സ്ത്രീ സുരക്ഷ; ഗവർണർക്ക് ഉപവസിക്കേണ്ടിവരുന്ന അവസ്ഥയെന്ന് സുധീരൻ.

തിരുവനന്തപുരം: സ്ത്രീ സുരക്ഷിത കേരളത്തിനു വേണ്ടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉപവസിക്കേണ്ടി വരുന്ന തലത്തിലേക്ക് കേരളം എത്തിയെന്ന് മുൻ കെപിസിസി പ്രസിഡന്റ് വി.എം സുധീരൻ. സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ വർധിച്ചു വരുന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ ഉൾക്കൊള്ളുന്ന  പോലീസിൻ്റെ ക്രൈം റെക്കോർഡ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തു വന്നതിന് പിന്നാലെയാണ് ഈ അസാധാരണ നടപടിയെന്നത് അതീവ ഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു-സുധീരൻ പറഞ്ഞു.
സ്ത്രീകൾക്കും കുട്ടികൾക്കും നേരെ ഭീതിജനകമായ രീതിയിൽ പെരുകി വരുന്ന അതിക്രമ വ്യാപാനങ്ങൾക്കെതിരെ കണ്ണുതുറന്ന് കാര്യക്ഷമതയോടെ പ്രവർത്തിക്കാൻ ഗവർണറുടെ ഉപവാസം സംസ്ഥാന സർക്കാരിന് പ്രേരകമാകട്ടെ.   ഉപവസിക്കുന്നതിനോടൊപ്പം തന്നെ സംസ്ഥാന ഭരണത്തലവനെന്ന നിലയിൽ മുഖ്യമന്ത്രിയെയും ബന്ധപ്പെട്ട മന്ത്രിസഭാംഗങ്ങളെയും ചീഫ് സെക്രട്ടറിയെയും വിളിച്ചുവരുത്തി സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ തനിക്കുള്ള ആശങ്കകൾ നേരിട്ടറിയിക്കാനും ജനങ്ങളെ ബോധ്യപ്പെടുത്തുന്ന നിലയിൽ ശക്തവും ഫലപ്രദവുമായ സ്ത്രീ സുരക്ഷാ നടപടികളിലേക്ക് അവരെ നയിക്കുന്ന നിലയിൽ പ്രസക്തമായ ഉപദേശങ്ങൾ നൽകാനുമുള്ള തൻ്റെ ഭരണഘടനാപരമായ ബാധ്യത നിറവേറ്റാനും കൂടി ഗവർണർ തയ്യാറാകണമെന്നാണ് എൻ്റെ അഭ്യർത്ഥനയെന്നും സുധീരൻ പറഞ്ഞു.

Related posts

Leave a Comment