സിറോ സർവേ; കൂടുതൽ പഠനം വേണമെന്ന് വിഷ്ണുനാഥ്

തിരുവനന്തപുരം∙ സംസ്ഥാന സർക്കാർ പുറത്തുവിട്ട സിറോ സർവൈലൻസ് കണക്കുകൾ കോവിഡ് വ്യാപനം സംബന്ധിച്ച കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നു ബോധ്യപ്പെടുത്തുന്നതാണെന്ന് പി.സി വിഷ്ണുനാഥ് എംഎൽഎ. കോവിഡ് ഭരണകക്ഷിയുടെ പ്രതിച്ഛായയുടെ പ്രശ്നമല്ലെന്നും കേരളത്തെ പൊതുജനാരോഗ്യ പ്രശ്നമാണ്. രോഗവ്യാപനം നിയന്ത്രിക്കാൻ സാധിക്കാത്തതിന്റെ കാരണങ്ങള്‍ ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കണമെന്നും അദ്ദേഹം സമൂഹ മാധ്യമത്തിൽ എഴുതിയ കുറിപ്പിൽ ആവശ്യപ്പെട്ടു.
കുറിപ്പിന്റെ പൂർണരൂപം:
കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ടു സംസ്ഥാന സർക്കാർ പുറത്തുവിട്ട സിറോ സർവൈലൻസ് കണക്കുകൾ, കോവിഡ് വ്യാപനം സംബന്ധിച്ചു കേരളത്തിൽ കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നു ബോധ്യപ്പെടുത്തുന്നതാണ്. 1 മുതൽ 17 വയസ്സ് വരെയുള്ള കുട്ടികളിൽ 40% പേർക്ക് കോവിഡ് വന്നുപോയി എന്നാണ് സിറോ പോസിറ്റിവിറ്റി ഫലങ്ങൾ സൂചിപ്പിക്കുന്നത്. ഈ പ്രായത്തിലുള്ള ആർക്കും വാക്സീനിലൂടെയുള്ള ആന്റി ബോഡി ലഭ്യമായിട്ടില്ല. കുഞ്ഞുങ്ങൾക്കു വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞു കിടന്നിട്ടും കോവിഡ് വന്നുപോയി എന്ന സൂചന കണക്കുകൾ നൽകുന്നു. ഹോം ഐസലേഷന്റെ പരാജയം ഇതിനൊരു കാരണമായി കണക്കാക്കേണ്ടിവരും.
18 മുതൽ 45 വയസ്സ് വരെ പ്രായമുള്ളവരിൽ 82% പേർക്ക് സിറോ പോസിറ്റിവിറ്റി കണ്ടെത്തിയിരിക്കുന്നു. അവരിൽ വാക്സീൻ വഴി ആന്റിബോഡി സാന്നിധ്യം ഉണ്ടായവരും ടെസ്റ്റ്‌ ചെയ്തു രോഗം കണ്ടെത്തിയവരും തിരിച്ചറിയാതെ രോഗം വന്നു പോയവരും ഉണ്ടാവും. എന്നാൽ 82% പേർക്ക് ആന്റി ബോഡി ഉണ്ടായിട്ടും, ഇപ്പോഴും കേരളത്തിന്റെ ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് 13 ആണ്. ഇന്നലെ രാജ്യത്തു റിപ്പോർട്ട്‌ ചെയ്ത 18,000 കേസുകളിൽ 10,000 നു മുകളിൽ കേസ് കേരളത്തിൽ നിന്നാണ്. ഇന്നലെ രാജ്യത്ത് മരിച്ച 195 പേരിൽ 85 പേർ കേരളത്തിൽ നിന്നാണ്.
രോഗവ്യാപനം ഈ നിലയിൽ കേരളത്തിൽ മാത്രം തുടരുന്നതിന്റെ കാരണത്തെക്കുറിച്ചു സുതാര്യമായി പഠനം നടത്തി ജനങ്ങളെ ബോധ്യപ്പെടുത്തണം. ഭരണകക്ഷിയുടെ പ്രതിച്ഛായയുടെ പ്രശ്നമല്ല, കേരളത്തിലെ പൊതുജനാരോഗ്യ പ്രശ്നമാണ് കോവിഡ്. മരണക്കണക്ക് ജനങ്ങളിൽ നിന്നും പൂഴ്ത്തിവയ്ക്കാൻ ശ്രമിച്ചതു തിരുത്തുമെന്ന് പറഞ്ഞതുപോലെ രോഗവ്യാപനം നിയന്ത്രിക്കാൻ സാധിക്കാത്തതിന്റെ കാരണങ്ങളും സുതാര്യമായി ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കണം.

Related posts

Leave a Comment