ഇന്നലെ പറഞ്ഞത് വീണാ ജോര്‍ജ് ഇന്നു വിഴുങ്ങി

തിരുവനന്തപുരംഃ സംസ്ഥാനത്തുടനീളം ഡോക്റ്റര്‍മാര്‍ക്കെതിരേ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ച് അറിയില്ലെന്ന് ഇന്നലെ നിയമസഭയില്‍ കളവ് പറഞ്ഞ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഇന്നു നിലപാട് വിഴുങ്ങി.

ഡോക്ടർമാർക്കെതിരായ അതിക്രമങ്ങൾ വർദ്ധിച്ച് വരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന നിയമസഭയിലെ ഉത്തരം തിരുത്തി ആരോഗ്യ മന്ത്രി വീണാ ജോർജ്. സ്പീക്കറുടെ പ്രത്യേക അനുമതിയോടെ പുതുക്കിയ മറുപടി ഇന്നു സഭയുടെ മേശപ്പുറത്ത് വെച്ചു.

ഡോക്ടർമാർക്ക് എതിരായ അതിക്രമങ്ങൾ കൂടുന്നത് ശ്രദ്ധയിൽ പെട്ടില്ല എന്ന മന്ത്രിയുടെ മറുപടി വലിയ വിവാദമായിരുന്നു. ആഗസ്റ്റ് നാലിന് നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് രോഗികളുടെ ബന്ധുക്കളിൽ നിന്നും അക്രമങ്ങൾ വർദ്ധിച്ച് വരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് മന്ത്രി അറിയിച്ചത്. പാറശ്ശാല, കുട്ടനാട് അടക്കം സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ ഡോക്ടർമാർക്കതിരെ ഉണ്ടായ അക്രമങ്ങൾ സജീവചർച്ചയാകുമ്പോഴാണ് ഒന്നും അറിഞ്ഞില്ലെന്ന വിചിത്ര മറുപടി മന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്.

ഇതിനെതിരെ ഡോക്ടർമാരുടെ സംഘടനകളും പ്രതിപക്ഷവും രംഗത്തെത്തി. ഇതോടെ സംഭവത്തിൽ വിശദീകരണവുമായി ആരോഗ്യമന്ത്രി വാർത്താ സമ്മേളനം വിളിച്ചു. സാങ്കേതികപിഴവാണ് സംഭവിച്ചതെന്നും രണ്ട് സെക്ഷനുകൾക്കിയിലുണ്ടായ ആശയക്കുഴപ്പമാണെന്നുമാണ് മന്ത്രിയുടെ വിശദീകരണം.

ഡോക്ടർമാർക്കെതിരെ അതിക്രമങ്ങൾ തടയാനുള്ള നിർദ്ദേശങ്ങൾ വ്യക്തമാക്കി ഉത്തരവും പിന്നാലെയിറങ്ങി. അത്യാഹിത, ഒപി പരിസരങ്ങളിൽ സിസിടിവി സ്ഥാപിക്കണം, വിമുക്ത ഭടന്മാരെ സുരക്ഷാ ജീവനക്കാരെ നിയമിക്കണം, സുരക്ഷാജീവനക്കാരെ ഏകോപിക്കുന്നതിന് പ്രത്യേക ഉദ്യോഗസ്ഥന് ചുമതല നൽകണം എന്നിങ്ങനെയാണ് ഉത്തരവിലെ നിർദ്ദേശങ്ങൾ.

Related posts

Leave a Comment