‘2ജി അഴിമതി വിനോദ് റായിയും ബിജെപിയും ചമച്ച കെട്ടുകഥ; രാജ്യത്തോട് മാപ്പ് പറയണം: സച്ചിൻ പൈലറ്റ്

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെയും യുപിഎ സർക്കാരിനെയും തകർക്കുകയെന്ന ഉദ്ദേശ്യത്തോടെ മുൻ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) വിനോദ് റായിയും ബിജെപിയും ചമച്ച കെട്ടുകഥയാണ് 2ജി അഴിമതിയെന്ന് കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സച്ചിൻ പൈലറ്റ്.

‘1500 പേജ് വിധിപ്പകർപ്പും 1.76 ലക്ഷം കോടി അഴിമതിയെന്ന് ഉയർത്തിക്കാട്ടിയ ഓഡിറ്റ് റിപ്പോർട്ടും കൽക്കരി അഴിമതിയും യുപിഎ ഭരണം അട്ടിമറിക്കാനുള്ള ഉപകരണങ്ങൾ മാത്രമായിരുന്നു. ബിജെപിയും മുൻ സിഎജി വിനോദ് റായിയുമാണ് ഇതിനു വേണ്ടി പ്രവർത്തിച്ചത്. താൻ നുണ പറഞ്ഞുവെന്നും താൻ സമർപ്പിച്ച റിപ്പോർട്ടിൽ വസ്തുതാപരമായ പിഴവുകൾ ഉണ്ടായിരുന്നുവെന്നും വിനോദ് റായ് തുറന്നു സമ്മതിച്ചിരിക്കുകയാണ്’- പൈലറ്റ് മാധ്യമങ്ങളോട് പറഞ്ഞു. മൻമോഹൻ സിങ് സർക്കാരിനെ താഴെയിറക്കാനുള്ള കള്ളക്കഥ മുൻ സിഎജി മെനയുകയും അതിനെ മുതലെടുത്ത് ഒച്ചപ്പാട് സൃഷ്ടിക്കുകയുമാണ് ബിജെപി ചെയ്‌തത്‌. എന്നാൽ മൻമോഹൻ സർക്കാർ സംശുദ്ധവും സത്യസന്ധവുമായ ഭരണമാണ് കാഴ്‌ച വച്ചതെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി നേതൃത്വവും രാജ്യത്തോട് മാപ്പ് ചോദിക്കണമെന്നും പൈലറ്റ് കൂട്ടിച്ചേർത്തു.

Related posts

Leave a Comment