Featured
*VEEKSHANAM INTERVIEW അന്നേ തോന്നി, ഓസി മിന്നുമെന്ന്
കൊല്ലം സഹകരണ അർബൻ ബാങ്ക് പ്രസിഡന്റ്, മുൻ ഗവണ്മെന്റ് പ്ലീഡർ, കെപിസിസി പ്രസിഡന്റ്, മന്ത്രി, ആക്റ്റിംഗ് മുഖ്യമന്ത്രി തുടങ്ങിയ നിലകളിലൊക്കെ പ്രശോഭിതനായ സി.വി. പത്മരാജന് നാളെ 92 വയസ് പൂർത്തിയാകുന്നു. ഉമ്മൻ ചാണ്ടിയുടെ വേർപാട് തളർത്തിയ പദ്മരാജനുമായി വീക്ഷണം ഡെപ്യൂട്ടി എഡിറ്റർ സി.പി. രാജശേഖരൻ നടത്തിയ അഭിമുഖം.
ഉമ്മൻ ചാണ്ടിയുമായുള്ള സൗഹൃദം എന്നുമുതലാണ് തുടങ്ങിയത്?
അദ്ദേഹം കെഎസ്‌യു സംസ്ഥാന പ്രസിഡന്റായിരുന്ന കാലത്ത് കൊല്ലത്ത് വലിയ വിദ്യാർഥി സമരം നടന്നു. ഏതാനും പ്രവർത്തകരെ അറസ്റ്റ് ചെയ്ത് ജിയിലിടച്ചു. അവരെ ജാമ്യത്തിലിറക്കാൻ ഉമ്മൻ ചാണ്ടി എന്നെ സമീപിച്ചു. സാധാരണക്കാരുടെ പ്രശ്നങ്ങളിൽ നേരിട്ട് ഇടപെടുന്ന ശീലം ചെറുപ്പത്തിലേ തുടങ്ങിയതാണെന്നു പിന്നീടു മനസിലായി. മെലിഞ്ഞു നീണ്ട ആ പയ്യനെ അന്നേ ശ്രദ്ധിച്ചു. അന്നല്ല, അതു കഴിഞ്ഞാണ് സൗഹൃദം തുടങ്ങിയത്. ഇന്നേ വരെ അതു വളർന്നു കൊണ്ടേയിരുന്നു.
അദ്ദേഹത്തിന്റെ വേർപാട് പാർട്ടി എങ്ങനെ അതിജീവിക്കും?
പാർട്ടിക്കു മാത്രമല്ല, കേരളത്തിന്റെ പൊതു ജീവിതത്തിനു തന്നെ തീരാ നഷ്ടമാണ് ഉമ്മൻ ചാണ്ടി. തിരുവനന്തപുരത്തു നിന്ന് കോട്ടയത്തേക്കുള്ള വിലാപയാത്ര നോക്കൂ. ഉമ്മൻ ചാണ്ടിയെന്ന നേതാവിനു മാത്രമല്ല, മനുഷ്യ സ്നേഹിയായ പൊതു പ്രവർത്തകനു ലഭിച്ച സ്വീകാര്യതയാണത്. ഇതിനു മുൻപ് ആർക്കും ഇതുപോലൊരു അന്ത്യയാത്ര ലഭിച്ചിട്ടില്ല. ഇനി ലഭിക്കുമെന്നു തോന്നുന്നതുമില്ല.
ഉമ്മൻ ചാണ്ടിക്ക് ആദരാഞ്ജലി അർപ്പിക്കാൻ പോകുന്നുണ്ടോ?
ആരോഗ്യം അനുവദിച്ചിരുന്നെങ്കിൽ ആ യാത്രയിൽ അണിചേരുമായിരുന്നു. പക്ഷേ, ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരം തിരുവനന്തപുരത്ത് കെപിസിസി ഓഫീസിൽ ആദരാഞ്ജലി അർപ്പിക്കാൻ കിടത്തിയപ്പോൾ വലിയ അഭിമാനം തോന്നി. എ.എൽ ജേക്കബിനെ കെപിസിസി പ്രസിഡന്റാക്കാനാണ് ആദ്യം നേതാക്കൾ തീരുമാനിച്ചത്. ഞാനന്നു മന്ത്രിയാണ്. ജേക്കബിനു മന്ത്രിയായാൽ കൊള്ളാം എന്നുണ്ടായിരുന്നു. സി.എം. സ്റ്റീഫൻ, കെ. കരുണാകരൻ, എ.എ. റഹീം എന്നിവർ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ഇന്ദിരാഗാന്ധിക്കു മുന്നിൽ എന്റെ പേര് നിർദേശിച്ചു. അങ്ങനെ മന്ത്രിസഭയിൽ നിന്നു രാജിവച്ച് കെപിസിസിയുടെ പ്രസിഡന്റായി. വലിയ തോതിൽ സാഹസപ്പെട്ടാണ് ഞാൻ കെപിസിസി പ്രസിഡന്റായിരിക്കെ തലസ്ഥാനത്ത് പാർട്ടിക്ക് ആസ്ഥാനമുണ്ടാക്കിയത്. അതുവരെ രണ്ട് വാടക കെട്ടിടങ്ങളിലായിരുന്നു പ്രവർത്തനം.
എ, ഐ ഗ്രൂപ്പുകൾ ഒന്നിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചതോടെ പാർട്ടിക്ക് ആസ്ഥാനം വേണമെന്ന ഉറച്ച നിലപാടെടുത്തു. കേരളത്തിലെ മുഴുവൻ ബ്ലോക്ക് കമ്മിറ്റികളെയും ഉഷാറാക്കി. എല്ലാ സ്ഥലത്തെയും സമ്മേളനത്തിന്റെ ഉദ്ഘാടനം കെ. കരുണാകരനായിരുന്നു നിർവഹിച്ചത്. പ്രധാന പ്രഭാഷണം എ.കെ. ആന്റണി. അധ്യക്ഷൻ കെപിസിസി പ്രസിഡന്റ് എന്ന ഞാനും.
മുഴുവൻ മണ്ഡലം കമ്മിറ്റികളിലും നേരിട്ടെത്തിയാണ് ഫണ്ട് സ്വീകരിച്ചത്. ഈ പണമുപയോഗിച്ചാണ് ശാസ്തമംഗലം എആർക്യാംപിന് എതിർവശത്തുള്ള സ്ഥലവും ചെറിയ കെട്ടിടവും വാങ്ങിയത്. രാജീവ് ഗാന്ധി അധ്യക്ഷനായ അഖിലേന്ത്യാ കോൺഗ്രസിന്റെ കേരള ഘടകമായ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിക്കു വേണ്ടി പ്രസിഡന്റ് സി.വി. പത്മരാജന്റെ പേരിൽ എഴുതുന്ന വിലയാധാരം എന്നാണ് ഇപ്പോഴും ഇന്ദിരാഭവന്റെ ആധാരത്തിൽ എഴുതിയിരിക്കുന്നത്.
കെപിസിസി പ്രസിഡന്റായിരിക്കെ നടപ്പാക്കിയ ഏറ്റവും വലിയ തീരുമാനം?
അന്ന് പാർട്ടിയുടെ അടിസ്ഥാന ഘടകം മണ്ഡലം കമ്മിറ്റിയാണ്. ഞാൻ പ്രസിഡന്റായിരിക്കെ ഇന്ത്യയിലാദ്യമായി കേരളത്തിൽ ബൂത്ത് കമ്മിറ്റികളുണ്ടാക്കി. അതോടെ പാർട്ടി സട കുടഞ്ഞെഴുന്നേറ്റു. 1984 ലോക്സഭാ തെരഞ്ഞെടുപ്പിൽ കോട്ടയത്തൊഴികെ എല്ലായിടത്തും യുഡിഎഫ് വെന്നിക്കൊടി പാറിച്ചു.
ഇപ്പോഴത്തെ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ പ്രഖ്യാപിച്ച സിയുസികളെക്കുറിച്ച്?
വളരെ നല്ല തീരുമാനമാണ്. ഏറ്റവും അടിത്തട്ടിലാണ് പാർട്ടിയെ കെട്ടിപ്പൊക്കേണ്ടത്. അടിത്തട്ടിൽ പാർട്ടി ഉഷാറായാൽ ഒന്നും പേടിക്കാനില്ല. പക്ഷേ, ആരംഭകാലത്ത് കണ്ട ആവേശം ഇപ്പോൾ സിയുസികളിൽ കാണുന്നില്ല. അതു നിരാശപ്പെടുത്തുന്നു.
ആക്റ്റിംഗ് മുഖ്യമന്ത്രിയായ സാഹചര്യം?
കാറപകടത്തെ തുടർന്ന് മുഖ്യമന്ത്രി കെ. കരുണാകരൻ അമേരിക്കയിലേക്കു ചികിത്സയ്ക്കു പോകുന്നു. പകരം ചുമതല ആർക്കെന്ന ചോദ്യം പലരിലുമെത്തി. അദ്ദേഹം വിദേശത്തേക്കു പോകാനിറങ്ങുന്നതിന് തൊട്ടു മുൻപ് ഡൽഹി കേരള ഹൗസിലേക്കു വിളിപ്പിച്ചു. മുഖ്യമന്ത്രിയുടെ ചുമതല താൽക്കാലികമായി വക്കീലിനെ ഏല്പിക്കുകയാണെന്നു പറഞ്ഞു. ചീഫ് സെക്രട്ടറി എസ്. പദ്മകുമാർ സഹായിക്കും. അതായിരുന്നു തീരുമാനം. ഇ.കെ. നായനാർ, കെ.ആർ.ഗൗരി, വർക്കല രാധാകൃഷ്ണൻ, പി.എസ്. ശ്രീനിവാസൻ തുടങ്ങിയ അതിശക്തമായ പ്രതിപക്ഷ നിരയിൽ നിന്ന് വലിയ എതിർപ്പ് നേരിടേണ്ടി വന്നു. പല പ്രതിസന്ധികളും മറികടന്ന് 25 ദിവസം ഈ പദവിയിൽ തുടർന്നു. ഒരു പരാതിക്കും ഇട വരുത്തിയില്ല.
നിരവധി പ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തു. അതിൽ ഏറ്റവും ഇഷ്ടപ്പെട്ട വകുപ്പ്?
കേരളത്തിൽ ഗ്രാമ വികസന വകുപ്പ് ഉണ്ടാക്കിയത് എന്റെ കാലത്താണ്. അതുവരെ റവന്യു വകുപ്പിനു കീഴിൽ സമൂഹ്യ ക്ഷേമ വകുപ്പ് എന്ന പേരിൽ വളരെ അപ്രസക്തമായ ഒരു ഉപവകുപ്പ് മാത്രമായിരുന്നു അത്. റവന്യൂ വകുപ്പിന് അനുവദിക്കുന്ന ഫണ്ടിൽ നിന്ന് വളരെ ചെറിയ വിഹിതം മാത്രമായിരുന്നു പ്രവർത്തന ചെലവ്. എന്നാൽ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി നടപ്പാക്കിയ ഇരുപതിന പരിപാടിയിലാണ് ഗ്രാമ വികസനത്തിന് ദേശീയ തലത്തിൽ ഒരു വകുപ്പുണ്ടാക്കിയത്. ബജറ്റിന് പുറത്ത് ഫണ്ട് അനുവദിച്ച്, ജനകീയാസൂത്രണത്തിലൂടെയും ജനപങ്കാളിത്തത്തോടെയും ഗ്രാമീണ വികസനത്തിന് വലിയ സാധ്യത തുറന്നിടുന്ന പദ്ധതിയായിരുന്നു ഇത്. വലിയ തോതിൽ ഫണ്ട് വരുമെന്നതിനാൽ റവന്യൂ വകുപ്പ് ഇത് വിട്ടു തന്നില്ല. എന്നാൽ, ഉദ്യോഗസ്ഥരുടെ ശക്തമായ എതിർപ്പ് മറികടന്ന് മുഖ്യമന്ത്രി കെ. കരുണാകരന്റെ സഹായത്തോടെ ഗ്രാമ വികസനത്തിന് പ്രത്യേക വകുപ്പുണ്ടാക്കി. ഈ വകുപ്പിനു കീഴിൽ കേരളത്തിലങ്ങോളമിങ്ങോളം ഒട്ടേറെ വികസന പദ്ധതികൾ നടപ്പാക്കാൻ അന്നു കഴിഞ്ഞു. ഇന്നത്തെ പരവൂർ- കൊല്ലം തീരദേശ റോഡ് ഈ പദ്ധതി പ്രകാരം ഞാൻ മുൻകൈ എടുത്ത് നിർമിച്ചതാണ്. തീരദേശ ഹൈവേ എന്ന വലിയ സാധ്യതയിലേക്കാണ് അതു വഴി തുറക്കുന്നത്.
നാളെ താങ്കൾക്ക് 92 വയസ് പൂർത്തിയാകുന്നു. പിന്നിട്ട കാലത്തെ കുറിച്ച് എന്തു തോന്നുന്നു?
കേരളത്തിന്റെ ഇരുണ്ട കാലത്ത് ഈഴവ പിന്നാക്ക സുദായത്തിൽ ജനിച്ച ആളാണ് ഞാൻ. അന്നു പിന്നാക്ക വിഭാഗത്തിന് വിദ്യാഭ്യാസമായിരുന്നു വെല്ലുവിളി. കോട്ടപ്പുറം സ്കൂളിലും ചങ്ങനാശേരി എസ്ബി കോളെജിലും പെരുന്ന എൻഎസ്എസ് കോളെജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കാൻ വളരെ ക്ലേശിക്കേണ്ടി വന്നു. പട്ടികജാതി വിഭാഗത്തിനും ഇഴവരാതി പിന്നാക്ക വിഭാഗക്കാർക്കും ന്യൂന പക്ഷങ്ങൾക്കും വിദ്യാഭ്യാസത്തിന് അവസരം കിട്ടിയതാണ് കേരളത്തിന്റെ മുന്നേറ്റങ്ങളുടെ അടിസ്ഥാനം. അതിനു സാഹചര്യമൊരുക്കിയത് ഇന്ത്യൻ നാഷണൽ കോൺഗ്രസാണ്.
അധ്യാപകരുടെ അവകാശ സംരക്ഷണം നടപ്പാക്കിയത് ഒന്നാം ഇഎംഎസ് മന്ത്രിസഭയിൽ വിദ്യാഭ്യാസ മന്ത്രി ജോസഫ് മുണ്ടശേരിയാണെന്നാണ് ഇടതു പക്ഷത്തുള്ളവർ പാടി നടക്കുന്നത്. അതു വലിയ തെറ്റാണ്. പനമ്പള്ളി ഗോവിന്ദ മേനോനാണ് അധ്യാപകർക്ക് നേരിട്ട് ശമ്പളം കൊടുക്കാനുള്ള തീരുമാനമെടുത്തത്. പനമ്പിള്ളി ഇഫക്റ്റ് എന്നാണ് ഈ നടപടി അറിയപ്പെടുന്നതു തന്നെ. നാലു വർഷത്തോളം അധ്യാപകനായിരുന്ന എനിക്ക് അക്കാര്യം തറപ്പിച്ചു പറയാനാകും. ചരിത്രം പരിശോധിക്കുന്ന ആർക്കും അതു ബോധ്യമാകും.
ഈ പിറന്നാളിന്റെ ഏറ്റവും വലിയ ദുഃഖം ഉമ്മൻ ചാണ്ടിയാണ്. അനാരോഗ്യം അലട്ടിയിട്ടും കഴിഞ്ഞ പിറന്നാളിന് ഉമ്മൻ ചാണ്ടി എന്റെ വീട്ടിലെത്തി ആശംസ നേർന്നതാണ്. അവസാന ശ്വാസം വരെ ജനങ്ങൾക്കൊപ്പം ഓടിനടന്ന ഉമ്മൻ ചാണ്ടി ഇനിയില്ലെന്ന ഓർമ പോലും എന്നെ ഏറെ വേദനിപ്പിക്കുന്നു.
Featured
സ്വാമി വിവേകാനന്ദന്റെ 162-ാം ജന്മദിനം; ഇന്ന് ദേശീയ യുവജന ദിനം
ഇന്ന് സ്വാമി വിവേകാനന്ദ ജയന്തി. ദേശീയ യുവജന ദിനം. മാനവികതയുടെ മഹത്തായ സന്ദേശം ലോകത്തിന് നൽകുകയും സമ്പുഷ്ടമായ ആശയങ്ങൾ കൊണ്ട് യുവ ശക്തിയെ തൊട്ടുണർത്തുകയും ചെയ്ത ലോകാരാധ്യനായ
സ്വാമി വിവേകാനന്ദൻ്റെ 162-ാം ജന്മദിനമായ ഇന്ന് ദേശീയ യുവജനദിനമായി ആചരിക്കുന്നു.
ഭാരതീയ യുവത്വത്തിന് ചിന്താശേഷിയും പ്രവര്‍ത്തിക്കാനുള്ള ഊര്‍ജ്ജവും പകര്‍ന്ന പ്രതിഭാശാലിയെ രാജ്യമിന്ന് ആദരവോടെ സ്മരിക്കുന്നു. 1984ൽ ആണ് സ്വാമി വിവേകാനന്ദന്റെ ജന്മ ദിനമായ ജനുവരി 12, ദേശീയ യുവജനദിനമായ് ആചരിക്കാൻ തീരുമാനിച്ചത്. 1985 മുതൽ ഭാരതം ദേശീയ യുവജനദിനം ആഘോഷിയ്ക്കുന്നു.
പ്രമേയം
ഇന്ത്യയെ ഒരു ശക്തമായ രാജ്യമാക്കി മാറ്റുക എന്ന പ്രമേയമാണ് ഈ വര്‍ഷത്തെ ദേശീയ യുവജനദിനം മുന്നോട്ടുവെയ്ക്കുന്നത്. ആഗോളതലത്തില്‍ ഉത്പാദനകേന്ദ്രമായി ഇന്ത്യയെ മാറ്റി സുസ്ഥിരമായ ഭാവിയിലേക്ക് രാജ്യത്തേക്ക് നയിക്കാന്‍ ഈ പ്രമേയത്തിലൂടെ ആഹ്വാനം ചെയ്യുന്നു. ഭാവിതലമുറയ്ക്കായി മെച്ചപ്പെട്ട അടിസ്ഥാനസൗകര്യങ്ങളൊരുക്കണമെന്നും ഈ ദിനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
ചരിത്രം
1984ലാണ് സര്‍ക്കാര്‍ യുവാക്കള്‍ക്ക് പ്രാധാന്യം നല്‍കികൊണ്ട് ജനുവരി 12 ദേശീയ യുവജനദിനമായി ആചരിക്കണമെന്ന് തീരുമാനിച്ചത്. യുവാക്കളുടെ ശക്തിയില്‍ വിശ്വസിച്ച ഇന്ത്യയുടെ തത്വചിന്തകനും സാമൂഹിക പരിഷ്‌കര്‍ത്താവുമായ സ്വാമി വിവേകാനന്ദന്റെ ജന്മദിനമാണ് ദേശീയ യുവജന ദിനമായി ആചരിക്കുന്നത്. 19-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അദ്ദേഹത്തിന്റെ ആശയങ്ങളും തത്വചിന്തയും യുവാക്കള്‍ക്ക് എന്നും പ്രചോദനം നല്‍കുന്നു.ദേശീയ യുവജനദിനത്തിന്റെ പ്രാധാന്യം
രാജ്യത്തെ മാറ്റിയെടുക്കാന്‍ യുവാക്കള്‍ക്ക് സാധിക്കുമെന്ന് വിശ്വസിച്ചയാളാണ് സ്വാമി വിവേകാനന്ദന്‍. അച്ചടക്കം, ഉത്തരവാദിത്തബോധം, ആത്മീയവളര്‍ച്ച എന്നീ ഗുണങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ യുവാക്കളെ പ്രചോദിപ്പിക്കുന്ന ദിനം കൂടിയാണിത്. രാഷ്ട്രപുനര്‍നിര്‍മാണത്തില്‍ യുവജനങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്ന് വിശ്വസിച്ചയാളായിരുന്നു സ്വാമി വിവേകാനന്ദന്‍.
Featured
മലയാളി സി.ഐ.എസ്.എഫ് ജവാൻ ഒഡീഷയിൽ വെടിയേറ്റു മരിച്ച നിലയില്‍
കണ്ണൂർ: തലശേരി സ്വദേശിയായ സി.ഐ.എസ്.എഫ് ജവാനെ ഒഡീഷയിലെ താമസ സ്ഥലത്ത് വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി.തലശേരി തിരുവങ്ങാട് രണ്ടാം ഗേറ്റ് ചാലിയ യു.പി. സ്‌കൂളിന് സമീപം താമസിക്കുന്ന പാറഞ്ചേരി ഹൗസില്‍ അഭിനന്ദിനെ (22)യാണ് ദൂരുഹ സാഹചര്യത്തില്‍ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വയം വെടിയേറ്റതാവാം മരണകാരണമെന്ന് സംശയിക്കുന്നതായി തലശേരി ടൗണ്‍ പൊലിസ് അറിയിച്ചു. വിവരമറിഞ്ഞ് അഭിനന്ദിന്റെ ബന്ധുക്കള്‍ ഒഡീഷയിലേക്ക് തിരിച്ചിട്ടുണ്ട്
Featured
രോഗികളുടെ ജീവൻ വെച്ചുള്ള കളി ആരോഗ്യവകുപ്പ് അവസാനിപ്പിക്കണം: എം കെ രാഘവൻ എം പി
കോഴിക്കോട്: രോഗികളുടെ ജീവൻ വെച്ചുള്ള ആരോഗ്യ വകുപ്പിന്റെ കളി അവസാനിപ്പിക്കണമെന്ന് എം കെ രാഘവൻ എം.പി. കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിലെ രോഗി ചികിൽസ കിട്ടാതെ മരിച്ച സംഭവത്തിലാണ് എം പിയുടെ പ്രതികരണം. ഡോക്ടറുടെ സേവനം ആവശ്യമുള്ള രോഗിക്ക് ഓൺലൈൻ കൺസൾട്ടേഷൻ നൽകി ചികിൽസ ലഭിക്കാതെ രോഗി മരണപ്പെടുകയായിരുന്നു. സംഭവം അതിദാരുണമാണെന്ന് എം കെ രാഘവൻ വ്യക്തമാക്കി.
സംസ്ഥാന ആരോഗ്യ വകുപ്പ് കെടുകാര്യസ്ഥതയുടെ ഉത്തമ ഉദാഹരണമായി മാറി. ആശുപത്രികളിൽ മതിയായ തസ്തിക സൃഷ്ടിക്കാതെ ഡോക്ടർമാരെ വിവിധ ജില്ലകളിലേക്ക് താത്കാലികമായി മാറ്റി നടത്തുന്ന ചെപ്പടി വിദ്യ മൂലം ബാധിക്കപ്പെടുന്നത് സംസ്ഥാനത്തെ പൊതുജനങ്ങളാണെന്ന് എം.പി വ്യക്തമാക്കി. ആരോഗ്യ സർവ്വകലാശാല പരിശോധനക്ക് മുന്നോടിയായി കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് മാത്രം 39 ഡോക്ടർമാരെയാണ് കാസർകോട്, വയനാട് ജില്ലകളിലേക്ക് താത്കാലികമായി മാറ്റിയത്. സ്ഥിരം തസ്തിക സൃഷ്ടിക്കാതെ നടത്തുന്ന ഈ ചെപ്പടിവിദ്യകൊണ്ട് ആരോഗ്യവകുപ്പ് ആരുടെ കണ്ണിൽ പൊടിയിടാനാണ് ശ്രമിക്കുന്നതെന്ന് എം.പി ആരാഞ്ഞു. ആരോഗ്യ വകുപ്പിന്റെ കെടുകാര്യസ്ഥതയുടെ പരിണിതഫലം ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് മലബാറിലെ ജില്ലകളാണെന്നും എം പി പറഞ്ഞു.
കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നുള്ള കൂട്ട സ്ഥലം മാറ്റം മൂലം വിദഗ്ദ ചികിൽസ ലഭിക്കേണ്ട പതിനായിരക്കണക്കിന് രോഗികളാണ് വലയുക. കാസർഗോഡ് വയനാട് ജില്ലകളിലെ ഡോക്ടർമാരുടെ അഭാവം മൂലമാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് ഡോക്ടർമാരെ താത്കാലികമായി മാറ്റേണ്ടി വന്നത്. ഭൂരിപക്ഷം എൽ.ഡി.എഫ് ജനപ്രതിനിധികളെ ജയിപ്പിച്ച് വിട്ട കാസർഗോഡ് പോലുള്ള ജില്ലകളിലെ സർക്കാരിന്റെ ഭാഗമായ എൽ.ഡി.എഫ് ജനപ്രതിനിധികൾ തെരഞ്ഞെടുത്ത ജനങ്ങളോട് പ്രതിബന്ധത പുലർത്തി സ്ഥിരം തസ്തിക സൃഷ്ടിക്കാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തണമെന്നും എം കെ രാഘവൻ ആവശ്യപ്പെട്ടു.
-
Kerala1 month ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News1 month ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured3 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News2 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News1 month ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Education3 months ago
സംസ്ഥാനത്തിന്റെ അംബാസിഡറാകാം;ദേശീയ യുവസംഘം രജിസ്ട്രേഷന് 25 വരെ
You must be logged in to post a comment Login