ഇരയ്ക്ക് ഭീഷണി പ്രതി; പ്രതിക്ക് കാവൽ പൊലീസ്; ആറു വയസുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛനൊപ്പം പൊലീസ്

തിരുവനന്തപുരം: ആറുവയസുകാരിയായ മകളെ രണ്ടാനച്ഛൻ പീഡിപ്പിച്ച കേസിൽ പ്രതിക്കൊപ്പം ചേർന്ന് കുഞ്ഞിന്റെ അമ്മയോട് പൊലീസിന്റെ ക്രൂരപീഡനം. വ്യോമസേനാ ഉദ്യോഗസ്ഥനായ പ്രതിയെ കേസിൽ നിന്ന് രക്ഷിച്ചെടുക്കാൻ നടത്തിയ ദുരൂഹ നീക്കങ്ങൾക്ക് പുറമേ, പ്രതി നൽകിയ കള്ളപ്പരാതിയിൽ കുഞ്ഞിന്റെ അമ്മയ്ക്കെതിരെ കേസെടുത്ത് അവരെ 45 ദിവസം ജയിലിലടച്ചായിരുന്നു പൊലീസിന്റെ ക്രൂരത. തിരുവനന്തപുരം മലയിൻകീഴാണ് പൊലീസിന്റെ ക്രൂരവിനോദം അരങ്ങേറിയത്. പീഡനക്കേസിൽ കുഞ്ഞിന്റെയും അമ്മയുടെയും മൊഴിയെടുത്ത ശേഷം അവരെ പ്രതിയുടെ വീട്ടിലേക്ക് തന്നെ പൊലീസ് പറഞ്ഞയച്ചു. രാത്രിയിൽ പ്രതിക്ക് ഇവരെ മർദ്ദിക്കാനുള്ള അവസരമൊരുക്കി പൊലീസ് കൂട്ടുനിന്നു. കുഞ്ഞിന്റെ അമ്മയായ നിരാംലംബയായ മുംബൈ മലയാളിയായ യുവതി നാൽപത്തിയഞ്ച് ദിവസം ജയിൽവാസം അനുഭവിച്ച് പുറത്തിറങ്ങിയ ശേഷം നടത്തിയ വെളിപ്പെടുത്തലിലൂടെയാണ് നാടകീയ സംഭവങ്ങൾ പുറത്തറിഞ്ഞത്.

മാട്രിമോണിയൽ പരസ്യത്തിലൂടെ കണ്ടെത്തിയ വ്യോമസേനാ ഉദ്യോഗസ്ഥനെ രണ്ടാം വിവാഹം കഴിക്കുന്നതിനായാണ് മുംബൈയിലുള്ള യുവതി ആറുവയസുള്ള മകൾക്കൊപ്പം മലയിൻകീഴിലെത്തിയത്. ജൂലൈ 15ന് അമ്പലത്തിൽ വച്ചായിരുന്നു വിവാഹം. ജൂലൈ 17ന് രാത്രി വീട്ടിൽ തന്‍റെ മകളെ ഭർത്താവ് പീ‍ഡിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി അവർ പൊലീസിന് പരാതി നൽകി. ഇവരുടെ മൊബൈൽ പിടിച്ചുവാങ്ങിയ പ്രതി യുവതിയെയും കുഞ്ഞിനെയും വീട്ടുതടങ്കലിലാക്കിയെന്നും യുവതി പറയുന്നു. എന്നാൽ യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്തില്ല. ഇതിനിടെ, രണ്ടുതവണ ഇവർക്ക് നേരെ ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്ന് വധശ്രമം ഉണ്ടായി. വീണ്ടും യുവതി പൊലീസിനെ സമീപിക്കുകയും മകൾക്ക് നേരെയുണ്ടായ പീഡനത്തിൽ കേസെടുക്കാതെ പിൻമാറില്ലെന്ന് അറിയിക്കുകയും ചെയ്തു. ഇതോടെ ഉദ്യോഗസ്ഥനുമായി ചേർന്ന് പൊലീസ് മറ്റൊരു തിരക്കഥയുണ്ടാക്കി. യുവതി തന്റെ സ്വർണാഭരണങ്ങൾ മോഷ്ടിച്ചുവെന്നും 16 വയസുള്ള മകനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്നും ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥനിൽ നിന്ന് പരാതി എഴുതിവാങ്ങി. ഈ പരാതി അന്വേഷിക്കാൻ ആഗസ്റ്റ്13ന് പൊലീസ് വീട്ടിലെത്തിയപ്പോൾ മകൾക്ക് നേരെയുണ്ടായ പീഡനത്തെക്കുറിച്ച് യുവതി ആവർത്തിച്ചു. എന്നാൽ, അത് കാര്യമാക്കാതെ ഇരയായ പെൺകുട്ടിയെയും അമ്മയെയും പ്രതിയുടെ വീട്ടിൽ തന്നെ ഏൽപ്പിച്ച് പൊലീസ് കടന്നു.

സെപ്റ്റംബർ രണ്ടിന് യുവതി മകളുമായി പൊലീസ് സ്റ്റേഷനിലെത്തിയതോടെയാണ് പൊലീസ് പ്രതികാരം പുറത്തെടുത്തത്. യുവതിയുടെ പരാതി സ്വീകരിച്ച ശേഷം ആറ് വയസുകാരിയെ മജിസ്ട്രേറ്റിന് മുന്നിലെത്തിച്ച് മൊഴിയെടുത്തു. മെഡിക്കൽ പരിശോധനയും പൂർത്തിയാക്കി. മെഡിക്കൽ റിപ്പോർട്ടിൽ ആറ് വയസുകാരി ലൈംഗിക ചൂഷണത്തിന് ഇരയായതായി കണ്ടെത്തി. അന്നേ ദിവസം രാത്രിയിലും പൊലീസ് ഇരുവരെയും എത്തിച്ചത് പ്രതി താമസിക്കുന്ന വീട്ടിൽ തന്നെയായിരുന്നു. കണ്‍മുന്നിൽ പോക്സോ കേസ് പ്രതിയുണ്ടായിട്ടും പൊലീസ് തൊട്ടില്ല.
അന്ന് രാത്രിയിൽ യുവതിയും ഉദ്യോഗസ്ഥനുമായി തർക്കമുണ്ടായി. അത് അടിപിടിയിൽ കലാശിച്ചു. ഇതിനിടെ, ഉദ്യോഗസ്ഥന് പരിക്കേൽക്കുകയും ചെയ്തു. യുവതി വെട്ടിയെന്നാണ് ഉദ്യോഗസ്ഥന്റെ പരാതി. എന്നാൽ, സ്വയം മുറിവേൽപ്പിച്ച് മിലിട്ടറി ആശുപത്രിയിൽ ചികിൽസ തേടിയ ശേഷം തനിക്കെതിരെ വധശ്രമത്തിന് കേസ് നൽകിയെന്ന് യുവതി പറയുന്നു. തൊട്ടുപിന്നാലെ പൊലീസ് വീട്ടിലെത്തി യുവതിയെ അറസ്റ്റ് ചെയ്തു. ഇതിനിടെ, സംഭവം നാട്ടുകാരറിഞ്ഞതോടെ പ്രതിക്കെതിരെയും പൊലീസ് കേസെടുത്തു. രണ്ടാഴ്ചയ്ക്ക് ശേഷം പ്രതിയായ വ്യോമസേനാ ഉദ്യോഗസ്ഥൻ പുറത്തിറങ്ങിയെങ്കിലും യുവതിയെ 45 ദിവസം പൊലീസ് ജയിലിലിട്ടു. പീഡനത്തിന് ഇരയായ കുഞ്ഞിനെ അമ്മയിൽ നിന്ന് അകറ്റി നിർത്തി. കഴിഞ്ഞ ദിവസം ജയിൽ മോചിതയായ ശേഷമാണ് ഇതുവരെ ഉണ്ടായ സംഭവങ്ങൾ യുവതി പുറത്തുപറഞ്ഞത്. നിരാലംബയായ യുവതിയോടും കുഞ്ഞിനോടും പൊലീസ് കാട്ടിയ ക്രൂരതയ്ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

Related posts

Leave a Comment