ന്യൂഡൽഹി: ‘സിൽവർ ലൈൻ’ പാതക്ക് അനുമതി നൽകണമെന്ന ആവശ്യത്തെ ചൊല്ലി രാജ്യസഭയിൽ ബഹളം.സി.പി.എം രാജ്യസഭാ നേതാവ് എളമരം കരീമിൻറെ ആവശ്യം അനുവദിക്കരുതെന്ന് പറഞ്ഞ് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ രംഗത്തുവന്നു. അതേക്കുറിച്ച് സഭയിൽ വിവാദം വേണ്ടെന്നും സർക്കാർ പദ്ധതി പഠിക്കട്ടെയെന്നും ഗുണദോഷങ്ങൾ എല്ലാം പരിശോധിച്ച് അന്തിമ തീരുമാനം എടുക്കട്ടെ എന്നും പറഞ്ഞ് രാജ്യസഭാ ചെയർമാൻ വെങ്കയ്യ നായിഡു ബഹളത്തിന് തടയിട്ടു.
പദ്ധതിയുടെ തയാറടെുപ്പിനുള്ള പ്രവർത്തനങ്ങൾ മുന്നോട്ടുപോകുകയാണെന്ന് കൂടി കരീം പറഞ്ഞതോടെ വേണുഗോപാൽ പ്രതിഷേധവുമായി എഴുന്നേറ്റു. അതിനെ കരീം ചോദ്യം ചെയ്തപ്പോൾ എല്ലാവർക്കും അവരുടെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് പറഞ്ഞ് നായിഡു തള്ളി.പരിസ്ഥിതിക്ക് ഈ പദ്ധതി വരുത്തുന്ന ആഘാതങ്ങൾ പരിഗണിക്കാതെ കേരള സർക്കാർ ജനങ്ങൾക്ക് മേൽ അടിച്ചേൽപിക്കുകയാണെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു. കേരളം ഒന്നടങ്കം ഈ പദ്ധതിക്ക് എതിരാണെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു.