വൈറസ് ബാധയേറ്റ മൂന്ന് ആനക്കുട്ടികളും സുഖം പ്രാപിച്ചു

തിരുവനന്തപുരം: കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തിൽ ഹെർപ്പിസ് വൈറസ് ബാധയേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന മൂന്ന് ആനക്കുട്ടികളും സുഖം പ്രാപ്രിച്ചു. കണ്ണനും പൊടിച്ചിയും ആമിനയും ദിവസങ്ങളോളം നീണ്ട ചികിത്സയ്ക്ക് ഒടുവിലാണ് സുഖം പ്രാപിച്ചത്. വൈറസ് സ്ഥിരീകരിച്ചതിന് പിന്നാലെ വൈറസ് ബാധിതരായ ആനകളെ പ്രത്യേക ഇടങ്ങളിലേക്ക് മാറ്റിയിരുന്നു. മറ്റ് ആനകളുമായി സമ്പര്‍ക്കത്തില്‍ വരാത്ത രീതിയിലാണ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയത്. വൈറസ് ബാധിതരായ ആനകളെ പ്രത്യേകമായി നിരീക്ഷിച്ചാണ് ചികിത്സ ഏര്‍പ്പെടുത്തിയത്. ചികിത്സയ്ക്ക് ആവശ്യമായ മരുന്നുകള്‍ പുറത്തുനിന്നും കൃത്യമായി എത്തിച്ചു. പ്രത്യേക മെഡിക്കല്‍ സംഘത്തിന്റെ സമയോചിതമായ ഇടപെടലും വിദഗ്ധ ചികിത്സയും ആണ് ആനക്കുട്ടികളെ രക്ഷിച്ചെടുക്കാന്‍ സഹായിച്ചത്.
ജൂൺ 29ന് ശ്രീക്കുട്ടിയെന്ന കുട്ടിയാനയും പിന്നീട് അർജുൻ എന്ന ആനക്കുട്ടിയും കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തിൽ വൈറസ് ബാധയെ തുടർന്ന് ചരിഞ്ഞിരുന്നു. തുടർന്നുള്ള പരിശോധനയിലാണ് മറ്റ് മൂന്ന് ആനക്കുട്ടികൾക്കും വൈറസ് ബാധ കണ്ടെത്തിയത്. ഹെര്‍പിസ് വൈറസ് ബാധിച്ചാല്‍ പരമാവധി 24 മണിക്കൂര്‍ മാത്രമേ ആനകള്‍ക്ക് ജീവന്‍ ഉണ്ടാകൂവെന്നാണ് വെറ്റിനറി ഡോക്ടർമാർ പറയുന്നത്. വൈറസ് ബാധയേറ്റ ശ്രീക്കുട്ടിയും അർജുനും 24 മണിക്കൂറിനുള്ളിൽ തന്നെ ചരിയുകയും ചെയ്തു. ഈ കുട്ടിയാനകൾക്ക് ചികിൽസ നല്‍കാനുള്ള സമയം പോലും മെഡിക്കല്‍ സംഘത്തിന് ലഭിച്ചിരുന്നില്ല. ഇതിനുപിന്നാലെയാണ് അതിവേഗം പടരുന്ന വൈറസ് മറ്റ് ആന കുട്ടികളിലേക്കും പടര്‍ന്നത്. ഇതില്‍ അതീവ ഗുരുതരാവസ്ഥയിലായിരുന്ന കണ്ണന്റെ തിരിച്ചുവരവാണ് പ്രത്യേക മെഡിക്കല്‍ സംഘത്തിന് കൂടുതല്‍ സന്തോഷമേകുന്നത്.
കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തില്‍ വൈറസ് റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെ പ്രത്യേക മെഡിക്കല്‍ സംഘത്തെ രൂപീകരിച്ചിരുന്നു. ചീഫ് ഫോറസ്റ്റ് വെറ്റിനറി ഓഫീസര്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള പ്രത്യേക മെഡിക്കല്‍ സംഘം ആണ് ആനകളെ ചികിത്സിച്ചത്.
ആനക്കുട്ടികള്‍ രോഗമുക്തി നേടിയെങ്കിലും വൈറസിന് ശേഷമുള്ള ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. ആമിനയുടെയും പൊടിച്ചിയുടെയും ആരോഗ്യപ്രശ്നങ്ങള്‍ ഗുരുതരമല്ല. എന്നാല്‍ അതീവ ഗുരുതരാവസ്ഥയില്‍ നിന്നും തിരിച്ചെത്തിയ കണ്ണന്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാണ് നേരിടുന്നത്. അതിനാല്‍ ആരോഗ്യ പ്രശ്നങ്ങള്‍ അതീവ ഗുരുതരമാകാതിരികാനുള്ള പ്രവര്‍ത്തനങ്ങള്‍ മെഡിക്കല്‍ സംഘത്തിന്റെ ഭാഗത്തുനിന്ന് തുടരുകയാണ്. അതേസമയം രണ്ട് ആനകളെ കൂടി നിരീക്ഷണത്തിലേക്ക് മാറ്റിയെങ്കിലും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിട്ടില്ല. കഴിഞ്ഞമാസം കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തെ ഞെട്ടിച്ചു കൊണ്ടാണ് വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടത്. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ വൈറസ് ബാധയെ പിടിച്ചുകെട്ടാന്‍ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് പ്രത്യേക മെഡിക്കല്‍ സംഘം. വൈറസ് ബാധ മറ്റ് ആനകളിലേക്ക് പടരാതിരിക്കാനുള്ള ജാഗ്രതയും മെഡിക്കല്‍ സംഘത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുണ്ട്. വൈറസിന് ശേഷമുള്ള ആനകളുടെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച്‌ പഠിക്കുന്നതിനാല്‍ വരും ദിവസങ്ങളിലും പ്രവര്‍ത്തനം തുടരാനാണ് പ്രത്യേക മെഡിക്കല്‍ സംഘത്തിന്റെ തീരുമാനം.

Related posts

Leave a Comment