നടുറോട്ടിൽ ഭാര്യക്ക് ഭർത്താവിന്റെ ക്രൂര മർദ്ദനം ; കേസെടുക്കാൻ മടിച്ച് പോലീസ്

കോഴിക്കോട് നഗരമധ്യത്തിൽ ഭാര്യയ്ക്ക് ഭർത്താവിൻറെ ക്രൂരമർദ്ദനം. അശോകപുരത്ത് മീൻകട നടത്തുന്ന ശ്യാമിലിയെയാണ് ഭർത്താവ് നിധീഷ് നടുറോഡിലിട്ട് മർദിച്ചത്.

വെള്ളിയാഴ്ച്ച വൈകീട്ടാണ് സംഭവം. അശോകപുരത്ത് റോഡരികിൽ മീൻ വിറ്റുകിട്ടുന്ന പണംകൊണ്ടാണ് ശ്യാമിലിയും മൂന്ന് കുട്ടികളും ജീവിക്കുന്നത്. വെള്ളിയാഴ്ച രാവിലെ മീൻവിറ്റ പണം ചോദിച്ചിട്ട് നൽകാത്തതിനെ തുടർന്ന് വൈകിട്ട് നിധീഷ് ശ്യാമിലിയെ മർദിക്കുന്നതിനിടെ ബന്ധുവാണ് ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയത്. ശ്യാമിലിയുടെ കടയും വാഹനവും തല്ലിപൊളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

മർദനത്തിൽ മൂക്കിനും ചെവിക്കുമാണ് ശ്യാമിലിക്ക് മുറിവേറ്റത്. യുവതിയെ ആസിഡൊഴിക്കുമെന്നും കൂടെയുള്ളവരെ പെട്രോളൊഴിച്ച്‌ കത്തിക്കുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഏറെക്കാലമായി ഭർത്താവിന്റെ ക്രൂരമർദനം അനുഭവിക്കുന്നതായി ശാമിലി പറഞ്ഞു. നേരത്തെ നൽകിയ പരാതികളിലൊന്നും തെളിവില്ലെന്ന കാരണം പറഞ്ഞ് പോലിസ് നടപടിയെടുത്തില്ലെന്നും ശ്യാമിലി പറഞ്ഞു.

ഭർത്താവിനെതിരെ നേരത്തെയും നടക്കാവ് പോലിസിൽ യുവതി പരാതിപ്പെട്ടിരുന്നു. എന്നാൽ പോലിസ് നടപടിയെടുത്തില്ല. കഴിഞ്ഞമാസം 14 ന് സ്റ്റേഷനിൽ ഒരു പരാതി നൽകിയെങ്കിലും പരാതി കാണുന്നില്ലെന്നാണ് ഇന്നലെ പോയി അന്വേഷിച്ചപ്പോൾ പറഞ്ഞതെന്നും യുവതി പറഞ്ഞു. എന്നാൽ തന്നെ മർദ്ദിച്ചയാളുടെ പരാതി അവിടെയുണ്ടെന്നും യുവതി പറഞ്ഞു.

മർദ്ദനത്തിൻറെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിച്ചതോടെ നടക്കാവ് പോലിസ് നിധീഷിനെതിരേ കേസെടുത്ത് അന്വേഷണമാരംഭിച്ചു. വധശ്രമമടക്കമുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരേ ചുമത്തിയിട്ടുള്ളത്. ഇയാൾ വേറെയും കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. നേരത്തെ നൽകിയ പരാതികളിൽ പോലിസ് നടപടിയെടുത്തില്ലെന്ന് ശ്യാമിലി പറഞ്ഞു.

Related posts

Leave a Comment