തിരുവനന്തപുരം: പുരസ്കാരം നൽകുന്നതിനായി പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ക്ഷണിച്ച ശേഷം വേദിയിൽ വിലക്ക് ഏർപ്പെടുത്തിയ സംഭവത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ രൂക്ഷ വിമർശനം. കേരളം പോലുള്ള സംസ്ഥാനത്തുനിന്ന് കൂടുതൽ പ്രതിഷേധം പ്രതീക്ഷിച്ചുവെന്നും സർക്കാർ പോലും മൗനം പാലിച്ചത് നിരാശാജനകമാണെന്നും അദ്ദേഹം പറഞ്ഞു. ലിംഗസമത്വത്തിനും സ്ത്രീകളുടെ അന്തസ്സിനും അഭിമാനത്തിനും സംരക്ഷണം നൽകുന്നതിനും പേരുകേട്ട കേരളം പോലൊരു സമൂഹത്തിൽനിന്ന് വന്ന ഇത്തരം ഒരു പ്രതികരണം നിരാശാജനകമാണ്. ചെറുപ്രായത്തിലുള്ള ആ പെൺകുട്ടിയുടെ മനോധൈര്യത്തെ ഞാൻ അഭിനന്ദിക്കുന്നു. അങ്ങനൊരു ധൈര്യം ഇല്ലായിരുന്നെങ്കിൽ അത്രയധികം അപമാനം സഹിച്ച ആ പോൺകുട്ടി ചിലപ്പോൾ ആ സ്റ്റേജിൽ തളർന്നു വീണേനേ. വിദ്യാഭ്യാസത്തിൽ പെൺകുട്ടികളുടെ താൽപര്യം ഇല്ലാതാക്കി സ്വയം നാലു ചുമരുകൾക്കുള്ളിൽ തളച്ചിടാൻ നിർബന്ധിതരാക്കുന്നതിനാണ് ഇത്തരത്തിലുള്ള കാര്യങ്ങൾ സൃഷ്ടിക്കുന്നത്. ഇത്തരത്തിലുള്ള ആളുകളാണ് ലോകം മുഴുവൻ ഇസ്ലാമോഫോബിയ സൃഷ്ടിക്കുന്നതെന്നും ഗവർണർ പറഞ്ഞു.
വിദ്യാർത്ഥിനിക്ക് വേദി വിലക്ക്: വിമർശനവുമായി ഗവർണർ
