അന്യായ ശമ്പള വർധന; തീരുമാനം റദ്ദാക്കണമെന്ന് വിഎം സുധീരൻ

തിരുവനന്തപുരം: അഴിമതിക്കേസിലെ പ്രതിയും ഖാദി ബോർഡ് സെക്രട്ടറിയുമായ കെ.എ രതീഷിന് അന്യായമായി ശമ്പളം വർധിപ്പിച്ചു നൽകാനുള്ള തീരുമാനം സർക്കാർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് വി.എം സുധീരൻ മുഖ്യമന്ത്രിക്കും വ്യവസായ-ധനമന്ത്രിമാർക്കും കത്ത് നൽകി.

കത്തിന്റെ പൂർണരൂപം: അതിഗുരുതരമായ അഴിമതി ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ക്ക് തന്നിഷ്ടപ്രകാരം എന്തും നേടിയെടുക്കാമെന്ന ദുരവസ്ഥയാണ് സംസ്ഥാന സര്‍ക്കാരില്‍ വന്നിട്ടുള്ളതെന്നതിന്റെ പ്രകടമായ തെളിവാണ് ഖാദിബോര്‍ഡ് സെക്രട്ടറിയുടെ അന്യായമായ ശമ്പള വര്‍ദ്ധനവ്. ഖാദി ബോര്‍ഡ് സെക്രട്ടറിതന്നെ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഖാദി ബോര്‍ഡ് ചെയര്‍മാന്‍ കൂടിയായ വ്യവസായ മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗ തീരുമാനമെന്നത് അതി വിചിത്രമായിരിക്കുന്നു.
ഇതേ ഉദ്യോഗസ്ഥന്‍ തന്റെ ശമ്പളം എഴുപതിനായിരം രൂപയില്‍ നിന്നും ഒരു ലക്ഷത്തി എഴുപത്തയ്യായിരം രൂപയായി വര്‍ദ്ധിപ്പിച്ച് സ്വയം ഉത്തരവിറക്കിയ ഏവരേയും ഞെട്ടിപ്പിച്ച നടപടിക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നുവന്നതിനെത്തുടര്‍ന്ന് ധനവകുപ്പ് അന്നേതന്നെ തടയുകയാണുണ്ടായതെന്നാണ് മാധ്യമ റിപ്പോര്‍ട്ട്. കശുവണ്ടി കോര്‍പ്പറേഷനില്‍ എം.ഡി. ആയിരിക്കെ നടന്ന ഇടപാടുമായി ബന്ധപ്പെട്ട സി.ബി.ഐ. കേസ്സില്‍ ഒന്നാം പ്രതിയായ ഈ ഉദ്യോഗസ്ഥന് ലാവണമൊരുക്കാന്‍ സംസ്ഥാന സര്‍ക്കാരിലെ ഉന്നതങ്ങളില്‍ പ്രകടമായ അത്യുത്സാഹവും അമിതാവേശവും എത്രയോ പരിഹാസ്യമായിരുന്നു.
അതാത് കാലങ്ങളിലെ ഭരണാധികാരികളെ ‘കൈകാര്യം’ ചെയ്യുന്നതിനുള്ള ‘അസാമാന്യമായ കഴിവ്’ പ്രകടിപ്പിച്ചുവരുന്ന ഇത്തരം അഭിനവ മാനേജ്‌മെന്റ് വിദഗ്ദ്ധരായ അവതാരങ്ങളെ ഭരണതലത്തില്‍നിന്നും അകറ്റിനിര്‍ത്താന്‍ കഴിഞ്ഞില്ലെന്നത് സംസ്ഥാന ഭരണാധികാരികള്‍ക്ക് സംഭവിച്ച അപചയവും രാഷ്ട്രീയ ജീര്‍ണ്ണതയുമാണ് വ്യക്തമാക്കുന്നത്. ഇനിയെങ്കിലും തെറ്റുതിരുത്തി വ്യവസായ മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ഖാദിബോര്‍ഡ് സെക്രട്ടറിയുടെ അന്യായമായ ശമ്പള വര്‍ദ്ധനവിനെടുത്ത തീരുമാനം റദ്ദാക്കാനും ഇത്തരം വീഴ്ച സംഭവിച്ചതില്‍ ഖേദം പ്രകടിപ്പിക്കാനും സര്‍ക്കാര്‍ തയ്യാറാകണം.

Related posts

Leave a Comment