ചൈനയുടെ പടപ്പുറപ്പാട്; വീക്ഷണം എഡിറ്റോറിയൽ വായിക്കാം

അരുണാചല്‍ പ്രദേശിലെ ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളില്‍ നൂറ് വീടുകള്‍ പണിയുന്ന ചൈനയുടെ നടപടി പ്രതിഷേധാര്‍ഹമാണ്. ഗ്രാമമല്ല ഇതെന്നും ചൈനീട് പട്ടാളത്തിന്റെ ക്യാമ്പുകളാണെന്നും ചൈന വിശദീകരിക്കുന്നു. രണ്ടായാലും ഇന്ത്യന്‍ അതിര്‍ത്തി കയ്യേറിയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. അതിര്‍ത്തികളില്‍ സ്ഥിരമായി നിലയുറപ്പിക്കാനുള്ള ഒരുക്കങ്ങളാണ് ചൈന അവിടെ നടത്തിക്കൊണ്ടിരിക്കുന്നത്. ആയുധങ്ങള്‍ സൂക്ഷിക്കാനുള്ള ആയുധപ്പുരകളാണിത്. 1954 ഓഗസ്റ്റില്‍ അതിര്‍ത്തിയിലുള്ള ലോങ്ജുവില്‍ ഇന്ത്യന്‍-ചൈനീസ് സേനകള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു. 1962-ലെ യുദ്ധത്തില്‍ ഇന്ത്യയില്‍ നിന്ന് ചൈന പിടിച്ചെടുത്ത പ്രദേശമാണിത്. എന്നാല്‍ വെടിനിര്‍ത്തലിന് ശേഷം പ്രദേശം വിട്ടുനല്‍കാന്‍ ചൈന തയ്യാറായില്ല. ലഡാക്കില്‍ നിരന്തരം സംഘര്‍ഷം സൃഷ്ടിക്കുകയാണ് ചൈനീസ് പട്ടാളം. നേരത്തെ ഒരു ചെറിയ പോസ്റ്റ് മാത്രമാണുണ്ടായിരുന്നത്. അതിര്‍ത്തി സംഘര്‍ഷങ്ങളെ സംബന്ധിച്ച് ഇന്ത്യയും ചൈനയും തമ്മില്‍ ചര്‍ച്ചകള്‍ നടന്നുവരുന്ന ഈ ഘട്ടത്തില്‍ നിയന്ത്രണ മേഖലയില്‍ ആധിപത്യം സൃഷ്ടിക്കാന്‍ ചൈന ശ്രമിക്കുകയാണ്. അതിര്‍ത്തിയിലെ ധൃതിപിടിച്ച നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ടെന്ന് കരുതപ്പെടുന്നു. കഴിഞ്ഞ ആഴ്ചയായിരുന്നു ഇന്ത്യന്‍-ചൈനീസ് സൈനികര്‍ മുഖാമുഖം ഏറ്റുമുട്ടലിന് തയ്യാറായത്. ഉന്നത സൈനികര്‍ ഇടപെട്ട് സംഘര്‍ഷം ലഘൂകരിക്കുകയായിരുന്നു. ഇന്ത്യന്‍ അതിര്‍ത്തിയില്‍ കയറിവന്ന് ബങ്കറുകള്‍ തകര്‍ക്കുകയും ഇന്ത്യന്‍ സേനയെ പ്രകോപിപ്പിക്കുകയും ചെയ്യുകയായിരുന്നു ചൈന. കയ്യേറിയ സ്ഥലങ്ങളില്‍ നിന്ന് ചൈന എത്രത്തോളം പിന്മാറിയെന്നതിന് വ്യക്തതയില്ല. അരുണാചലില്‍ നിരന്തരമായി നടക്കുന്ന സംഘര്‍ഷങ്ങള്‍ക്കൊപ്പം പുതിയ വെല്ലുവിളികളുയര്‍ത്തി ഇന്ത്യയെ അപമാനിക്കുകയാണ് ചൈനയുടെ ലക്ഷ്യം. അഫ്ഗാനിസ്ഥാനിലെ ഭരണമാറ്റം, വാഷിംഗ്ടണില്‍ നടന്ന ക്വാഡ ഉച്ചകോടിക്ക് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് ഉലച്ചില്‍ തട്ടിയിരുന്നു. അതിര്‍ത്തിയില്‍ കെട്ടിപ്പൊക്കുന്ന കെട്ടിടങ്ങളും ടെന്റുകളും സംശയം വര്‍ദ്ധിപ്പിക്കുന്ന രീതിയിലാണ്. യുദ്ധസന്നാഹ പ്രതീതിയാണ് ചൈന സൃഷ്ടിച്ചിട്ടുള്ളത്. സിവിലന്‍മാരെ ഉപയോഗിച്ചുള്ള അതിര്‍ത്തി മേഖലകളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലുള്ള ഇന്ത്യയുടെ ആശങ്ക പലതവണ ചൈനയെ അറിയിച്ചതാണ്. അതിര്‍ത്തി മേഖല സംരക്ഷിക്കുന്ന കാര്യത്തില്‍ ചൈനീസ് സര്‍ക്കാര്‍ സൈന്യത്തിന് പ്രത്യേക അവകാശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വിനാശകരമാണ്. പുതിയ നിയമത്തിന്റെ മറവില്‍ നിയന്ത്രണ രേഖക്ക് സമീപം ഏകപക്ഷീയമായ മാറ്റം വരുത്തി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് അവസാനിപ്പിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതൊന്നും ഉള്‍ക്കൊള്ളാന്‍ ചൈന തയ്യാറായില്ല. കിഴക്കന്‍ ലഡാക്കിലെയും അരുണാചലിലെയും അതിര്‍ത്തി പ്രശ്‌നങ്ങള്‍ക്ക് സൈനികവും രാഷ്ട്രീയവുമായ പരിഹാരം തേടി ഇരു രാജ്യങ്ങളും അനേകം തവണ ചര്‍ച്ച നടത്തിയിരുന്നു. ചൈനയുടെ അന്യായമായ അവകാശവാദം കാരണം ചര്‍ച്ചകള്‍ പരാജയപ്പെടുകയായിരുന്നു. അധിനിവേശ കശ്മീരിന്റെ ഭാഗമായുള്ള 5,180 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം പാക്കിസ്ഥാന്‍ ചൈനക്ക് നല്‍കിയത് തീര്‍ച്ചയായും ഇന്ത്യയെ ഉപദ്രവിക്കാനാണ്. പാസ്സാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ചൈന നടത്തിക്കൊണ്ടിരിക്കുന്ന ഏകപക്ഷീയമായ മാറ്റങ്ങളെ ഇന്ത്യ അംഗീകരിക്കുന്നില്ല. 1962-ലെ ചൈന-പാക്കിസ്ഥാന്‍ അതിര്‍ത്തി ഉടമ്പടിയെ നിയമവുമായി ബന്ധപ്പെടുത്താനായുള്ള ചൈനയുടെ ഏകപക്ഷീയമായ അതിര്‍ത്തി മാറ്റം ഇന്ത്യക്ക് ഒരിക്കലും അംഗീകരിക്കാന്‍ സാധ്യമല്ല. ‘ഏകപക്ഷീയ നീക്കം’ എന്നാണ് ഇന്ത്യ ഇതിനെ വിശേഷിപ്പിച്ചിട്ടുള്ളത്. ഇന്ത്യ-ചൈന അതിര്‍ത്തി പ്രദേശങ്ങളിലെ സാഹചര്യങ്ങള്‍ ഏകപക്ഷീയമായി മാറ്റാന്‍ സാധിക്കുന്ന ഈ നിയമത്തിന്റെ മറവില്‍ അതിര്‍ത്തിയില്‍ ചൈന പ്രകോപനം സൃഷ്ടിക്കാനുള്ള സാധ്യതകള്‍ ഏറെയാണ്. അതിര്‍ത്തിയും അതിര്‍ത്തിയിലെ പരമാധികാരവും സംരക്ഷിക്കുന്നതിന് വേണ്ടിയുള്ളതാണ് എന്ന ചൈനയുടെ വാദം മുന്‍കാല അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യക്ക് വിശ്വസിക്കാന്‍ സാധ്യമല്ല.

Related posts

Leave a Comment