പുതിയ 175 മദ്യഷോപ്പുകൾക്ക് അനുമതി; സർക്കാർ പിന്തിരിയണമെന്ന് സുധീരൻ


*മുഖ്യമന്ത്രിക്കും എക്സൈസ് മന്ത്രിക്കും കത്തയച്ചു

തിരുവനന്തപുരം: മദ്യശാലകൾക്ക് മുന്നിലെ തിരക്ക് കുറയ്ക്കാനെന്നതിന്റെ മറവിൽ പുതിയ 175 മദ്യഷോപ്പുകൾക്ക് അനുമതി നൽകാനുള്ള സർക്കാർ നീക്കം പ്രതിഷേധാർഹമാണെന്ന് കോൺഗ്രസ് നേതാവ് വി.എം സുധീരൻ. കേരളത്തെ സമ്പൂർണ്ണ സാമൂഹിക അരാജക സംസ്ഥാനമായി മാറ്റിയെടുക്കാനുള്ള ഈ സമൂഹ ദ്രോഹ നടപടിയിൽ നിന്നും സർക്കാർ പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും എക്സൈസ് മന്ത്രിക്കും അദ്ദേഹം കത്തയച്ചു.
സംസ്ഥാനത്തെയും ജനങ്ങളെയും ബാധിക്കുന്ന അതിപ്രധാന പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാക്കുന്നതിനെക്കാളും സർക്കാരിന്റെ ഏറ്റവും മുന്തിയ മുൻഗണന മദ്യം-മയക്കുമരുന്ന് വ്യാപനത്തിലാണെന്ന ആക്ഷേപം നിലനിൽക്കുമ്പോഴാണ് പുതിയ മുടന്തൻ വാദങ്ങൾ ഉന്നയിച്ചുകൊണ്ട് മദ്യവ്യാപനം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് സർക്കാർ മുന്നോട്ടുനീങ്ങുന്നതെന്ന് കത്തിൽ സുധീരൻ കുറ്റപ്പെടുത്തി.
ഈ നടപടികളെല്ലാം ഭരണഘടനയുടെ ആർട്ടിക്കിൾ 47ന്റെ അന്തസത്തയ്ക്ക് നിരക്കാത്തതാണ്.
മദ്യക്കച്ചവടവും മദ്യഉപയോഗവും മൗലീകാവകാശമല്ലെന്നും മദ്യം അവശ്യവസ്തുവല്ലെന്നുമുള്ള സുപ്രീംകോടതി വിധിക്ക് വിരുദ്ധവുമാണ്. തന്നെയുമല്ല മദ്യലഭ്യതയും പ്രാപ്യതയും കുറച്ചുകൊണ്ടു വരികയെന്നതാണ് മദ്യവിപത്തിൽ നിന്നും ജനങ്ങളെ രക്ഷിക്കാൻ അനിവാര്യമായിട്ടുള്ളതെന്ന ലോകാരോഗ്യ സംഘടനയുടെ അടിസ്ഥാന നിർദ്ദേശങ്ങളെ വെല്ലുവിളിക്കുന്നതുമാണ്. ഇടതുപക്ഷ ജനാധിപത്യമുന്നണി 2016-ലും 2021-ലും നിയമസഭാ തെരഞ്ഞെടുപ്പ് പ്രകടന പത്രികകളിൽ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളെ തകിടം മറിക്കുന്നതുമാണത്.
മദ്യം കേരളത്തിൽ ഗുരുതരമായ ഒരു സാമൂഹ്യ വിപത്തായി മാറിയിട്ടുണ്ടെന്നും മദ്യത്തിന്റെ ലഭ്യതയും ഉപയോഗവും പടിപടിയായി കുറയ്ക്കാൻ സഹായകരമായ നയമായിരിക്കും ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ സ്വീകരിക്കുകയെന്ന് ജനങ്ങൾക്ക് ഉറപ്പുനൽകിയ അതേ ഇടതുമുന്നണി സർക്കാരാണ് ഈ നഗ്നമായ ജനവഞ്ചന നടത്തുന്നതെന്നത് തികച്ചും വിചിത്രമാണ്. മദ്യം ഒരു അവശ്യവസ്തുവല്ലെന്നത് കഴിഞ്ഞ ‘ലോക്ക്ഡൗൺ’ കാലത്ത് തെളിയിക്കപ്പെട്ടതാണ്. അക്കാലത്ത് മദ്യശാലകൾ സമ്പൂർണ്ണമായി അടച്ചുപൂട്ടിയതിന്റെ ഫലമായി സംസ്ഥാനത്തുണ്ടായ ഗുണപരമായ മാറ്റം ആർക്കും നിഷേധിക്കാനാകില്ല. മദ്യഉപയോഗം ഇല്ലാതായതിനെത്തുടർന്ന് അതിൽപ്പെട്ടിരുന്നവരുടെ കുടുംബങ്ങൾക്കുണ്ടായ സാമ്പത്തിക നേട്ടം ശ്രദ്ധേയമായിരുന്നു. ആധികാരിക പഠനങ്ങൾതന്നെ ഇതെല്ലാം വ്യക്തമാക്കിയിട്ടുണ്ട്. അതോടൊപ്പംതന്നെ അക്കാലത്ത് കുറ്റകൃത്യങ്ങളിൽവന്ന ഗണ്യമായ കുറവ് പൊലീസിന്റെ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതെല്ലാം കണക്കിലെടുത്തുകൊണ്ട് കേരളത്തിലെ സാമൂഹിക ജീവിതം വൻദുരന്തത്തിലേയ്ക്ക് തള്ളിവിടുന്നതിനിടവരുത്തുന്ന മദ്യവ്യാപന നടപടികളിൽനിന്നും സർക്കാർ പിൻമാറണമെന്ന് സുധീരൻ അഭ്യർത്ഥിച്ചു.

Related posts

Leave a Comment