വിജയരാഘവന്‍ വെറുമൊരു സ്റ്റെപ്പിനി ; സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം: സി പി എമ്മിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി ചെറിയാന്‍ ഫിലിപ്പ്. വിജയരാഘവന്‍ പാര്‍ട്ടിയുടെ സ്റ്റെപ്പിനിയാണെന്ന് അദ്ദേഹം പറഞ്ഞു.ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ചെറിയാന്‍ ഫിലിപ്പിന്റെ പ്രതികരണം.

‘സി.പി.എമ്മിന്റെ ആക്‌ടിംഗ് സെക്രട്ടറി പറഞ്ഞത് ചെറിയാന്‍ ഫിലിപ്പ് ഏകനായി വന്നു ഏകനായി മടങ്ങിയെന്നാണ്. പത്ത് പ്രവര്‍ത്തകരുമായി നടക്കുന്ന ആളല്ല താന്‍. കോണ്‍ഗ്രസില്‍ നിന്ന് എന്നോടൊപ്പം രാജി വച്ചവരുണ്ട്, പക്ഷേ അവര്‍ സി.പി.എമ്മില്‍ ചേര്‍ന്നില്ല. എന്നോട് ആത്മാര്‍ത്ഥമായി സ്നേഹമുള്ള ആളുകള്‍ കേരളത്തിലെ കോണ്‍ഗ്രസിലുണ്ടായിരുന്നു’, ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.

‘എന്റെ പ്രവര്‍ത്തനം നിശബ്‌ദമായിരുന്നു. രാഷ്ട്രീയത്തിലെ പ്രവര്‍ത്തനങ്ങള്‍ പലതും മൈക്കിന്റെ മുന്‍പില്‍ നടക്കുന്നതു മാത്രമല്ല. കരുണാകരന്‍ മത്സരിച്ച സമയത്ത് ഞാന്‍ പറഞ്ഞിരുന്നു ഞാന്‍ പറയാത്ത ഒരാളിനെ പോലും കാണരുതെന്ന്. അതുകൊണ്ടുകൂടിയാണ് അദ്ദേഹം ജയിച്ചത്. അത് ആരൊക്കെയാണെന്ന് ആരോടും പറഞ്ഞിട്ടില്ല. ഇപ്പോഴും ഞാന്‍ ആരോടും പറഞ്ഞിട്ടുമില്ല. അതുപോലെ, സി.പി.എമ്മിലും ഞാന്‍ പല കാര്യങ്ങളും ചെയ്‌തിട്ടുണ്ട്. അത് പിണറായി വിജയനുമറിയാം. ഞാന്‍ ആരെയൊക്കെ സമീപിച്ചിട്ടുണ്ടെന്നും അവര്‍ക്കറിയാം. അവര്‍ തന്നെയാണ് പറഞ്ഞത് നിങ്ങളോട് കാട്ടിയത് വഞ്ചനയാണെന്ന്. പിണറായി വിജയനെ സഹായിക്കണമെന്ന് പറഞ്ഞ് ഞാന്‍ പോയി കണ്ട വോട്ട് ബാങ്കുകളുണ്ട്, അവര്‍ പറഞ്ഞത് നിങ്ങള്‍ തിരിച്ച്‌ കോണ്‍ഗ്രസിലേക്ക് പോകണമെന്നാണ്’, ചെറിയാന്‍ ഫിലിപ്പ് കൂട്ടിച്ചേര്‍ത്തു.

Related posts

Leave a Comment