വെറ്ററിനറി സര്‍വകലാശാല ബിരുദദാനചടങ്ങ് നടത്തി; ക്യാംപസുകളില്‍ ജനാധിപത്യത്തിന്റെ ആത്മാവ് വിടരുന്നത് ലിംഗനീതിയിലൂടെ: ഗവര്‍ണര്‍


കല്‍പ്പറ്റ: ലിംഗനീതിയുടെ ഏറ്റവും മികച്ച ശീലങ്ങള്‍ ഉറപ്പുവരുത്തുമ്പോഴാണ് നമ്മുടെ ക്യാംപസുകളില്‍ ജനാധിപത്യത്തിന്റെയും സഹാനുഭൂതിയുടെയും ആത്മാവ് വിടരുന്നതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. വയനാട് ജില്ലയിലെ പൂക്കോട് കേരള വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സസ് യൂണിവേഴ്സിറ്റിയുടെ മൂന്നാമത് ബിരുദദാന സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍. പെണ്‍കുട്ടികള്‍ക്കെതിരായ അതിക്രമണങ്ങളുടെ നിര്‍ഭാഗ്യകരമായ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത് പറയുന്നത്. അത്തരം ക്രൂരമായ പെരുമാറ്റം ലിംഗനീതി എന്ന ആശയത്തെ തന്നെ പരാജയപ്പെടുത്തുകയും ഡോ. സര്‍വേപ്പള്ളി രാധാകൃഷ്ണന്‍ വളരെക്കാലം മുമ്പ് മുന്നറിയിപ്പ് നല്‍കിയ ‘മാനസിക ചേരി’കളെ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു. സ്ത്രീധനത്തിനെതിരായ സര്‍വകലാശാലയുടെ ക്യാംപയിന് പിന്തുണ നല്‍കി ബിരുദധാരികളെ അഭിനന്ദിച്ച ഗവര്‍ണര്‍ ക്യാംപസിലെ ആരോഗ്യകരമായ പരസ്പര ബന്ധത്തിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. സ്ത്രീകളോടുള്ള പുരുഷ മനോഭാവത്തില്‍ മാറ്റം വരണമെന്നും അവരെ തുല്യമായി കാണാന്‍ സമൂഹത്തിന് കഴിയണമെന്നും ഗവര്‍ണര്‍ പറഞ്ഞു. സ്ത്രീ വിദ്യാഭ്യാസ രംഗത്ത് ഇന്ന് വലിയ ഉണര്‍വ് ഉണ്ടായിട്ടുണ്ട്. ഈ സര്‍വകലാശാലയില്‍ പഠിക്കുന്ന വിദ്യാര്‍ഥികളിലും ഇന്ന് ബിരുദം വാങ്ങിയവരിലും ഭൂരിപക്ഷം വനിതകളാണെന്നത് സന്തോഷകരമാണ്. വയനാട്ടില്‍ സ്ഥിതി ചെയ്യുന്ന ഏക സര്‍വ്വകലാശാല എന്ന നിലയിലും കേരളത്തിലെ ഏക ആസ്പിരേഷനല്‍ ജില്ലയിലെ സര്‍വകലാശാല എന്ന നിലയിലും കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് യൂണിവേഴ്സിറ്റിക്ക് ഏറ്റവും ദുര്‍ബല വിഭാഗങ്ങളെ, പ്രത്യേകിച്ച് ആദിവാസി സമൂഹങ്ങളെ ശാക്തീകരിക്കാനുള്ള ഉത്തരവാദിത്തമുണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു. പട്ടികവര്‍ഗ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളുമായി സര്‍വകലാശാലയിലെ ഫാക്കല്‍റ്റി കൂടുതല്‍ ഇടപെടണം. അത്തരം ഇടപെടലുകള്‍ ഈ വിഭാഗത്തിലെ കൂടുതല്‍ വിദ്യാര്‍ത്ഥികളെ ഉന്നത വിദ്യാഭ്യാസത്തില്‍ മികവ് പുലര്‍ത്താന്‍ പ്രേരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമ്പന്നമായ കന്നുകാലി ജനസംഖ്യയുള്ള ഇന്ത്യയില്‍ വെറ്ററിനറി, ഡയറി, പൗള്‍ട്രി സയന്സ് മേഖലകളിലെ മാനവ വിഭവശേഷി വികസനം രാജ്യത്തിന്റെ വികസനത്തില്‍ സുപ്രധാനമെന്ന് ഘടകമാണെന്നും അദ്ദേഹം പറഞ്ഞു. പൂക്കോട് സര്‍വ്വകലാശാല ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ സംസ്ഥാന ഗവര്‍ണറും സര്‍വ്വകലാശാല ചാന്‍സലറുമായ ആരിഫ് മുഹമദ് ഖാന്‍ ബിരുദദാനം നടത്തി. സര്‍വ്വകലാശാല പ്രോചാന്‍സലറും മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി മുഖ്യാതിഥിയായി. സര്‍വ്വകലാശാലയില്‍ നിന്ന് വിജയകരമായി ഡിപ്ലോമ, ബിരുദ ബിരുദാനന്തര, പി.എച്ച്.ഡി. കോഴ്‌സുകള്‍ പൂര്‍ത്തീകരിച്ച വിദ്യാര്‍ത്ഥികളുടെ ബിരുദദാനമാണ് നടന്നത്. സര്‍വ്വകലാശാലയിലെവിവിധ കോഴ്‌സുകളിലായി ഉന്നത വിജയംകാഴ്ചവെച്ച 27 വിദ്യാര്‍ത്ഥികള്‍ക്ക് സ്വര്‍ണ്ണമെഡലുകളും, എന്‍ഡോവ്‌മെന്റുകളും ഗവര്‍ണര്‍ സമ്മാനിച്ചു. സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.ആര്‍. ശശീന്ദ്രനാഥ്, രജിസ്ട്രാര്‍ പി. സുധീര്‍ ബാബു, എം.എല്‍.എമാരായ ടി. സിദ്ദിഖ്, വാഴൂര്‍ സോമന്‍, സര്‍വ്വകലാശാല ഭരണസമിതി അംഗങ്ങള്‍, മറ്റു ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ പങ്കെടുത്തു. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് സംഘടിപ്പിച്ച ചടങ്ങില്‍ 42 ബിരുദദാരികള്‍ നേരിട്ടും 600 ഓളം വിദ്യാര്‍ഥികള്‍ ഓണ്‍ലൈനായും പങ്കെടുത്തു.

Related posts

Leave a Comment