പച്ചക്കറിവില കുതിച്ചുയരുന്നു

കോഴിക്കോട്: തമിഴ്നാട്ടിൽ നിന്നുള്ള ലോഡ് വരവ് കുറയുക കൂടി ചെയ്തതോടെ പച്ചക്കറിവില ഓരോ ദിവസവും കുതിച്ചുയരുന്നു.മണ്ഡലകാലമാവുമ്പോഴേക്കും വില ഇനിയും വർധിച്ചേക്കും.
ഒട്ടുമിക്ക പച്ചക്കറി ഇനങ്ങൾക്കും ഇരട്ടിയിലധികം വില ഉയർന്നിരിക്കുകയാണ്. കിലോഗ്രാമിന് 20 രൂപയുണ്ടായിരുന്ന തക്കാളിയ്ക്ക് രണ്ടാഴ്ചയ്ക്കിടെ 55 രൂപയായി. 60 രൂപയുണ്ടായിരുന്ന മുരിങ്ങാക്കായയുടെ നിരക്ക് 120 വരെയെത്തി. 30 രൂപയുണ്ടായിരുന്ന സവാള വില 45 രൂപയായി ഉയർന്നു. ഉരുളക്കിഴങ്ങിന് അഞ്ച് രൂപയോളം കൂടി. മുളക്, പയർ എന്നിവയ്ക്കെല്ലാം വില മുന്നോട്ടു തന്നെ. വില വർദ്ധിക്കുന്നതിനിടെ കച്ചവടവും കാര്യമായി കുറയുകയാണെന്ന് വ്യാപാരികൾ പറയുന്നു. കുറഞ്ഞ അളവിലാണ് കൂടുതൽ ആളുകളും ഇപ്പോൾ പച്ചക്കറി വാങ്ങിക്കുന്നത്.

തമിഴ്നാട്ടിലെ പെരുമഴ പച്ചക്കറി വില കൂടാനിടയാക്കിയിട്ടുണ്ട്. കടത്തുകൂലി വർദ്ധിച്ചതും പലതിനും വില ഉയരാൻ കാരണമായി. ഇന്ധനവില നൂറു കടന്ന് കുതിച്ചുയരുന്നതിനിടെ കേന്ദ്ര സർക്കാർ നടപ്പാക്കിയ ഇളവിൽ ചെറിയൊരു ആശ്വാസം വന്നെങ്കിലും കടത്തുചെലവ് കഴിഞ്ഞ കുറച്ചു മാസങ്ങൾക്കിടയിൽ ഏറെ കൂടിയെന്ന ന്യായമാണ് വണ്ടിക്കാരുടേത്.

തോരാമഴയിൽ വലിയ കൃഷിനാശമാണ് തമിഴ്നാട്ടിലുണ്ടായത്. പച്ചക്കായ അടക്കം അവിടെ നിന്നു പതിവായി എത്തുന്ന ഇനങ്ങളുടെ വരവ് നന്നേ കുറഞ്ഞിരിക്കുകയാണ്.

  • നിരക്ക് ഇങ്ങനെ

(കിലോഗ്രാമിന്)

തക്കാളി – 55 രൂപ

സവാള – 45 രൂപ

ഉരുളക്കിഴങ്ങ് – 38 രൂപ

മുരിങ്ങക്കായ – 120 രൂപ

മുളക് – 50 രൂപ

പയർ – 70 രൂപ

വെണ്ട – 65 രൂപ

കാരറ്ര് – 75 രൂപ

കൈപ്പ – 60 രൂപ

കാബേജ് – 32 രൂപ

വഴുതിന – 50 രൂപ

വെള്ളരി – 30 രൂപ

Related posts

Leave a Comment