വോട്ടർ-ആധാർ ബിൽ ലോക്സഭ പാസാക്കി, വർഷത്തിൽ 4 തവണ പേര് ചേർക്കാൻ അവസരം

ന്യൂഡൽഹി: വോട്ടർ തിരിച്ചറിയൽ രേഖയും ആധാറും ബന്ധിപ്പിക്കുന്നത് നിയമമാക്കാനുള്ള ബില്ല് ലോക്സഭയിൽ ബില്ല് സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷത്തിൻറെ ആവശ്യം തള്ളി. വേണ്ടത്ര ചർച്ചയില്ലാതെയാണ് സുപ്രധാന ബില്ല് ലോകസഭയിൽ പാസായത്. ഇനി രാജ്യസഭ കൂടി പാസാക്കി രാഷ്ട്രപതി ഒപ്പിട്ടാൽ ബില്ല് നിയമമാകും.
കേന്ദ്രമന്ത്രി അജയ് മിശ്രയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വയ്ക്കുമ്പോഴാണ് വോട്ടർ പട്ടികയിൽ ആധാർ നമ്പർ കൂടി ചേർക്കാൻ വ്യവസ്ഥയുള്ള ബില്ല് അവതരിപ്പിച്ചത്. വോട്ടെടുപ്പ് വേണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി ബില്ല് അവതരിപ്പിക്കാൻ സഭാധ്യക്ഷൻ അനുമതി നൽകി. ബില്ല് മൗലിക അവകാശ ലംഘനമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം എതിർത്തു. ബില്ലിലെ ഒരു വ്യവസ്ഥയിലും വിശദമായ ചർച്ചയോ വോട്ടെടുപ്പോ ഇല്ലാതയാണു പാസാക്കിയത്.
സുപ്രീം കോടതിയുടെ ആധാർ വിധിയുടെ ലംഘനമാണ് ബില്ലെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. കള്ള വോട്ട് തടയാനാണ് ഈ വ്യവസ്ഥ കൊണ്ടു വരുന്നതെന്ന് കിരൺ റിജിജു സഭയിൽ പറഞ്ഞു. ആധാർ – വോട്ടർ പട്ടിക ബന്ധിപ്പിക്കൽ കള്ളവോട്ട് തടയുമെന്നാണ് കേന്ദ്ര സർക്കാർ നേരത്തെ വാദിക്കുന്നത്.
വോട്ടർപട്ടികയിൽ പേര് ചേർക്കാൻ ഒരു വർഷം ഒന്നിലധികം അവസരം നൽകുമെന്നതാണ് പരിഷ്കാരങ്ങളിലെ മറ്റൊരു ശ്രദ്ധേയമായ ഭാഗം. നേരത്തെ പാൻ കാർഡും ആധാറും ബന്ധിപ്പിക്കുന്നത് കേന്ദ്രം നിർബന്ധമാക്കിയിരുന്നു. വോട്ടർ ഐഡിയും ആധാറും ബന്ധിപ്പിക്കുന്നതോടെ ഒരാൾക്ക് ഒരിടത്ത് ഒരുവോട്ട് മാത്രമേ ചെയ്യാനാകൂ. തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതുമായി ബന്ധപ്പെട്ട് നടത്തിയ പൈലറ്റ് പ്രോജക്ട് വിജയമെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ഭേദഗതി നിർദേശം സർക്കാരിന് സമർപ്പിച്ചത്. ആധാറും വോട്ടർ ഐഡിയും ബന്ധിപ്പിക്കണമെന്ന് നിലവിൽ സുപ്രീംകോടതിയിൽ ഒരു ഹർജി നിലവിലുണ്ട്.
ബില്ലിലെ മറ്റൊരു ശ്രദ്ധേയ നിർദേശം വോട്ടർപട്ടികയിൽ പേര് ചേർക്കാൻ ഒരു വർഷം കൂടുതൽ അവസരങ്ങൾ നൽകുക എന്നതാണ്. 2022 ജനുവരി 1 മുതൽ ആദ്യമായി വോട്ട് ചെയ്യുന്ന 18 വയസ്സുകാർക്ക് വർഷം നാല് തവണ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അവസരമുണ്ടാകും. നാല് തവണയ്ക്കും നാല് കട്ട് ഓഫ് തീയതികളുമുണ്ടാകും. ഏപ്രിൽ 1, ജൂലൈ 1, ഒക്ടോബർ 1 എന്നിങ്ങനെ തീയതികളിൽ തുടങ്ങുന്ന കാലാവധികളിലാകും വോട്ടർപട്ടികയിൽ പേര് ചേർക്കാനാകുക. നിലവിൽ വർഷത്തിൽ ഒരു തവണ മാത്രമാണ് വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അവസരമുള്ളത്.

Related posts

Leave a Comment