Cinema
വിനാശ കാലേ വിപരീത ബുദ്ധി
കുമ്മട്ടിപ്പാടം എന്ന രാജീവ് രവി ചലച്ചിത്രത്തിലെ ഗംഗ എന്ന ഒരൊറ്റ കഥാപാത്രം മതി വിനായകൻ എന്ന നടനെ പ്രേക്ഷക മനസിൽ പ്രതിഷ്ഠിക്കാൻ. അത്രയ്ക്ക് അനുഭവ തീവ്രമാണ് ഈ നടന്റെ അഭിനവ വൈഭവം. അതേ സമയം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിലാപയാത്ര തിരുവനന്തപുരത്തു നിന്ന് കോട്ടയത്തേക്ക് പോകുമ്പോൾ അദ്ദേഹം ടെലികാസ്റ്റ് ചെയ്ത ഒരൊറ്റ ഫെയ്സ് ബുക്ക് ലൈവ് മാത്രം മതി വിനായകനെന്ന നടന്റെ സാംസ്കാരിക വൈകൃതം എത്ര നികൃഷ്ടവും നിന്ദ്യവുമാണെന്ന് ബോധ്യപ്പെടാൻ. കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളായി ഈ നടൻ സമൂഹ മാധ്യമങ്ങളിലൂടെ വേട്ടയാടുന്നതിന്റെ കാരണവും വേറൊന്നല്ല.
എന്തിനാണ് വിനായകൻ വടികൊടുത്ത് അടി വാങ്ങിയതെന്ന് അറിയില്ല. പക്ഷേ, തന്റെ കരിയറിൽ ഇനിയൊരു തിരിച്ചുവരവ് അസാധ്യമാക്കുന്ന തരത്തിലാണ് വിനായകനെ പ്രേക്ഷക സമൂഹം റേറ്റ് ചെയ്യുന്നത്. വിനായകനോട് ഉമ്മൻ ചാണ്ടിയുടെ കുടുംബം പൊറുത്തതു കൊണ്ട് അദ്ദേഹം നിയമ നടപടികളിൽ നിന്നു രക്ഷപ്പെട്ടേക്കാം. പക്ഷേ, ഉമ്മൻ ചാണ്ടിയെ സ്നേഹിക്കുന്നവരുടെ മനസിനേറ്റ മുറിവുണക്കാൻ വിനായകന് അത്ര പെട്ടെന്നു കഴിയില്ല.
വളരെ അസാധാരണമായ സാഹചര്യങ്ങളിൽ നിന്ന് സ്വന്തം കഴിവു കൊണ്ടു വളർന്ന നടനാണ് വിനായകൻ. വെള്ളിത്തിരയിലെ വെള്ളിവെളിച്ചത്തെക്കാൾ കൊച്ചി നഗരത്തിലെ ചേരികളിൽ തെളിയുന്ന ചെരാതിന്റെ വെളിച്ചം മാത്രമേ ആ മുഖത്തുള്ളൂ. കൊച്ചി നഗരത്തിന്റെ മലീമസമായ വൈകൃതങ്ങളെല്ലാം വിനായകൻ നേരിട്ടനുഭവിച്ചിട്ടുണ്ട്. അതിന്റെ കുറവെല്ലാം ഈ നടനിലുണ്ടുതാനും.
നൂറോളം ചിത്രങ്ങളിൽ നിറഞ്ഞു നിന്ന വിനായകനെ ഇന്നു കേരളീയ പൊതു സമൂഹം വളരെ പെട്ടെന്നു തിരിച്ചറിയുന്നുണ്ട്. സെലിബ്രിറ്റി പരിവേഷവുമുണ്ട്. പക്ഷേ, അനവസരത്തിൽ അദ്ദേഹത്തിനു പറ്റിയ നാവു ദോഷം- അല്ല ശുദ്ധ വിവരക്കേട്- അദ്ദേഹത്തിന്റെ നിലവാരത്തിനു തീരെ പറ്റിയതായിരുന്നില്ല.
നല്ല സിനിമകളുടെയും സിനമക്കാരുടെയും നാടാണ് കൊല്ലം. ഓഎൻവി കുറുപ്പിനെപ്പോലുള്ള കവികളും ജി. ദേവരാജൻ, രവീന്ദ്രൻ തുടങ്ങിയ സംഗീത സംവിധായകരും കെ.പി കൊട്ടാരക്കര, കെ. രവീന്ദ്ര നാഥൻ നായർ തുടങ്ങിയ നിർമാതാക്കളും ബാലചന്ദ്ര മേനോൻ, ബൈജു കൊട്ടാരക്കര തുടങ്ങിയ സംവിധായകരും കൊട്ടാരക്കര ശ്രീധരൻ നായർ, ജയൻ, തുടങ്ങിയ നടന്മാരും ഉർവശി, കല്പന, കലാരഞ്ജിനി, അമ്പിളി തുങ്ങിയ നടിമാരുമൊക്കെ കൊല്ലത്തിന്റെ സൃഷ്ടികളാണ്. അവരോരുത്തരും തുറന്നിട്ട സാംസ്കാരിക വഴികളിലൊരിടത്തും വിനായകനെപ്പോലൊരാളുടെ മനോവൈകൃതം കാണാനില്ല. അതുകൊണ്ടാവണം, ഉമ്മൻ ചാണ്ടിക്കെതിരേ വിനായകന്റെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതു മുതൽ കൊല്ലത്ത് വലിയ പ്രതിഷേധമാണ് ഉയർന്നത്. നഗരത്തിലെ ഒരു കൂട്ടം ചെറുപ്പക്കാർ കഴിഞ്ഞ ദിവസം വീക്ഷണം ഓഫീസിലെത്തി ഒരു പ്രസ്താവന തന്നു. വിനായകൻ അഭിനയിക്കുന്ന ചലച്ചിത്രങ്ങൾ ബഹിഷ്കരിക്കണമെന്നായിരുന്നു അതിലെ ആഹ്വാനം. ഈ വികാരം ഒറ്റപ്പെട്ടതാണെന്നു പറയാൻ വയ്യ. ഇത്തരത്തിൽ ലക്ഷക്കണക്കിന് ഫെയ്സ് ബുക്ക് ആഹ്വാനങ്ങളാണ് കഴിഞ്ഞ ദിവസം വന്നത്. അതു സഹിക്കാം. കാണുന്ന മാത്രയിൽ വിനായകനെ കൈ വയ്ക്കണമെന്ന് ആഹ്വാനം ചെയ്തവരും കുറവല്ല. ആഹ്വാനം ചെയ്തു എന്നു മാത്രമല്ല, നടന്റെ കൊച്ചിയിലെ ഫ്ലാറ്റിനു നേരേ ആക്രമണം വരെയുണ്ടായി.
ഇതെല്ലാം തിരിച്ചറിഞ്ഞാവണം, തനിക്ക് തെറ്റുപറ്റിയെന്ന് വിനായകന് തുറന്നു സമ്മതിക്കേണ്ടി വന്നു. അപ്പോഴത്തെ മാനസികാവസ്ഥയിൽ ചെയ്തു പോയതാണെന്നും നടൻ പരിതപിക്കുന്നു. പക്ഷേ, ഇനിയെങ്കിലും വിനായകൻ അവസരത്തിനൊത്തുയരണം. മികച്ച നടനുള്ള സംസ്ഥാന പുരക്സാരം നേടിയപ്പോൾ കേരളം അപ്പാടെ വിനായകനെ പിന്തുണച്ചത്, സാധാരണ സാഹചര്യങ്ങളിൽ നിന്നു വളർന്നു വന്ന് കഴിവു തെളിയിച്ച പ്രതിഭ എന്ന നിലയിലാണ്. ഈ ബഹുമതി നിലനിർത്താനുള്ള ബാധ്യത മറ്റാർക്കുമല്ല, വിനായകനു തന്നെയെന്നു കൂടി ഓർമിപ്പിക്കട്ടെ.
വിനായകനെക്കാൾ വലിയ അപരാധമാണ് കുന്നത്തൂർ കളത്തൂർ വീട്ടിൽ ആർ.രാജേഷ് കുമാർ ചെയ്തത്. സർക്കാർ ജീവനക്കാരനാണിയാൾ.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ചതിന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം റൂറൽ എസ്.പിയുടെ നിർദ്ദേശപ്രകാരം ശാസ്താംകോട്ട എസ്.എച്ച്.ഒ ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.
യൂത്ത് കോൺഗ്രസ് നേതാക്കളായ ഹരി പുത്തനമ്പലം, ഹരികുമാർ കുന്നത്തൂർ എന്നിവർ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, പൊതുമരാമത്ത് വകുപ്പു മന്ത്രി, ഡിജിപി,കൊല്ലം റൂറൽ എസ്.പി എന്നിവർക്ക് പരാതി നൽകിയിരുന്നു. തുടർന്നാണ് നടപടി. വിനായകനും രാജേഷുമൊന്നും ഉമ്മൻ ചാണ്ടിയുടെ രാഷ്‌ട്രീം മാനിക്കേണ്ട. 11.6 ലക്ഷം സാധാരണക്കാരുടെ ജീവിതത്തിലേക്കു വെളിച്ചം വിതറിയ ജന സമ്പർക്ക പരിപാടി എന്ന ജനകീയ വിപ്ലവത്തിന്റെ വില മനസിലാക്കിയാൽ മതി ഉമ്മൻ ചാണ്ടിയെ പൂവിട്ടു പൂജിക്കും. അതു തിരിച്ചറിഞ്ഞവരാണ് അദ്ദേഹത്തിന്റെ ഭൗതിക ശരീരം വഹിച്ചു കൊണ്ടു പോയ വാഹനത്തിനു പിന്നാലെ അലമുറയിട്ട് ഓടി നടന്നത്. തലസ്ഥാനം മുതൽ പുതുപ്പള്ളി വരെ റോഡ് കാണാതെ ഒരു കെഎസ്ആർടിസി ബസ് കിതച്ചു നീങ്ങിയത്. പുതുപ്പണത്തിന്റെ പട്ടും പത്രാസും മദ്യവും മയക്കുമരുന്നുമൊക്കെയായി അന്തഃപുരങ്ങളിൽ കഴിയുന്നവർക്ക് ഉമ്മൻ ചാണ്ടിയുടെ മഹത്വം മനസിലാകണമെന്നില്ല. എംസി റോഡിനെ ഓസി റോഡാക്കിയ ജനലക്ഷങ്ങളെ കണ്ടാൽ മതി, ഉമ്മൻ ചാണ്ടി ആരായിരുന്നു എന്നു ബോധ്യപ്പെടും.
Cinema
രാജ്യാന്തര ചലച്ചിത്രമേളയിൽ അക്കാദമിയുടെ നാല് ക്ലാസിക് ചിത്രങ്ങൾ

തിരുവനന്തപുരം: ഈമാസം എട്ടിന് ആരംഭിക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയിൽ സംസ്ഥാന ചലച്ചിത്ര അക്കാദമി ഡിജിറ്റല്‍ റെസ്റ്ററേഷന്‍ നടത്തി ദൃശ്യങ്ങളുടെയും ശബ്ദത്തിന്റെയും മിഴിവ് വര്‍ധിപ്പിച്ച നാല് ക്‌ളാസിക് സിനിമകള്‍ പ്രദര്‍ശിപ്പിക്കും. എം ടി വാസുദേവന്‍നായര്‍ തിരക്കഥയെഴുതി പി എന്‍ മേനോന്‍ സംവിധാനം ചെയ്ത ‘ഓളവും തീരവും'(1969), കെ ജി ജോര്‍ജ് സംവിധാനം ചെയ്ത യവനിക(1982), ജി അരവിന്ദന്റെ അവസാന ചിത്രമായ വാസ്തുഹാര (1991), മലയാളത്തിലെ ഏറ്റവും മികച്ച തിരക്കഥാകൃത്തുകളിലൊരാളായ എ കെ ലോഹിതദാസിന്റെ ആദ്യ സംവിധാനസംരഭം ഭൂതക്കണ്ണാടി (1997) എന്നീ ചിത്രങ്ങളാണ് റെസ്റ്റോര്‍ഡ് ക്‌ളാസിക്‌സ് എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
മലയാള സിനിമയെ ആദ്യമായി വാതില്‍പ്പുറങ്ങളിലേക്കു കൊണ്ടുപോയ ചിത്രം, നവതരംഗത്തിന് അടിത്തറ പാകിയ ചിത്രം എന്നീ നിലകളില്‍ ചലച്ചിത്ര ചരിത്രത്തില്‍ നിര്‍ണായപ്രാധാന്യമുള്ള ‘ഓളവും തീരവും’ അക്കാദമിയുടെ ഡിജിറ്റല്‍ റെസ്റ്ററേഷന്‍ പദ്ധതിയിലെ ആദ്യസംരംഭമാണ്. മികച്ച ചിത്രം, ഛായാഗ്രഹണം, തിരക്കഥ, മികച്ച രണ്ടാമത്തെ നടി എന്നീ വിഭാഗങ്ങളില്‍ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ ചിത്രമാണിത്.
മികച്ച മലയാള ചിത്രത്തിനുള്ള ദേശീയപുരസ്‌കാരം, മികച്ച ചിത്രം, സംവിധായകന്‍, കഥാകൃത്ത് എന്നീ വിഭാഗങ്ങളില്‍ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് എന്നിവ കരസ്ഥമാക്കിയ ചിത്രമാണ് ‘വാസ്തുഹാര’.
ലോഹിതദാസിന് മികച്ച നവാഗത സംവിധായകനുള്ള ദേശീയപുരസ്‌കാരം, മികച്ച ചിത്രത്തിനും തിരക്കഥയ്ക്കും രണ്ടാമത്തെ നടിക്കുമുള്ള സംസ്ഥാന പുരസ്‌കാരങ്ങള്‍ എന്നിവ നേടിയ ചിത്രമാണ് ‘ഭൂതക്കണ്ണാടി’. മികച്ച ചിത്രം, തിരക്കഥ, രണ്ടാമത്തെ നടന്‍ എന്നീ വിഭാഗങ്ങളില്‍ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ ‘യവനിക ‘കെ.ജി ജോര്‍ജിന്റെ മാസ്റ്റര്‍പീസ് ചിത്രങ്ങളിലൊന്നായും മിസ്റ്ററി ത്രില്ലര്‍ എന്ന ഗണത്തിലെ ഏറ്റവും മികച്ച മലയാള ചിത്രമായും വിലയിരുത്തപ്പെട്ടിട്ടുണ്ട്.
ലോകസിനിമാ വിഭാഗത്തില്‍ 62 സിനിമകള്‍
തിരുവനന്തപുരം: ഈ വര്‍ഷത്തെ കാന്‍ ചലച്ചിത്രമേളയില്‍ പാം ദി ഓര്‍ പുരസ്‌കാരത്തിന് അര്‍ഹമായ ജസ്റ്റിന്‍ ട്രീറ്റ് ചിത്രം ദി അനാട്ടമി ഓഫ് എ ഫാള്‍ ഉള്‍പ്പടെ 62 സിനിമകള്‍ രാജ്യാന്തര ചലച്ചിത്രമേളയുടെ ലോകസിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.
അര്‍ജന്റീന, റഷ്യ, ചൈന, ജപ്പാന്‍, ബെല്‍ജിയം, ജര്‍മ്മനി, പോളണ്ട്, തുര്‍ക്കി, യമന്‍, ഇറാഖ്, ജോര്‍ദാന്‍, ഇറ്റലി, ഫ്രാന്‍സ്, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമുള്ള ചിത്രങ്ങളാണ് മേളയിലെ ലോക സിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇതില്‍ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള 26 ഓസ്‌കാര്‍ എന്‍ട്രികളും 17 വനിതാ സംവിധായകരുടെ ചിത്രങ്ങളും ഉള്‍പ്പെടും. ശ്രീലങ്കന്‍ ചലച്ചിത്ര സംവിധായകന്‍പ്രസന്ന വിതാനഗെയുടെ ആദ്യ ഇന്ത്യന്‍ ചിത്രം പാരഡൈസ് (പറുദീസ) ഈ വിഭാഗത്തിലെ ഏക ഇന്ത്യന്‍ ചിത്രം കൂടിയാണ്.
ഭര്‍ത്താവിന്റെ കൊലപാതകക്കുറ്റം ആരോപിക്കപ്പെട്ട സാന്‍ട്ര ഹുള്ളര്‍ എന്ന ജര്‍മന്‍ എഴുത്തുകാരിയുടെ കഥ പറയുന്ന ചിത്രമാണ് അനാട്ടമി ഓഫ് എ ഫാള്‍. അവധിക്കാലം ആഘോഷിക്കാനായി മാലിയയിലേക്ക് പോകുന്ന ഒരു കൂട്ടം ഇംഗ്ലീഷ് കൗമാരക്കാരെ പിന്തുടരുന്ന മോളി മാനിങ് വാക്കര്‍ ചിത്രമാണ് ഹൗ ടു ഹാവ് സെക്‌സ്. മിലാദ് അലാമി രചനയും സംവിധാനവും നിര്‍വഹിച്ച സ്വീഡിഷ്-നോര്‍വീജിയന്‍ ചിത്രമായ ഒപ്പോണന്റ് തെഹ്‌റാനില്‍നിന്ന് പലായനം ചെയ്യുകയും വടക്കന്‍ സ്വീഡനില്‍ അഭയം തേടുകയും ചെയ്ത ഇമാനിന്റെ കഥ പറയുന്നു. യെമനിലെ ആഭ്യന്തര യുദ്ധത്തെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട ദമ്പതികളുടെ യഥാര്‍ത്ഥ ജീവിത കഥ പറയുന്ന ചിത്രമാണ് ദി ബെര്‍ഡെന്‍ഡ്. ദാരിദ്ര്യത്തെയും കുടുംബപരമായ സങ്കീര്‍ണതയേയും കുറിച്ചുള്ള സമൂഹത്തിന്റെ കഠിനമായ വീക്ഷണത്തെ ഒരു അമ്മയും മകളും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയിലൂടെ അവതരിപ്പിക്കുന്ന ചിത്രമാണ് ലൂണ കാര്‍മൂണ്‍ സംവിധാനം ചെയ്ത ഹോര്‍ഡ്. കിം കി-യാള്‍ എന്ന സംവിധായകന്‍ തന്റെ അവസാന ചലച്ചിത്രത്തിന്റെ അന്ത്യഭാഗം പുനര്‍ചിത്രീകരിക്കുന്നതിനെ കുറിച്ചുള്ള ആകുലതയും തുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണ് ജീ വൂണ്‍ കിം സംവിധായകനായ കൊറിയന്‍ ചിത്രം കോബ്വെബിന്റെ ഇതിവൃത്തം.
തരിശുഭൂമിയില്‍ നിന്നും സമ്പത്തും അംഗീകാരവും നേടുക എന്ന ആജീവനാന്ത സ്വപ്നം പിന്തുടരുന്ന ലുഡ്വിഗ് കാഹ്ലന്റെ കഥ പറയുന്ന നികോളാ ആര്‍സെല്‍ സംവിധാനം ചെയ്ത ഡാനിഷ് ചിത്രമാണ് ദി പ്രോമിസ്ഡ് ലാന്‍ഡ്. അബ്ബാസ് അമിനി ഒരുക്കിയ പേര്‍ഷ്യന്‍ ചിത്രം എന്‍ഡ്ലെസ്സ് ബോര്‍ഡേഴ്‌സ്, സ്പാനിഷ് ചിത്രം ദി പണിഷ്‌മെന്റ്, ഫ്രഞ്ച് ചിത്രം ദി റാപ്ച്ചര്‍, റ്യുട്ടാരോ നിനോമിയ സംവിധാനം ചെയ്ത ജാപ്പനീസ് ചിത്രം ഡ്രീമിംഗ് ഇന്‍ ബിറ്റ്വീന്‍, കൊറിയന്‍ ചിത്രം സ്ലീപ്, അംജദ് അല്‍ റഷീദിന്റെ അറബിക് ചിത്രം ഇന്‍ഷാഹ് അള്ളാഹ് എ ബോയ് തുടങ്ങിയവയും ലോക സിനിമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.
Cinema
കാത്തിരിപ്പിന് വിരാമമായി: മോഹന്‍ലാലിന്റെ ‘മലൈകോട്ടൈ വാലിബന്‍’ ടീസര്‍

മോഹന്‍ലാല്‍ ആരാധകര്‍ക്ക് ആഘോഷത്തിനുള്ള വക നല്‍കി ‘മലൈകോട്ടൈ വാലിബന്‍’ ടീസര്‍. ഈയടുത്തായി മോഹന്‍ലാലിന്റെ ഇത്രയും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം വേറെയില്ല. കണ്‍കണ്ടത് നിജം, കാണാത്തത് പൊയ്.. എന്ന മോഹന്‍ലാലിന്റെ ഡയലോഗ് ആണ് 1.30 മിനിറ്റുള്ള ടീസറില്‍ എത്തിയിരിക്കുന്നത്. പ്രശാന്ത് പിള്ളയുടെ ഗംഭീര മ്യൂസിക്കും ടീസറിന്റെ ഹൈലൈറ്റ് ആണ്. മോഹന്‍ലാല്‍-ലിജോ ജോസ് പെല്ലിശേരി കോമ്പോയില്‍ എത്തുന്ന ചിത്രത്തിന്റെ ടീസര്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നേരത്തെ എത്തിയിരുന്നു. യോദ്ധാവിന്റെ ലുക്കില്‍ കൈകളില്‍ വടവുമായി മുട്ടുകുത്തി അലറി വിളിക്കുന്ന രീതിയില്‍ ആയിരുന്നു ഫസ്റ്റ് ലുക്കില്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെട്ടത്.
മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വര്‍മ്മ, മണികണ്ഠന്‍ ആചാരി, സുചിത്ര നായര്‍, മനോജ് മോസസ്, ബംഗാളി നടി കഥ നന്ദി തുടങ്ങിയവരൊക്കെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഷിബു ബേബി ജോണും ലിജോയും മോഹന്‍ലാലും ചേര്‍ന്നാണ് മലൈകോട്ടൈ വാലിബന്‍ നിര്‍മ്മിക്കുന്നത്.
രാജസ്ഥാനില്‍ 77 ദിവസമാണ് സിനിമയുടെ ചിത്രീകരണം നടന്നത്. ഏപ്രില്‍ 5ന് ഷൂട്ടിംഗ് പൂര്‍ത്തിയായ വിവരം ലിജോ ജോസ് പെല്ലിശേരി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. ഒരുപാട് ബുദ്ധിമുട്ടുള്ള സീക്വന്‍സുകള്‍ വരെ സിനിമയില്‍ ഉണ്ടായിരുന്നു എന്ന് സംവിധായകന്‍ തുറന്നു പറയുകയും ചെയ്തിരുന്നു. മോഹന്‍ലാലിന്റെ ഇന്‍ട്രൊയില്‍ തിയേറ്റര്‍ കുലുങ്ങുമെന്ന് സിനിമയുടെ സഹസംവിധായകനായ ടിനു പാപ്പച്ചന്‍ പറഞ്ഞതും വൈറലായിരുന്നു. അതേസമയം, ജനുവരി 25ന് തന്നെ റിലീസ് ചെയ്യുന്ന ഹൃത്വിക് റോഷന്റെ ‘ഫൈറ്റര്‍’, പിറ്റേന്ന് ജനുവരി 26ന് തിയേറ്ററില്‍ എത്തുന്ന വിക്രത്തിന്റെ ‘തങ്കലാന്‍’ എന്നീ ചിത്രങ്ങളോടാണ് വാലിബന്‍ ഏറ്റുമുട്ടാന്‍ ഒരുങ്ങുന്നത്
Cinema
രാജ്യാന്തര ചലച്ചിത്രമേള; ഗുഡ്ബൈ ജൂലിയ ഉദ്ഘാടന ചിത്രം

തിരുവനന്തപുരം: മുഹമ്മദ് കൊർദോഫാനി എന്ന നവാഗത സുഡാനിയൻ ചലച്ചിത്രകാരന്റെ ഗുഡ്ബൈ ജൂലിയ രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്‌ഘാടന ചിത്രമായി പ്രദർശിപ്പിക്കും. ഈമാസം എട്ടിന് മേളയുടെ ഉദ്‌ഘാടന സമ്മേളനത്തിന് ശേഷം വൈകിട്ട് ആറു മണിക്ക് നിശാഗന്ധിയിലാണ് ചിത്രത്തിന്റെ പ്രദർശനം.
സുഡാനിൽ നിന്ന് കാൻ ചലച്ചിത്ര മേളയിലേയ്ക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട ചിത്രമാണിത്. 2011ലെ സുഡാൻ വിഭജനസമയത്ത് അവിടെ നിലനിന്നിരുന്ന രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങളെ അടിസ്ഥാനപ്രമേയമാക്കി നിർമിക്കപ്പെട്ട ഈ ചിത്രം മോന എന്ന ഗായികയുടെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളെകുറിച്ചാണ് ചർച്ചചെയ്യുന്നത്. സുഡാനിലെ രണ്ടു വൈവിധ്യമാർന്ന പ്രവിശ്യകളിൽ നിന്നുള്ള രണ്ടു സ്ത്രീകൾ, അവരുടെ ജീവിതങ്ങൾ എങ്ങനെ ഇഴചേർന്നു കിടക്കുന്നു എന്നും ഈ ചിത്രം വരച്ചുകാട്ടുന്നു. തന്റെ ആദ്യ ചിത്രമായിരുന്നിട്ടുകൂടി കൊർദോഫാനിയുടെ സംവിധാനമികവിലൂടെ യുദ്ധഭൂമികയിൽ മനുഷ്യർ നേരിടുന്ന പല പ്രശ്നങ്ങളെയും തിരശീലയിലെത്തിക്കാൻ സാധിച്ചിട്ടുണ്ട്. അതിനോടൊപ്പം തന്നെ സുഡാനിലെ രാഷ്ട്രീയ സാഹചര്യങ്ങളുടെ ഉള്ളറകളിലേക്ക് കടന്നു ചെല്ലാനും ഈ ചിത്രം ശ്രമിച്ചിട്ടുണ്ട്. കാൻ ചലച്ചിത്ര മേളയിൽ ഫ്രീഡം അവാർഡ് നേടിയ ഈ ചിത്രം സുഡാന്റെ ഔദ്യോഗിക ഓസ്കാർ എൻട്രിയുമായിരുന്നു.
ഡെലിഗേറ്റ് പാസ് വിതരണം ഇന്നുമുതൽ
തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയിൽ പങ്കെടുക്കാനായി പ്രതിനിധികളായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്കുള്ള ഡെലിഗേറ്റ് പാസിന്റെ വിതരണം ഇന്നുമുതൽ. ഇന്ന് വൈകിട്ട് മൂന്നു മണിക്ക് മുഖ്യവേദിയായ ടാഗോര്‍ തിയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ ഡെലിഗേറ്റ് കിറ്റിന്റെ വിതരണോദ്ഘാടനം സംവിധായകന്‍ ശ്യാമപ്രസാദ് മികച്ച നടിക്കുള്ള 2022 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ വിന്‍സി അലോഷ്യസിനു ആദ്യപാസ് നല്‍കിക്കൊണ്ട് നിര്‍വഹിക്കും. ചടങ്ങില്‍ ചലച്ചിത്രപ്രവര്‍ത്തകരും കലാസാംസ്‌കാരിക മേഖലയിലെ പ്രമുഖരും പങ്കെടുക്കും. മേളയില്‍ പങ്കെടുക്കുന്നതിനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് ഉദ്ഘാടനച്ചടങ്ങിനുശേഷം ഡെലിഗേറ്റ് സെല്ലില്‍നിന്ന് പാസും ഫെസ്റ്റിവല്‍ കാറ്റലോഗും ഷെഡ്യൂളുമടങ്ങിയ കിറ്റ് കൈപ്പറ്റാം.
-
Kerala3 months ago
വീണ ജോർജിനെ മാറ്റണം; ജനങ്ങൾക്ക് വേണ്ടിയാണ് പറയുന്നതെന്ന് ഡോ. എസ്.എസ്. ലാൽ
-
Kerala2 months ago
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: മുഖ്യപ്രതി സതീഷ്കുമാർ ഒരു കോടി രൂപ നൽകിയെന്ന് വെളിപ്പെടുത്തലുമായി ജ്വല്ലറി ഉടമ
-
Kerala3 months ago
ഗണേഷ്കുമാർ ആറ് മാസം തടവിൽ പാർപ്പിച്ചു; സോളാർ കേസിലെ പരാതിക്കാരിയുടെ വെളിപ്പെടുത്തൽ
-
Featured2 months ago
‘സർക്കാരിനെതിരെ വിധിയെഴുതി വിദ്യാർത്ഥികളും’; എംജി സർവകലാശാല തിരഞ്ഞെടുപ്പിൽ കെഎസ്യു മുന്നേറ്റം
-
News2 months ago
പിറന്നാൾ ദിനത്തിൽ കുഞ്ഞിന് വ്യത്യസ്തമായൊരു സമ്മാനമൊരുക്കി മാതാവ്
-
Palakkad1 month ago
പാലക്കാട് ജില്ലയിലെ ക്യാമ്പസുകളിൽ കെഎസ്യു തേരോട്ടം
-
Kerala1 month ago
പങ്കാളിത്ത പെൻഷൻ ഉടൻ പിൻവലിക്കണം; സെക്രട്ടേറിയറ്റ് അസോസിയേഷൻ -
Alappuzha3 months ago
ഡോ. പ്രീതി അഗസ്റ്റിന് ഒന്നാം റാങ്ക്
You must be logged in to post a comment Login