വോട്ടർ പട്ടിക ചോർന്നതെന്ന് മൊഴി; കമ്പ്യൂട്ടർ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടർ പട്ടിക ചോർന്നുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ ക്രൈംബ്രാഞ്ചിന് മൊഴി നൽകിയതിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലെ ആറ് കംമ്പ്യൂട്ടറുകളും മൂന്ന് ലാപ്പ്ടോപ്പുകളും ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്ത കമ്പ്യൂട്ടറും ലാപ്ടോപ്പും ക്രൈംബ്രാഞ്ച് വിശദമായ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും. അന്വേഷണത്തിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലെത്തിയ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ജോയിന്റ് ചീഫ് ഇലക്ടറൽ ഓഫീസർ അടക്കമുള്ളവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. ഉദ്യോഗസ്ഥരുടെ മൊഴി അനുസരിച്ച് ഓഫീസിലെ കമ്പ്യൂട്ടറിൽ സൂക്ഷിച്ചിരിക്കുന്ന രേഖയാണ് ചോർന്നത്. ഇത് രഹസ്യ സ്വഭാവത്തോടെ പാസ് വേർഡ് അടക്കം ഉപയോഗിച്ച് സംരക്ഷിക്കുന്ന ഒരു വോട്ടർ പട്ടികയാണ്. ഇതാണ് ചോർന്നതെന്നാണ് ഓഫീസിലെ ഉദ്യോഗസ്ഥർ മൊഴി നൽകിയത്. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തുവിട്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിലെ രേഖകളല്ലെന്നും ഓഫീസിലെ കമ്പ്യൂട്ടറിൽ സൂക്ഷിച്ചിരുന്ന ഔദ്യോഗിക ഫോർമാറ്റിലുള്ള രേഖയാണെന്നുമാണ് അന്വേഷണ സംഘത്തെ ഉദ്യോഗസ്ഥർ അറിയിച്ചിരിക്കുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ പദവിയിൽ നിന്ന് കഴിഞ്ഞദിവസം മാറിയ ടിക്കാറാം മീണയിൽ നിന്ന് അന്വേഷണ സംഘം വിവരശേഖരണവും നടത്തി.
നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടർപട്ടിക ചോർത്തിയെന്ന തെരഞ്ഞെടുപ്പ് കമ്മീഷൻറെ പരാതിയിൽ ക്രൈംബ്രാഞ്ച് ഇക്കഴിഞ്ഞ ജൂലൈ മൂന്നിനാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. കമ്മീഷൻ ഓഫീസിൽ നിന്നും രണ്ട് കോടി 67 ലക്ഷം വോട്ടർമാരുടെ വിവരങ്ങൾ ചോർന്നുവെന്നാണ് പരാതി. അതേസമയം താൻ വിവരങ്ങൾ എടുത്തത് തെരഞ്ഞെടുപ്പ് കമ്മീഷൻറെ വെബ് സൈറ്റിൽ നിന്നാണെന്നും വ്യാജ വോട്ടർമാരെ പട്ടികയിൽ നിന്നും നീക്കം ചെയ്യുകയാണ് കമ്മീഷൻ ചെയ്യേണ്ടതെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് വൻവിവാദമായ ഇരട്ടവോട്ട് പ്രശ്നത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻറെ പരാതിയും ക്രൈം ബ്രാഞ്ച് അന്വേഷണവും. നാലു ലക്ഷത്തിലേറെ ഇരട്ടവോട്ടുകളുണ്ടെന്നായിരുന്നു പട്ടിക പുറത്ത് വിട്ടുകൊണ്ട്, മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഗുരുതര ആരോപണം ഉന്നയിച്ചത്. സർക്കാരിൻറെ ഒത്താശയോടെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ശ്രമമെന്നായിരുന്നു ആക്ഷേപം.
പരിശോധന നടത്തിയ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇരട്ട് വോട്ട് 38,000 മാത്രമാണെന്നാണ് കണ്ടെത്തിയത്. അട്ടിമറിയല്ലെന്നും വെബ് സൈറ്റിലെ പിഴവാണ് കാരണമെന്നുമായിരുന്നു അന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വെളിപ്പെടുത്തിയത്. എന്നാൽ, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശ പ്രകാരമാണ് സംസ്ഥാനത്തെ ജോയിന്റ് ചീഫ് ഇലക്ടറൽ ഓഫീസർ ഡിജിപിക്ക് പരാതി നൽകിയത്. കമ്മീഷൻ ഓഫീസിൽ നിന്നും വോട്ടർപട്ടിക ചിലർ ചോർത്തിയെന്ന പരാതിയിൽ ആരുടേയും പേര് പറയുന്നില്ല. ഡിജിപി നിർദ്ദേശപ്രകാരം ക്രൈം ബ്രാഞ്ച് രജിസ്റ്റർ ചെയ്ത എഫ്ഐആറിലും ആരുടേയും പേര് പറയുന്നില്ല. പക്ഷെ, ഐടി ആക്ടിലെ വിവിധ വകുപ്പുകളും ഗൂഡാലോചനയും മോഷണവും ചേർത്താണ് എഫ്ഐആർ. കമ്മീഷൻ ആസ്ഥാനത്തെ ലാപ് ടോപ്പിൽ നിന്നും വിവരങ്ങൾ ചോർന്നെന്നും എഫ്ഐആറിലുണ്ട്.
കമ്മീഷൻ ഓഫീസിൽ നിന്ന് തന്നെയാണ് ഇരട്ടവോട്ടർമാരുടെ വിവരം ചോർന്നതെന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻറെ നിഗമനം. ഇതിൻറെ ഭാഗമായി സാങ്കേതിക കാര്യങ്ങളിൽ 20 വർഷത്തിലേറെയായി കെൽട്രോണുമായി ഉണ്ടായിരുന്ന കരാർ കഴിഞ്ഞ ദിവസം കമ്മീഷൻ റദ്ദാക്കിയിരുന്നു. കമ്മീഷൻ ഓഫീസുകളിൽ പ്രവർത്തിച്ചിരുന്ന കെൽട്രോണിൻറെ 150-ലേറെ ഉദ്യോഗസ്ഥരെയും കഴിഞ്ഞ ദിവസം തിരിച്ചയിച്ചിരുന്നു. വെബ്‍സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് കെൽട്രോൺ ഉദ്യോഗസ്ഥരുടെ സഹായത്തോടെ കമ്മീഷൻ ആസ്ഥാനത്തുനിന്നും പട്ടിക പുറത്തുപോയെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇപ്പോൾ പറയുന്നത്.

Related posts

Leave a Comment