വടികൊടുത്ത് സർക്കാർ അടിവാങ്ങി: വി.എം സുധീരൻ

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസില്‍ സംസ്ഥാന സര്‍ക്കാര്‍ വടികൊടുത്ത് അടിവാങ്ങുകയായിരുന്നുവെന്ന് കെപിസിസി മുൻ പ്രസിഡന്റ് വിഎം സുധീരൻ.  സര്‍ക്കാര്‍ ഖജനാവിലെ പണം ധൂര്‍ത്തടിച്ചുകൊണ്ട്  സുപ്രീംകോടതിയില്‍നിന്നും ചോദിച്ചു വാങ്ങിയതാണ് ഈ വിധി. 2015 മാര്‍ച്ച് 13ന് അന്നത്തെ ധനകാര്യമന്ത്രിയുടെ ബജറ്റവതരണത്തെ തടസ്സപ്പെടുത്തുന്നതിന് പ്രതിപക്ഷാംഗങ്ങള്‍ നടത്തിയ കയ്യാങ്കളി ദൃശ്യമാധ്യമങ്ങളിലൂടെ ലോകംമുഴുവന്‍ കണ്ടതാണ്. രാഷ്ട്രീയ പ്രബുദ്ധമെന്ന് നാം അവകാശപ്പെടുന്ന കേരളം ലജ്ജിച്ച് തലതാഴ്‌ത്തേണ്ടിവന്ന ക്രിമിനല്‍ കുറ്റകൃത്യങ്ങളായിരുന്നു അന്നത്തെ പ്രതിപക്ഷാംഗങ്ങളുടേത്. പാര്‍ലമെന്ററി ചരിത്രത്തിലെ കറുത്തഅദ്ധ്യായമായിരുന്നു അന്നേദിവസം രചിക്കപ്പെട്ടത്. കേരളത്തിന് തീരാകളങ്കം വരുത്തിയ ഈ സംഭവുമായി ബന്ധപ്പെട്ട കേസ്സുകള്‍ പിന്‍വലിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം തള്ളിക്കൊണ്ടാണ് സുപ്രീംകോടതി വിധി വന്നിട്ടുള്ളത്.
     ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നടപടി തെറ്റാണെന്ന് പറഞ്ഞുകൊണ്ട് സുപ്രീംകോടതി നടത്തിയ നിരീക്ഷണം അതീവ ഗൗരവത്തോടെ കാണണം. നിയമവാഴ്ചയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം ഊട്ടിഉറപ്പിക്കുന്നതാണ് സുപ്രീംകോടതിയുടെ ഈ വിധി.      ഇതോടെ തെറ്റായകാര്യത്തിനുവേണ്ടി സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാര്‍ പ്രതിക്കൂട്ടിലായിരിക്കയാണ്. പൊതുമുതല്‍ ദുര്‍വ്യയം ചെയ്ത് തെറ്റായകാര്യത്തിനുവേണ്ടി സുപ്രീംകോടതിയെ സമീപിച്ച സര്‍ക്കാര്‍ നടപടിയുടെ ഉത്തരവാദിത്തത്തില്‍ നിന്നും മുഖ്യമന്ത്രിക്ക് ഒഴിഞ്ഞുമാറാനാവില്ല. അതുകൊണ്ട് വിധിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ജനങ്ങളോട് മാപ്പുപറയണം. നിയമസഭാ കയ്യാങ്കളി കേസ്സില്‍ പ്രതികള്‍ വിചാരണ നേരിടണമെന്ന വിധിയുടെ അന്തസത്ത ഉള്‍ക്കൊണ്ടുകൊണ്ട് വിചാരണയ്ക്ക് വിധേയനാകേണ്ടിവരുന്ന സംസ്ഥാന വിദ്യാഭ്യാസ മന്ത്രിക്ക് തൽസ്ഥാനത്ത് തുടരാനുള്ള ധാര്‍മികമായ അര്‍ഹത നഷ്ടപ്പെട്ടിരിക്കുകയാണ്. ഉടനടി അദ്ദേഹം രാജിവെയ്ക്കണം.
സംസ്ഥാനത്തിന്റെ പൊതുസമ്പത്ത് തെറ്റായകാര്യത്തിനുവേണ്ടി ദുര്‍വിനിയോഗം ചെയ്യുന്നതിന് കാര്‍മികത്വംവഹിച്ച മുഖ്യമന്ത്രിക്ക് ഈ കേസ്സിനുവേണ്ടി ചെലവഴിച്ച മുഴുവന്‍പണവും ഖജനാവില്‍ തിരിച്ചടയ്ക്കാനുള്ള ബാധ്യതയുണ്ട്. അതുനിറവേറ്റാന്‍ അദ്ദേഹം തയ്യാറായേ മതിയാകൂ. ചരിത്രവിധിയാണ് സുപ്രീംകോടതിയുടേത്. ഈ വിധിയില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ട് സ്വയം വിമര്‍ശനപരമായി വിലയിരുത്തി തെറ്റായ പ്രവര്‍ത്ത ശൈലിയില്‍നിന്നും നടപടികളില്‍നിന്നും പിന്തിരിയാന്‍ ഭരണാധികാരികളും നിയമനിര്‍മ്മാണ സഭകളുമായി ബന്ധപ്പെട്ട എല്ലാവരും തയ്യാറാകണം. സ്വാഭാവികമായും ഈ വിധി അതിനു വഴിയൊരുക്കുമെന്നതില്‍ സംശയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Related posts

Leave a Comment