മാനന്തവാടി: കഴിഞ്ഞ 18 ദിവസമായി കുറുക്കന്‍മൂലയെയും പരിസരപ്രദേശങ്ങളെയും ഭീതിയിലാഴ്ത്തിയ കടുവയെ പിടികൂടാത്തതില്‍ പ്രതിഷേധം ശക്തമാവുന്നതിനിടെ ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ബെന്നിച്ചന് തോമസ് വയനാട്ടിലേക്ക്. വനംവകുപ്പും പൊലീസും സര്‍വ്വ സന്നാഹങ്ങളുമൊരുക്കി കടുവയ്ക്കായി തിരച്ചില്‍ നടത്തിയിട്ടും കടുവയെ പിടികൂടാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് ചീഫ് വൈല്‍ഡ് വാര്‍ഡനെ തന്നെ ജില്ലയിലേക്ക് നിയോഗിച്ചിരിക്കുന്നത്. ബുധനാഴ്ച രാത്രിയും കടുവ രണ്ട് വളര്‍ത്തുമൃഗങ്ങളെ കൊന്നതോടെ പ്രദേശവാസികളൊന്നാകെ ഭീതിയിലാണ്. കുറുക്കന്മൂലയില് നിന്നും മൂന്ന് കിലോമീറ്റര്‍ അകലെ പയ്യമ്പള്ളി പുതിയിടത്താണ് രണ്ട് വളര്‍ത്തുമൃഗങ്ങളെ കൂടി കടുവ കൊന്നത്. പുതിയിടം വടക്കുപാടം ജോണിന്റെ ഒരു വയസോളം പ്രായമുള്ള മൂരിക്കിടാവിന്റെ ജഡം തൊഴുത്തില്‍ നിന്നും മീറ്ററുകള്‍ അകലെയാണ് കണ്ടെത്തിയത്. ഇവിടെ നിന്നും അധികം ദൂരത്തിലല്ലാതെ പരുന്താനായില് ലൂസി ടോമിയുടെ ആടിനെ കയറ് പൊട്ടിച്ച് കൊണ്ടുപോകുകയും ചെയ്തു. കുറുക്കന്‍മൂലയെയും പരിസരപ്രദേശങ്ങളെയും ഭീതിയിലാഴ്ത്തിയ കടുവ കൂടുതല്‍ ജനവാസമേഖലയിലേക്കെത്തിയത് ആശങ്ക വര്‍ധിപ്പിക്കുകയാണ്. ബുധനാഴ്ച പകല്‍ പയ്യമ്പള്ളിയില്‍ മേയാന്‍ വിട്ട ആടിനെ വന്യമൃഗം കൊന്നിരുന്നു. കടുവയല്ല ആടിനെ കൊന്നതെന്നായിരുന്നു ഉദ്യോഗസ്ഥരുടെ നിഗമനം. എന്നാല്‍ ഇതിന് സമീപത്താണ് ബുധനാഴ്ച രാത്രി രണ്ട് മൃഗങ്ങളെ കൂടി കൊന്നിരിക്കുന്നത്. അതുകൊണ്ട് തന്നെ ആടിനെ കൊന്നതും കടുവ തന്നെയാകാമെന്ന വിശ്വാസത്തിലാണ് പ്രദേശവാസികള്‍. രണ്ട് വളര്‍ത്തുമൃഗങ്ങളെ കൊന്ന പ്രദേശം ജനവാസമേഖലയാണ്. രണ്ട് സ്കൂളുകള്‍ ഇവിടെയുണ്ട്. മാത്രമല്ല, കാര്‍ഷികമേഖലയായതിനാല്‍ വിളവെടുപ്പ് അടക്കം നടത്തേണ്ട സാഹചര്യവും നിലനില്‍ക്കുന്നുണ്ട്. ഇതെല്ലാം ഇപ്പോള്‍ കടുവാഭീതിമൂലം പ്രതിസന്ധിയിലായിരിക്കുകയാണ്. അഞ്ച് കൂടുകള്‍ സ്ഥാപിച്ചുകൊണ്ട്, കുങ്കിയാനകളും, ഡ്രോണും ഉപയോഗിച്ചും, വനം-പൊലീസ് ഉദ്യോഗസ്ഥര്‍ സംയുക്തമായി തിരച്ചില്‍ നടത്തിയിട്ടും കടുവയെ കണ്ടെത്താനായിട്ടില്ല. ഈ സാഹചര്യത്തില്‍ പ്രത്യേക ദൗത്യസേനയെ നിയോഗിക്കണമെന്ന ആവശ്യമായി പ്രദേശവാസികള്‍ രംഗത്തെത്തിയിട്ടുണ്ട്. കുറുക്കന്മൂലയിലെ കടുവാ പ്രശ്നം കൂടുതല്‍ സങ്കീര്ണാകുന്ന സാഹചര്യത്തിലാണ് ചിഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ബെന്നിച്ചന് തോമസിനെ ഇപ്പോള്‍ വയനാട്ടിലേക്ക് നിയോഗിച്ചിരിക്കുന്നത്. ചിഫ് വൈല്‍ഡ് ലൈഫ് വാര്ഡന് തന്നെ നേരിട്ട് എത്തി ഇനി കടുവയെ പിടിക്കുന്ന കാര്യത്തില്‍ നേരിട്ട് മേല്‍നോട്ടം വഹിക്കും. നിലവില്‍ മൂന്ന് ഡി.എഫ്.ഒ.മാരുടെ നേതൃത്വത്തില്‍ റെയിഞ്ചര്‍മാര്‍ ഉള്‍പ്പെടെ നൂറിലധികം വനം വകുപ്പ് ജീവനകാരും അത്ര തന്നെ പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്ത് ക്യാമ്പ് ചെയ്ത് കടുവയെ പിടികൂടാന്‍ തിരച്ചില്‍ നടത്തിവരുന്നുണ്ട്. അതിനിടെ പയ്യംമ്പള്ളി-കുറുക്കന്മൂല പ്രദേശത്തെ കടുവ പ്രശ്നം കൊണ്ടു പൊറുതി മുട്ടുന്ന പ്രദേശവാസികള്‍ ഉദ്യോഗസ്ഥരുടെയും ജനപ്രതിനികളുടെയും മുമ്പില്‍ ഇന്നലെ പ്രതിഷേധിച്ചു. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ ആരംഭിച്ച പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നീങ്ങിയിരുന്നു. രാവിലെ നാട്ടുകാരും പിന്നീട് വനം വകുപ്പും പൊലീസ് ഉദ്യോഗസ്ഥരുമായി ജനപ്രതിനിധികള്‍ സംസാരിക്കുന്നതിനിടയിലായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. ഒടുവില്‍ ഫ്ളയിംഗ് സ്ക്വാഡ് ഡി.എഫ്.ഒ സുനില്‍കുമാറും മാനന്തവാടി പൊലീസ് സര്‍ക്കിള്‍ ഇന്‍സെപ്ക്ടര്‍ എം.എം അബ്ദുള്‍ കരീമും രണ്ട് ദിവസത്തിനുള്ളില്‍ കടുവയെ പിടികൂടുമെന്ന ഉറപ്പ് നല്‍കിയതിനെത്തുടര്‍ന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്. കടുവയെ കൂട്ടില്‍ കയറ്റാനും മയക്കുവെടി വെക്കാനും ശ്രമം തുടരാനാണ് വനം-പൊലീസ്-റവന്യു വകുപ്പുകളുടെ സംയുക്ത തീരുമാനം. സബ്ബ് കലക്ടര്‍ ആര്.ശ്രീലക്ഷ്മിയുടെ അധ്യക്ഷതയില്‍ സബ്ബ് കലക്ടര്‍ ഓഫീസില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഇതിന്റെ ഭാഗമായി പ്രദേശത്ത് സി.സി.ടി.വി. സ്ഥാപിക്കും. വെള്ളിയാഴ്ച പുലര്‍ച്ചെ ട്രാക്കിംഗ്, പട്രോളിംഗ് സംഘങ്ങള്‍ തിരച്ചില്‍ നടത്തും. പ്രദേശവാസികളായ വിദഗ്ധരെ വനപാലക സംഘത്തോടൊപ്പം കൂട്ടാനും തീരുമാനിച്ചിട്ടുണ്ട്. യോഗത്തില്‍ ഡി.എഫ് ഒമാരായ രമേശ് വിഷ്ണോയ്, എ.ഷജ്ന, തഹസില്‍ദാര്‍ ജോസ് ചിറ്റിലപ്പിള്ളി, സര്‍ക്കിള്‍ ഇന്സെസ്ക്ടര് എം.എം.കരീം, നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ പി.വി.എസ് മൂസ, നഗരസഭ കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കടുവാപ്പേടിയില്‍ കുറക്കന്മൂലയും പരിസരപ്രദേശങ്ങളും; പ്രതിഷേധം ശക്തമാവുന്നതിനിടെ ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് വയനാട്ടിലേക്ക്…
