മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.എം. റോയി അന്തരിച്ചു

കൊച്ചിഃ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനും കോളമിസ്റ്റുമായ കെ.എം. റോയി അന്തരിച്ചു. കൊച്ചിയിലെ വസതിയിലായിരുന്നു അന്ത്യം. ദേശീയ മാധ്യമ രംഗത്തും മാധ്യമ രംഗത്തെ പഠന ഗവേഷണ രംഗത്തും അറിയപ്പെടുന്ന കുലപതിയാണ് അദ്ദേഹം. ദ ഹിന്ദുവില്‍ ദീര്‍ഘാകാലം പ്രവര്‍ത്തിച്ചിട്ടുള്ള റോയി മംഗളം ദിനപത്രത്തിന്‍റെ തുടക്കകാലം മുതല്‍ പത്രാധിപരുമായിരുന്നു.

എറണാകുളം മഹാരാജാസ് കോളെജ് വിദ്യാര്‍ഥിയായിരിക്കെ, കേരള പ്രകാശം എന്ന പ്രാദേശിക പത്രത്തിലൂടെയാണ് മാധ്യമ രംഗത്തു കടന്നു വന്നത്. പിന്നീടു ദേശ ബന്ധു, കേരള ഭൂഷണം, എക്കണോമിക് ടൈംസ് എന്നീ പത്രങ്ങളിലും പ്രവര്‍ത്തിച്ചു. യുഎന്‍ഐ വാര്‍ത്താ ഏജന്‍സിയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മാധ്യമ രംഗത്തെ മികവിന് നിരവധി പുരസ്കാരങ്ങളും നേടി. സഹോദരന്‍ അയ്യപ്പന്‍, ശിവറാം, ഓള്‍ ഇന്ത്യ കാത്തലിക് അസോസിയേഷന്‍ ലൈഫ് ടൈം അച്ചീവ്മെന്‍റ് , സി.പി. ശ്രീധരമേനോന്‍ എന്നീ പുരസ്കാരങ്ങള്‍ നേടി.

സംസ്ഥാനത്തിനകത്തും പുറത്തും സുപ്രധാന അവാര്‍ഡ് നിര്‍ണയ സമിതികളെല്ലാം അംഗമായിരുന്ന് മാധ്യമരംഗത്തെ പുതിയ പരീക്ഷണങ്ങള്‍ക്കും കണ്ടെത്തലുകള്‍ക്കും തുല്യം ചാര്‍ത്തിയ പ്രതിഭയാണ്. പത്ര പ്രവര്‍ത്തക യൂണിയനില്‍ സജീവ നേതൃത്വത്തിലുണ്ടായിരുന്ന അദ്ദേഹം ഐഎഫ് ഡബ്ല്യൂ സെക്രട്ടറി ജനറലായും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പ്രസിഡന്‍റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്., എറണാകുളം പ്രസ് ക്ലബ് അടക്കം കേരളത്തിലെ ഒട്ടു മിക്ക പ്രസ് ക്ലബുകളുടെയും ആവിര്‍ഭാവത്തിനു മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു. സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം കേരള (എസ്ജെഎഫ്കെ) രക്ഷാധികാരിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഇരുളും വെളിച്ചവും എന്ന പ്രതിവാര കോളത്തിലൂടെ ശ്രദ്ധേയനായ റോയി, അതിലെ തെരഞ്ഞെടുക്കപ്പെട്ട ലേഖനങ്ങള്‍ ഉള്‍പ്പെടുത്തി അതേ പേരില്‍ ബൃഹദ് ഗ്രന്ഥവും പ്രസിദ്ധപ്പെടുത്തി.

കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ഉദ്യോഗസ്ഥയായിരുന്ന പരേതയായ ലീലയാണു ഭാര്യ. അഡ്വ. മനു റോയി, ലെസ്ലി എന്നിവര്‍ മക്കള്‍.

Related posts

Leave a Comment