ഇന്ത്യയുടെ അഖണ്ഡത തകര്‍ക്കുന്ന വിഘടനവാദികള്‍; ഇന്നത്തെ വീക്ഷണം എഡിറ്റോറിയൽ വായിക്കാം

ഇന്ത്യയുടെ വടക്ക് കിഴക്കന്‍ അതിര്‍ത്തി സംസ്ഥാനങ്ങള്‍ അശാന്തിയുടെ താഴ്‌വരകളായി തീരുകയാണോ? അമര്‍ച്ച ചെയ്ത് മാളങ്ങളിലൊളിച്ച തീവ്രവാദികളും വിഘടനവാദികളും പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചുവരികയാണോ? കഴിഞ്ഞ ദിവസം ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിയില്‍ അസം റൈഫിള്‍സിലെ കമാന്‍ഡറും കുടുംബവും നാല് ജവാന്‍മാരും വിഘടനവാദികളുടെ ബോംബേറും വെടിയുമേറ്റ് മരിച്ച ദാരുണ സംഭവം ഇന്ത്യയെ ഞെട്ടിക്കുന്നതാണ്. സ്വന്തന്ത്ര മണിപ്പൂര്‍ രാജ്യത്തിനായി പൊരുതുന്ന കമ്മ്യൂണിസ്റ്റ് ചായ്‌വുള്ള പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയാണ് അക്രമത്തിന് പിന്നില്‍. അസം, മേഘാലയ, ത്രിപുര, അരുണാചല്‍ പ്രദേശ്, മിസോറം, മണിപ്പൂര്‍, നാഗാലാന്റ് എന്നീ സംസ്ഥാനങ്ങളിലാണ് വിഘടനവാദവും അക്രമവും പെരുകി വരുന്നത്. രാജീവ്ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ അടിച്ചമര്‍ത്തിയ പഞ്ചാബിലെ തീവ്രവാദവും വീണ്ടും പുകഞ്ഞ് കത്താന്‍ തുടങ്ങുകയാണ്. ജമ്മുകശ്മീരില്‍ ചോരപ്പുഴ നിലയ്ക്കാതെ ഒഴകുമ്പോഴാണ് വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളിലും വെടിയൊച്ച മുഴങ്ങുന്നത്. സ്വാതന്ത്ര്യത്തിനുശേഷം 562 നാട്ടുരാജ്യങ്ങളെ ഇന്ത്യാ യൂണിയനോട് ചേര്‍ത്തത് കോണ്‍ഗ്രസ് ഭരണകൂടമായിരുന്നു. രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും കാത്തുസൂക്ഷിച്ചിരുന്നത് കോണ്‍ഗ്രസ് ആയിരുന്നു. എന്നാല്‍ ഏഴുവര്‍ഷത്തെ ബി.ജെ.പി ഭരണത്തില്‍ രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തിന്റെ കെട്ട് പൊട്ടുകയാണ്. രാജ്യത്തെങ്ങും വിഘടനവാദം ശക്തിയാര്‍ജ്ജിക്കുന്നു. അസമില്‍ ഉള്‍ഫയും മണിപ്പൂരില്‍ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയും മേഘാലയയില്‍ എല്‍ എ ഇ എഫ്, പി എല്‍ എഫ് തുടങ്ങിയ സംഘടനകളും എന്‍ എല്‍ എഫ് ടിയും ത്രിപുരയിലും നാഗാലാന്റിലും മിസോറാമിലും അരഡസന്‍ വിഘടനവാദി ഗ്രൂപ്പുകളും പ്രവര്‍ത്തിക്കുന്നു. പ്രത്യേക രാജ്യം, പ്രത്യേക സംസ്ഥാനം, വംശീയ രാഷ്ട്രം തുടങ്ങിയ വിഘടന ആശയങ്ങളാണ് ഇവര്‍ ഉന്നയിക്കുന്നത്. പല സായുധസംഘങ്ങളും ഇന്ത്യാ യൂണിയനുമായി സഹകരിക്കുമ്പോള്‍ ചിലര്‍ വിഘടനവാദം ഉപേക്ഷിക്കാന്‍ തയ്യാറല്ല. വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വേരുറപ്പിക്കാന്‍ ബി ജെ പി, തീവ്രവാദ ഗ്രൂപ്പുകളുമായി പരസ്യമായും രഹസ്യമായും സഖ്യത്തിലേര്‍പ്പെടുന്നു. ഏഴ് സംസ്ഥാനങ്ങളിലെ വിമതരും തദ്ദേശീയരും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ എപ്പോഴും സജീവമാണ്. സുരക്ഷാസേനയും തീവ്രവാദികളും മാത്രമല്ല സിവിലയന്‍മാരും കലാപങ്ങളില്‍ കൊലചെയ്യപ്പെടുന്നു. പല സംഘടനകളും അക്രമപാത കൈവിട്ടുകൊണ്ട് ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളായിരുന്നു. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളേക്കാള്‍ ഉയര്‍ന്ന ജനാധിപത്യ ബോധമുള്ളവരാണ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങള്‍. സംസ്ഥാന നിയമസഭകളിലേക്കും ലോക്‌സഭയിലേക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും നടക്കുന്ന വിവിധ തെരഞ്ഞെടുപ്പുകളില്‍ 80 ശതമാനത്തിലധികം പോളിംഗ് നടക്കുന്ന സംസ്ഥാനങ്ങളാണ് ഇവ. സായുധ മാര്‍ഗമല്ല, ജനാധിപത്യമാണ് തങ്ങള്‍ക്ക് വേണ്ടതെന്ന ജനങ്ങളുടെ അഭിലാഷമാണിത് പ്രകടമാക്കുന്നത്. എന്നാല്‍ സായുധ കലാപകാരികളെ അടിച്ചമര്‍ത്താനും ജനങ്ങളുടെ ആശങ്ക അകറ്റാനും കേന്ദ്രസര്‍ക്കാരിന് ഇപ്പോഴും സാധിച്ചിട്ടില്ല. മത-വംശീയ-ഗോത്ര വൈരങ്ങള്‍ മുതലെടുത്ത് ബി ജെ പി പ്രത്യേക നയമാണ് വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സ്വീകരിച്ചിരിക്കുന്നത്. അരുണാചല്‍ പ്രദേശ്, മിസോറം തുടങ്ങിയ തന്ത്രപ്രധാനമായ സംസ്ഥാനങ്ങളില്‍ രാഷ്ട്രീയ അസ്ഥിരതയും രാഷ്ട്രീയ കുതിരക്കച്ചവടവും നടത്തി ഭരണം പിടിച്ചെടുക്കാന്‍ ബി ജെ പി നടത്തിയ ശ്രമങ്ങള്‍ ജനാധിപത്യത്തിലുള്ള ജനതയുടെ വിശ്വാസത്തിന് മുറിവേല്‍പ്പിക്കുന്നതാണ്. തെരഞ്ഞെടുക്കപ്പെട്ട എം എല്‍ എമാരെ പണം നല്‍കി സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും അട്ടിമറി നടത്താന്‍ കേന്ദ്രത്തിലെ ഭരണകക്ഷിക്ക് യാതൊരു മടിയുമില്ല. ചൈന ഇപ്പോഴും അന്യായമായ അവകാശം ഉന്നയിക്കുന്ന അരുണാചല്‍ പ്രദേശില്‍പോലും കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിച്ച് ജനാധിപത്യം കൊലചെയ്തത് ഹൈക്കോടതി റദ്ദ് ചെയ്ത് സംസ്ഥാന സര്‍ക്കാരിനെ പുനഃസ്ഥാപിച്ചത് ബി ജെ പി ക്ക് ഏറ്റ കനത്ത പ്രഹരമായിരുന്നു. പാക്കിസ്ഥാനും ചൈനയും അടക്കമുള്ള രാജ്യങ്ങള്‍ ഇന്ത്യയില്‍ അസ്ഥിരത സൃഷ്ടിക്കാന്‍ ഇത്തരം വിഘടന സംഘടനകള്‍ക്ക് ആയുധവും പണവും നല്‍കിക്കൊണ്ടിരിക്കുകയാണ്. തീവ്രവാദി സംഘടനകളില്‍ പലതും ഇന്ത്യന്‍ ഭരണഘടനയുടെ കീഴില്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറുള്ളവരാണ്. എന്നാല്‍ അവരെ വിശ്വാസത്തിലെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവുന്നില്ല. വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും സ്‌ഫോടനാത്മകത നിലനില്‍ക്കുന്നത് അസമിലാണ്. പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കുന്നതിലുള്ള എതിര്‍പ്പിന്റെ കുന്തമുനയാണ് അസം. ആഭ്യന്തരമായും വൈദേശികവുമായ നിരവധി വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രദേശമാണ് വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങള്‍. അയല്‍ രാഷ്ട്രങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം സംഘര്‍ഷഭരിതമാകുമ്പോള്‍ ആഭ്യന്തരരംഗത്തും അതിന്റെ പ്രത്യാഘാതങ്ങളുണ്ടാകും. ചൈന, ഇന്ത്യന്‍ അതിര്‍ത്തി കൈയ്യേറി വീടുകള്‍ നിര്‍മ്മിച്ചിട്ടും അവരെ തിരിച്ചോടിക്കുന്നതിന് പകരം മൃദുസമീപനമാണ് ഇന്ത്യ സ്വീകരിച്ചത്. ഇത് മണിപ്പൂര്‍പോലുള്ള സംഭവങ്ങള്‍ക്ക് വളമാകും തീര്‍ച്ച.

Related posts

Leave a Comment