ഏകാധിപത്യ കാലത്തെ ജനാധിപത്യ ശബ്ദമായി ‘വീക്ഷണം ഓൺലൈൻ’ ; ക്യാമ്പയിന് തുടക്കമായി

ജെയ്സൺ ജോസഫ്
(മാനേജിംഗ് ഡയറക്ടർ, വീക്ഷണം)

നമ്മുടെ രാജ്യവും സംസ്ഥാനവും നയിക്കുന്നത് ഏകാധിപത്യ ഭരണകൂടങ്ങളാണ്.ഈ കാലഘട്ടത്തിൽ ജനാധിപത്യ ശബ്ദങ്ങൾ കൊട്ടിയടക്കപ്പെടുകയാണ്. ഭരണസംവിധാനങ്ങളെ വിമർശിക്കുന്നവരെയും ഗവൺമെന്റിന്റെ വീഴ്ചകൾ ചൂണ്ടിക്കാണിക്കുന്നവരെയും അസഹിഷ്ണുതയോടെ സമീപിക്കുന്നവരുടെ ചട്ടുകമായാണ് പ്രമുഖ മാധ്യമങ്ങൾ നിലകൊള്ളുന്നത്. സർക്കാർ സംവിധാനങ്ങളുടെ പരാജയങ്ങൾ മൂടിവെക്കുകയും ഭരണകൂടങ്ങൾക്കെതിരെയുള്ള പ്രതിഷേധങ്ങൾ പ്രമുഖ മാധ്യമങ്ങൾ കണ്ടില്ലെന്ന് നടിക്കുകയും ചെയ്യുന്നു.

മോഡി ഗവൺമെന്റും പിണറായി ഗവൺമെന്റും അധികാരത്തിലേക്ക് കടന്നുവരുന്നതിൽ പ്രമുഖ മാധ്യമങ്ങൾക്കും കൃത്യമായ പങ്കുണ്ടായിരുന്നു. പി ആർ ഏജൻസികളെ ഉപയോഗിച്ച് തങ്ങൾക്കനുകൂലമായ വാർത്തകൾ സൃഷ്ടിക്കുകയും പ്രതികൂലമായ വാർത്തകൾ വഴിതിരിച്ചുവിടുകയും ചെയ്തിരുന്നു. കൃത്രിമമായി സൃഷ്ടിച്ചെടുത്ത പരിവേഷങ്ങൾ ചാർത്തി നൽകി അത് പൊതുമധ്യത്തിൽ സജീവമാക്കി നിർത്തിയാണ് രണ്ടു ഭരണകൂടങ്ങളും അധികാരത്തിലേറിയത്. ക്ഷേമപദ്ധതികൾ പോലും രാഷ്ട്രീയമായി ഉപയോഗിക്കുകയും സർക്കാരിന്റെ ഭരണസംവിധാനങ്ങൾ ഉപയോഗപ്പെടുത്തുകയും ചെയ്തിരുന്നു.

രാജ്യത്ത് നിന്ന് കർഷക സമരം ഒരുപരിധിവരെ മാധ്യമങ്ങൾ തിരസ്കരിച്ചിരുന്നു. രാജ്യത്തിന്റെ പലകോണുകളിലും സംഘപരിവാറിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങൾ പുറംലോകത്തേക്ക് എത്തരുതെന്ന വാശിക്കൊപ്പം പ്രമുഖ മാധ്യമങ്ങളും നിലകൊണ്ടു. അഭിപ്രായസ്വാതന്ത്ര്യവും നിലപാടുകളും ഏറെ വെല്ലുവിളികൾ നേരിടുന്ന വർത്തമാനകാലത്ത് കോൺഗ്രസ് പ്രസ്ഥാനവും വീക്ഷണവും മുന്നോട്ട് വരേണ്ടതിന്റെ പ്രസക്തി ഏറിവരികയാണ്. എല്ലാ ശബ്ദങ്ങളെയും എല്ലാ അഭിപ്രായങ്ങളെയും സമചിത്തതയോടെ വീക്ഷിക്കുകയും നിലപാടുകൾ ആരുടെയും മുന്നിൽ പണയം വയ്ക്കാതെയും ഉറച്ച ശബ്ദമായി നിലക്കൊള്ളുന്ന വീക്ഷണം ഓൺലൈൻ രംഗത്തേക്ക് കൂടുതൽ മികവോടെ മുന്നോട്ടുവരികയാണ്.വീക്ഷണത്തെ ഏറ്റെടുത്തതുപോലെ ‘വീക്ഷണം ഓൺലൈനിനെയും’ പിന്തുണയ്ക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

Related posts

Leave a Comment