‘മാധ്യമങ്ങളോട് മിണ്ടിപ്പോകരുത്’ ; വിവാദ സർക്കുലർ പിൻവലിക്കില്ലെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: അട്ടപ്പാടിയിലെ ശിശുമരണങ്ങൾ, കോവിഡ് മരണങ്ങൾ സർക്കാർ മറച്ചുവെച്ചത് എന്നിവ ഉൾപ്പെടെയുള്ള സംഭവങ്ങൾ പുറത്തുവന്നതിന് പിന്നാലെ ആരോഗ്യവകുപ്പ് ഇറക്കിയ സർക്കുലർ പിൻവലിക്കില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ഭീഷണി. മാധ്യമങ്ങളോട് യഥാർത്ഥ വിവരങ്ങൾ പങ്കുവെയ്ക്കുന്ന ആരോഗ്യ പ്രവർത്തകരുടെ വായ മൂടിക്കെട്ടുക എന്ന ഉദ്ദേശത്തോടെ ഇറക്കിയ സർക്കുലർ വിവാദമായിട്ടും അത് പിൻവലിക്കേണ്ടെന്നാണ് മന്ത്രിയുടെ നിലപാട്. മാധ്യമങ്ങളുമായി സംസാരിക്കാൻ ആരോഗ്യ പ്രവർത്തകർ മുൻകൂർ അനുമതി തേടണമെന്നാണ് സർക്കുലറിലെ കർശന നിർദ്ദേശം. പല ജില്ലകളിൽ പല രീതിയിൽ ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട വാർത്തകൾ വരുന്ന സ്ഥിതിയുണ്ടെന്നും വിവരങ്ങൾ കൃതൃമായി പരിശോധിച്ചും ഏകോപിപ്പിച്ചും നൽകേണ്ടതുണ്ടെന്നുമാണ് മന്ത്രിയുടെ വിശദീകരണം. ഈ സാഹചര്യത്തിലാണ് സർക്കുലർ ഇറക്കിയത്. മാധ്യമങ്ങളുമായി സംസാരിക്കുന്നതിന് മുമ്പ് വകുപ്പുമായി ആശയ വിനിമയം നടത്തണം. വകുപ്പ് നൽകുന്ന വിവരങ്ങളാണ് പുറത്തുപറയേണ്ടതെന്നും മന്ത്രി ചൂണ്ടിക്കാട്ടുന്നു.
മുൻകൂർ അനുമതിയില്ലാതെ ഡിഎംഒമാർ അടക്കമുള്ള ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ സംസാരിക്കുന്നത് വിലക്കിയതായുള്ള വാർത്ത തെറ്റാണ്. പല ജില്ലകളിലെ ഡേറ്റ പല രീതിയിൽ മാധ്യമങ്ങളിൽ വരുന്നത് കൊണ്ട് ചില നിർദേശങ്ങളാണ് നൽകിയത്. വിവരങ്ങൾക്ക് ഏകീകൃത രൂപം കിട്ടാനാണ് ഈ നടപടി. മാധ്യമവിലക്കുണ്ടെന്ന വാർത്ത തെറ്റാണ്. എന്നാൽ ആശയവിനിമയം നടത്തി അനുമതി നേടിയ ശേഷമേ മാത്രമേ മാധ്യമങ്ങൾക്ക് വിവരങ്ങൾ നൽകാവൂ എന്ന് നിർദേശിച്ചിട്ടുണ്ട്. പൊതുവിൽ പലപ്പോഴും തെറ്റായ വാർത്തകൾ വരുന്ന സ്ഥിതിയുണ്ട്. ഡേറ്റ സംബന്ധിച്ചു അധികാരികമല്ലാത്ത വാർത്തകൾ വരുന്നത് ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
അട്ടപ്പാടിയിൽ സന്ദർശനം നടത്താൻ തലേദിവസമാണ് തീരുമാനിച്ചത്. തൻ്റെ സന്ദർശനവുമായി ബന്ധപ്പെട്ട് ആശുപത്രി സൂപ്രണ്ട് പറയുന്ന രാഷ്ട്രീയ ആരോണങ്ങൾക്ക് മറുപടി പറയാനില്ല. താൻ ചെയ്യുന്നത് തന്റെ ഉത്തരവാദിത്തമാണ്. അട്ടപ്പാടിയിലെ സ്ഥിതി പരിശോധിക്കേണ്ടത് തന്റെ ബാധ്യതയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്ന് വന്നവരുടെ ചില സാമ്പിൾ നെഗറ്റീവാണ്. ഇതിൽ നാല് പേരുടെ ഫലം കാത്തിരിക്കുകയാണ്. ഹൈറിസ്ക് രാജ്യങ്ങളിൽ നിന്നു വന്നവരിൽ ഇതുവരെ മൂന്നുപേർ കോവിഡ് പൊസിറ്റിവായി. റഷ്യയിൽ നിന്ന് മടങ്ങി വന്നവരുടെ കാര്യത്തിൽ ഉണ്ടായത് ആശയക്കുഴപ്പമാണ്. കേന്ദ്രം തന്ന ഹൈ റിസ്ക് രാജ്യങ്ങളുടെ പട്ടികയിൽ റഷ്യ ഉണ്ടായിരുന്നില്ല. അക്കാര്യത്തിൽ കേന്ദ്രവുമായി ആശയ വിനിമയം നടത്തിയിട്ടുണ്ടെന്നും വീണാ ജോർജ് ചൂണ്ടിക്കാട്ടി.

Related posts

Leave a Comment