സബ് രജിസ്റ്റാർ ഓഫീസുകളിൽ വിജിലൻസ് പരിശോധന ; മൂന്ന് ലക്ഷത്തിൽപ്പരം രൂപയും മദ്യവും പിടിച്ചെടുത്തു.

തിരുവനന്തപുരം:സംസ്ഥാന വ്യാപകമായി സബ് രജിസ്റ്റാർ ഓഫീസുകളിൽ വിജിലൻസ് ഇന്നലെ മിന്നൽ പരിശോധന നടത്തി. പരിശോധനയിൽ വിവിധയിടങ്ങളിലെ സബ് രജിസ്ട്രാർ ഓഫീസുകളിൽ നിന്നും കണക്കിൽ പെടാത്ത മൂന്ന് ലക്ഷത്തിൽപ്പരം രൂപയും പാലക്കാട് സബ് രജിസ്ട്രാർ ഓഫീസിൽ നിന്നും രണ്ട് കുപ്പി മദ്യവും പിടിച്ചെടുത്തിട്ടുണ്ട്.
രജിസ്‌ട്രേഷൻ നടത്തുന്ന സ്ഥലങ്ങളിൽ നിലനിൽക്കുന്ന കെട്ടിടത്തിന്റെ വില നിർണയം തദ്ദേശ സ്വയം ഭരണ വകുപ്പിലെ എഞ്ചിനീയർമാരും ആധാരമെഴുത്തുകാരും സബ് രജിസ്ട്രാറും ചേർന്ന് ഒത്ത് കളിച്ച് യഥാർത്ഥ കെട്ടിട വിലയേക്കാൾ വിലകുറച്ച് കാണിക്കുന്നത് വഴി സർക്കാരിന് ലഭിക്കേണ്ട സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിലും രജിസ്‌ട്രേഷൻ ഫീസ് ഇനത്തിലും ദിനംപ്രതി വൻ സാമ്പത്തിക നഷ്ടം സർക്കാരിനുണ്ടാകുന്നു. കെട്ടിടത്തിന്റെ വിസ്തീർണ്ണം കുറച്ച് കാണിക്കുക, പുതിയ കെട്ടിടത്തിന് പഴയ കെട്ടിടത്തിന്റെ വില കാണിക്കുക, രണ്ട് നില കെട്ടിടം ഒരു നിലയായി കാണിക്കുക തുടങ്ങിയ ക്രമക്കേടുകളാണ് എഞ്ചിനിയർമാരുടെ ഒത്താശയോടെ തുടർന്ന് വരുന്നതെന്നും വിജിലൻസിന് രഹസ്യ വിവരം ലഭിച്ചിരുന്നു ഓരോ ഇടപാടുകാരിൽ നിന്നും ആധാരമെഴുത്തുകാർ എഴുത്ത് കൂലിയ്ക്ക് പുറമേ അധികമായി 1000രുപാ മുതൽ 5000 രൂപ വരെ സബ് രജിസ്ട്രാർ ഓഫീസിലെ ഉദ്ദ്യോഗസ്ഥർക്ക് വീതം വച്ച് നൽകുന്നതിന് വാങ്ങാറുള്ളതായും ഈ തുക അതാത് ദിവസം ഉച്ച കഴിഞ്ഞ് സബ് രജിസ്ട്രാർ ഓഫീസിലെത്തി വിതരണം നടത്തുന്നതായും വിജിലൻസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. കൂടാതെ രജിസ്‌ട്രേഷൻ ഇൻസ്‌പെക്ടർ ജനറൽ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവിൽ ആധാരമെഴുത്ത് ലൈസൻസികൾ പാലിക്കേണ്ട നിബന്ധനകൾ എല്ലാ സബ് രജിസ്ട്രാർമാരും ഉറപ്പു വരുത്തേണ്ടതാണെന്ന് നിഷ്‌കർഷിക്കുന്നുണ്ടെങ്കിലും ലൈസൻസികളിൽ നിന്നും കൈക്കൂലി വാങ്ങി കണ്ടില്ലെന്ന് നടിക്കുന്നതായും വിജിലൻസിന് രഹസ്യ വിവരം ലഭിച്ചിരുന്നു.ആധാരം രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ ഏഴ് ദിവസത്തിനകം അസൽ പ്രമാണം വസ്തു ഉടമകൾക്ക് നൽകണമെന്ന നിബന്ധന സബ് രജിസ്റ്റാർമാർ പാലിക്കുന്നില്ലെന്നും പകരം ലൈസൻസികളെ ഏല്പിക്കുന്നതായും വിജിലൻസിന് രഹസ്യ വിവരം ലഭിച്ചിരുന്നു.ഫ്‌ലാറ്റുകളുടെയും മറ്റും വില കുറച്ച് കാണിച്ച് അഴിമതിക്കാരായ സബ് രജിസ്ട്രാർമാർ ചുമതല വഹിക്കുന്ന ഓഫീസുകളിൽ സമർപ്പിച്ച് അവർ മുഖാന്തിരം രജിസ്‌ട്രേഷൻ നടത്തി രജിസ്‌ട്രേഷൻ ഫീസ് ഇനത്തിലും സ്റ്റാമ്പ് ഇനത്തിലും വെട്ടിപ്പ് നടക്കുന്നതായും വിജിലൻസിന് രഹസ്യ വിവരം ലഭിച്ചിരുന്നു.സബ് രജിസ്ട്രാർ ഓഫീസുകളിൽ രജിസ്റ്റർ ചെയ്യുന്ന അസൽ ആധാരം ലൈസൻസിയുടെ കൈവശം കൊടുത്ത് വിട്ട് ഉടമകൾക്ക് കൈമാറുന്നതായി വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.ഇന്നലെ നടന്ന മിന്നൽ പരിശോധനയുടെ അടിസ്ഥാനത്തിൽ കെട്ടിടങ്ങളുടെ യഥാർത്ഥ വിലയെക്കാൾ കുറച്ച് കാണിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനായി തുടർ ദിവസങ്ങളിൽ സ്ഥല പരിശോധന കൂടി നടത്തി ഉറപ്പു വരുത്തുമെന്ന് വിജിലൻസ് വിജിലൻസ് ഡയറക്ടർ അറിയിച്ചു.

Related posts

Leave a Comment