വൈസ് പ്രസിഡന്റ് വി പി സജീന്ദ്രന്‍ മുതലമടയിലെ അംബേദ്ക്കര്‍ കോളനിയും സമരപന്തലും സന്ദര്‍ശിച്ചു. മുതലമടയില്‍ ജാതി വിവേചനത്തിനെതിരെ കോളനിവാസികള്‍ നടത്തുന്ന സമരം കെ പി സി സി ഏറ്റെടുത്ത പശ്ചാത്തലത്തിലായിരുന്നു സന്ദര്‍ശനം.
കഴിഞ്ഞകാലത്ത് നടന്ന ജാതിവിവേചനത്തെക്കുറിച്ചും രാഷ്ട്രീ വിവേചനം മൂലം നാല്പതോളം കുടുംബങ്ങള്‍ക്ക് വീടും സ്ഥലവും അനുവദിക്കാത്തത് നേരില്‍ക്കണ്ട് ബോധ്യപ്പെട്ടു. 2017ല്‍ നടന്ന തുടര്‍സമരങ്ങളുടെ ഫലമായി പട്ടികജാതി കമ്മീഷന്‍ ചെയര്‍മാന്‍ കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ അദാലത്ത് ഇവര്‍ക്ക് വീട് വെയ്ക്കാന്‍ സ്ഥലം അനുവദിക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നു. ലൈഫ് മിഷന്‍ പദ്ധതി പ്രകാരം അല്ലാതെ തന്നെ വീട് വെക്കാമെന്നായിരുന്നു നല്‍കിയ റിപ്പോര്‍ട്ട്. എന്നാല്‍ പിന്നീട് തുടര്‍നടപടികള്‍ ഒന്നും ഉണ്ടായില്ല.
ഈ വാഗ്ദാനം പാലിക്കണമെന്ന് ആവശ്യപ്പെട്ടാണ് കഴിഞ്ഞ 38 ദിവസമായി മുതലമട പഞ്ചായത്തിന് മുന്നില്‍ കുടില്‍കെട്ടി പ്രദേശവാസികള്‍ സമരം നടത്തുന്നത്. എല്ലാവിധ പിന്തുണയും സമരക്കാര്‍ക്ക് ഉണ്ടാവുമെന്നും വിശദമായ റിപ്പോര്‍ട്ട് കെ പി സി സിക്ക് കൈമാറുമെന്നും വി പി സജീന്ദ്രന്‍ പറഞ്ഞു.ഡി സി സി വൈസ് പ്രസിഡന്റ് അഡ്വ. സുമേഷ് അച്യുതന്‍, കൊല്ലങ്കോട് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സക്കീര്‍ ഹുസൈന്‍, മുതലമട മണ്ഡലം പ്രസിഡന്റ് എ മോഹനന്‍, ബിജോയ് തുടങ്ങിയവര്‍ വി പി സജീന്ദ്രനോടൊപ്പം ഉണ്ടായിരുന്നു. സമരനേതാക്കളായ ശിവരാജന്‍, മാരിയപ്പന്‍, സലീന പ്രാക്കല്‍ എന്നിവര്‍ കോളനിവാസികളുടെ പരിതാപകരമായ അവസ്ഥ വി പി സജീന്ദ്രന് മുന്നില്‍ വിശദീകരിച്ചു. 

Related posts

Leave a Comment