രാജ്യത്ത് ഏകീകൃത റെജിസ്ട്രേഷൻ സംവിധാനത്തിനൊരുങ്ങി കേന്ദ്ര സർക്കാർ

ദില്ലി: വാഹന രജിസ്ട്രേഷനിൽ പുത്തൻ പരിഷ്കാരങ്ങളുമായി കേന്ദ്രസർക്കാർ. പുതിയ വാഹനങ്ങൾക്ക് ബിഎച്ച്‌ സീരീസ് എന്ന പുതിയ ഏകീകൃത രജിസ്‌ട്രേഷൻ സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ് റോഡ് ട്രാൻസ്‌പോർട്ട് മന്ത്രാലയം. രാജ്യമാകെ ഏകീകൃത സംവിധാനം കൊണ്ടുവരാൻ കേന്ദ്ര ഗതാഗത മന്ത്രാലയം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി രജിസ്ട്രർ ചെയ്ത സംസ്ഥാനത്ത് നിന്നും മറ്റൊരു സംസ്ഥാനത്തേക്ക് കൊണ്ടുപോയി വാഹനം ഉപയോഗിക്കുന്നതിനു റീ രജിസ്ട്രേഷന്റെ ആവശ്യമില്ല. സംസ്ഥാനന്തര വാഹന രജിസ്ട്രേഷൻ ഒഴിവാക്കാൻ വേണ്ടിയാണ് ഈ തീരുമാനം. ഭാരത് സീരീസ് എന്നാണ് ഈ ഒറ്റ രജിസ്ട്രേഷൻ സംവിധാനത്തിൻ്റെ പേര്. അതായത് രാജ്യത്തെ സംസ്ഥാനങ്ങൾക്കെല്ലാമായി ഒരു രജിസ്‌ട്രേഷൻ. രജിസ്റ്റർ ചെയ്ത സംസ്ഥാനത്തിന് പുറത്ത് വാഹനം 12 മാസത്തിൽ കൂടുതൽ വാഹനം ഉപയോഗിക്കാൻ കഴിയില്ലെന്ന പ്രതിസന്ധി ഇതോടെ ഒഴിവാക്കാം.

ഭാരത് സീരിസിൽ വാഹന രജിസ്ട്രേഷൻ നമ്ബറിന് വ്യത്യാസമുണ്ടാകും. വാഹനം വാങ്ങിയ വ‍ർഷത്തിലെ അവസാന രണ്ടക്കങ്ങൾ, ബി.എച്ച്‌ (B,H)എന്നീ അക്ഷരങ്ങൾ, നാല് അക്കങ്ങൾ, ഇംഗ്ലീഷ് അക്ഷരമാലയിലെ രണ്ട് അക്ഷരങ്ങൾ എന്നിവയടങ്ങിയതാവും ഇതുവഴിയുള്ള രജിസ്ട്രേഷൻ നമ്ബ‍ർ. നിലവിൽ സംസ്ഥാനങ്ങളുടെ ചുരുക്കപ്പേര് ഉപയോഗിച്ചാണ് വാഹന രജിസ്ട്രേഷൻ നടത്തുന്നത്. വാഹനത്തിനു നികുതി അടയ്ക്കുന്നത് നിലവിലെ 15 വ‍ർഷം എന്നതിന് പകരം ഭാരത് രജിസ്ട്രേഷനിൽ രണ്ട് വ‍ർഷമാക്കിയേക്കും. കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാർ, സൈനിക-സുരക്ഷ ഉദ്യോഗസ്ഥർ നാലോ അതിൽ കൂടുതലോ സംസ്ഥാനങ്ങളിൽ ഓഫീസുകളുള്ള സ്വകാര്യ കമ്ബനികളിലെ ജീവനക്കാർ തുടങ്ങിയവർക്ക് ബിഎച്ച്‌ രജിസ്‌ട്രേഷനായി അപേക്ഷിക്കാമെന്നാണ് ഉത്തരവിൽ പറയുന്നത്.

പുതിയ വാഹനങ്ങളുടെ കാര്യത്തിലാണ് ഈ തീരുമാനം. നിലവിലുള്ള വാഹനങ്ങൾക്ക് ഭാരത് രജിസ്ട്രേഷനിലേക്ക് മാറ്റണമോ എന്നതിനെക്കുറിച്ച്‌ ഉപരിതലഗതാഗതമന്ത്രാലയം വിശദമായ വിജ്ഞാപനം പുറപ്പെടുവിക്കും. നിലവിൽ ഒരു വാഹനം രജിസ്ട്ര‍ർ ചെയ്ത സംസ്ഥാനത്തിന് പുറത്ത് ഉപയോഗിക്കാൻ നിയന്ത്രണങ്ങളുണ്ട്. ബിഎച്ച്‌ രജിസ്‌ട്രേഷൻ നടപടികൾ ഓൺലൈനിൽ തന്നെ ലഭ്യമാകും. ആർ.ടി.ഒ ഓഫീസുകളിൽ പോകേണ്ടതില്ല.

Related posts

Leave a Comment