സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള പീഡനങ്ങള്‍ തുടര്‍കഥയാകുന്നു. അഞ്ച് വര്‍ഷത്തിനിടെ 16,656 ബലാത്സംഗ കേസുകള്‍ : 6223 കേസുകളിലും ഇരകള്‍ കുട്ടികള്‍

രേഷ്മ സുരേന്ദ്രന്‍

കോഴിക്കോട്: കരുതലും കരുണയുമില്ല കാടാത്തം മാത്രം. സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ ക്രമാതീതമായി വര്‍ധിച്ചതായി റിപ്പോര്‍ട്ടുകള്‍. എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലേറി 2016 മുതല്‍ തുടര്‍ഭരണം വന്ന 2021 മെയ് വരെ സംസ്ഥാനത്ത് 16,656 ബലാത്സംഗ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ 10433 കേസുകളില്‍ ഇരയായിട്ടുള്ളത് സ്ത്രീകളാണെങ്കില്‍ 6223 കേസുകളില്‍ കുട്ടികളാണ് ഇരയായതെന്നതാണ് ഞെട്ടിപ്പിക്കുന്ന കണക്കുകള്‍. പ്രതികളെ സംരക്ഷിക്കുന്നതും ഇരകൾക്ക് സംരക്ഷണം നൽകാത്തതുമാണ് കുറ്റകൃത്യം കൂടാൻ പ്രധാന കാരണം.
കേരള പൊലീസിന്റെ വെബ്സൈറ്റില്‍ നല്‍കുന്ന കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ സ്ത്രീകള്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങളില്‍ വന്‍ വര്‍ധനവുണ്ടായതായും വ്യക്തമാക്കുന്നു. സംസ്ഥാനത്ത് 2016ല്‍ (1656 കേസുകള്‍) , 2017ല്‍ (2003 കേസ് ), 2018ല്‍(2005കേസ്), 2019(2076 കേസ്), 2020(1807),2021 മെയ് വരെ (886) ബലാത്സംഗ കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കുട്ടികള്‍ ഇരയായ ബലാത്സംഗ കേസുകള്‍ – 2016ല്‍ (958), 2017 (1045), 2018 (1137), 2019( 1313), 2020(1143), 2021 മെയ് (627)എന്നിങ്ങനെയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. സാക്ഷരതയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കേരളത്തില്‍ ഒരു വര്‍ഷം ശരാശരി 2000ത്തില്‍ അധികം ബലാത്സംഗ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതായി ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ രേഖകളിലൂടെ വ്യക്തമാകുന്നുണ്ട്. സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിന് പ്രധാന്യം നല്‍കുമെന്ന് പ്രഖ്യാപനങ്ങള്‍ നടത്തി എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെ ഓരോ വര്‍ഷവും ബലാത്സംഗങ്ങളുടെ എണ്ണത്തില്‍ ആശങ്ക ഉയര്‍ത്തുന്ന തരത്തിലാണ് വര്‍ധനവുണ്ടായത്. കേരളത്തെ നടുക്കിയ വാളയാര്‍ പീഡനത്തിന് ശേഷം മറ്റൊരു ആഘാതമായി മാറിയിരിക്കുകയാണ് വണ്ടിപെരിയാറിലെ ആറുവയസുകാരിയുടെ കൊലപാതകം.ആറുവയസുള്ള കുഞ്ഞ് മൂന്ന് വര്‍ഷത്തോളമാണ് വണ്ടിപ്പെരിയാറില്‍ പീഡിപ്പിക്കപ്പെട്ടത്. വാളയാറിലെ പെണ്‍കുട്ടികളുടെ അമ്മ നീതിക്കായി പോരാടുമ്പോഴാണ് വണ്ടി പെരിയാറില്‍ മറ്റൊരു ക്രൂരത അരങ്ങേറിയത്. സംസ്ഥാനത്ത് ഇതു വരെ 43 കുരുന്നുജീവനകളാണ് ക്രൂരതയില്‍ പൊലിഞ്ഞത്. വാളയാറും വണ്ടിപ്പെരിയാറും കടന്ന് കുതിക്കുന്ന പീഡന പരമ്പരകള്‍ ഒറ്റപ്പെട്ട പ്രതിഷേധങ്ങള്‍ക്കപ്പുറം ആഴത്തിലുള്ള ചിന്തയും ഇടപെടലും ആവശ്യപ്പെടുന്നതാണെന്ന് തെളിവുകള്‍ വ്യക്തമാകുമ്പോഴും സര്‍ക്കാര്‍ മൗനം തുടരുകയാണ്.

Related posts

Leave a Comment