റിയാദിലെ പ്രഥമ കോൺഗ്രസ് സംഘടനയുടെ സ്ഥാപക നേതാവ് വി എം കമ്മദ് ഹാജി അന്തരിച്ചു

റിയാദ് : മൂന്നു പതിറ്റാണ്ടു മുമ്പ് കോൺഗ്രസ് പ്രവർത്തകരെ ഒരുമിച്ചു കൂട്ടി പ്രഥമ കോൺഗ്രസ് അനുകൂല സംഘടന കെട്ടിപ്പടുക്കുന്നതിൽ മുൻ നിരയിൽ പ്രവർത്തിച്ച വി എം കമ്മദ് ഹാജി (70 ) അന്തരിച്ചു.

അബ്ദുൾറഹ്മാൻ പെരുമണ്ണ, മൊയ്തുകൂട്ടി സാഹിബ് , ഷംസുദ്ദീൻ, ബാവ വാഴക്കാട് എന്നിവർക്കൊപ്പം മുഖ്യ പങ്കു വഹിച്ചു.സംഘടനയുടെ പ്രഥമ വൈസ് പ്രസിഡന്റ് കൂടിയായിരുന്നു അദ്ദേഹം.  ജീവ കാരുണ്യ രംഗത്ത് സജീവമായിരുന്ന കമ്മദ് ഹാജിയുടെ പ്രവർത്തന മികവ് 1997 ലെ പൊതുമാപ്പ് സമയത്തു പ്രയാസത്തിലായിരുന്ന   മലയാളികൾ അനുഭവിച്ചറിഞ്ഞതാണ്.

കോഴിക്കോട് കായലം പള്ളിത്താഴം സ്വദേശിയായ വെള്ളായിക്കോട്ട് മണ്ണിൽ കമ്മദ് ഹാജി 2005 ൽ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങി.നാട്ടിൽ ബിസിനസ് ചെയ്തു വരവെയാണ് ഇന്ന് രാവിലെ അന്ത്യം സംഭവിച്ചത്. കായലം ജുമാ മസ്ജിദിൽ ഖബറടക്കം നടത്തി.

ഖദീജ (ഭാര്യ) ഫാത്തിമ ബീഗം, ആയിഷ ഷിബിലി , കുഞ്ഞിമുഹമ്മദ്, ഹാജറ സംസം, ഫർസാന എന്നിവർ മക്കളാണ്.  നാസ്സർ (റിയാദ്), നജീബ് (ബഹ്‌റൈൻ) ഫൈസൽ (റിയാദ്) സെമി (ദമ്മാം) സുഹിത എന്നിവർ മരുമക്കളാണ്.

സംഘടനാ പ്രവർത്തനങ്ങൾ ഏറെ ദുഷ്ക്കരമായിരുന്ന കാലഘട്ടത്തിൽ,  പാർട്ടിയോടുള്ള സ്നേഹം ഒന്ന് കൊണ്ട് മാത്രം പ്രവർത്തകർക്കായി ഒരു കൂട്ടായ്മ ഒരുക്കിയ  കമ്മദ് ഹാജി അടക്കമുള്ള നേതാക്കൾ തെളിയിച്ച വഴികൾ ആണ് ഇന്നും ഒഐസിസി ക്കു പ്രവർത്തിക്കാനുള്ള ഊർജം നൽകുന്നതെന്നും അദ്ദേത്തിന്റെ സംഘടനാ മികവും ലാളിത്യവും അനുകരണീയവുമാണെന്നും  ഒഐസിസി നാഷണൽ കമ്മറ്റിയും ഒഐസിസി റിയാദ് സെൻട്രൽ കമ്മറ്റിയും അനുശോചന കുറിപ്പിൽ അറിയിച്ചു.

Related posts

Leave a Comment