കാക്കിക്ക് കാക്കി തുണ; ഇന്നത്തെ വീക്ഷണം എഡിറ്റോറിയൽ

‘എന്നെ തല്ലേണ്ട അമ്മാവാ, ഞാൻ നന്നാവില്ല’ എന്ന ചൊല്ലുപോലെയാണ് നമ്മുടെ പൊലീസിന്റെ അവസ്ഥ. സക്രിയമാകേണ്ടിടത്ത് നിഷ്‌ക്രിയവും പ്രകോപനരഹിതമായി പ്രവർത്തിക്കേണ്ടിടത്ത് അതിക്രമങ്ങളുമാണ് കേരള പൊലീസിന്റെ ശൈലി. ബ്രിട്ടീഷ് ഭരണകാലത്തെയും രാജഭരണ കാലത്തെയും ഇടിയൻ പൊലീസ് എന്ന പരിഹാസപ്പേരിൽ നിന്നും പൊലീസ് ഒട്ടും മാറിയിട്ടില്ല. കമ്മ്യൂണിസ്റ്റ് ഭരണകാലത്തും പൊലീസിന്റെ അതിക്രമശൈലിക്കും ഒട്ടും കുറവൊന്നും ഉണ്ടായിട്ടില്ല. തലോടേണ്ടിടത്ത് തല്ലുകയും തല്ലേണ്ടവരെ താലോലിക്കുകയുമാണ്. നീതിന്യായ സ്ഥാപനങ്ങൾ നീതി വിധിക്കുന്നത് പൊലീസിന്റെ നിഷ്പക്ഷമായ വിവരമനുസരിച്ചാണ്. ഇതുപ്രകാരമാണ് ഇരകൾക്ക് നീതി ലഭിക്കുന്നത്. എന്നാൽ പൊലീസിന്റെ റിപ്പോർട്ട് പ്രകാരം വലിയ നീതിനിഷേധങ്ങളാണ് ഇവിടെ നടക്കുന്നത്. അന്യായക്കാരന് ശിക്ഷയും പ്രതികൾക്ക് രക്ഷയുമെന്ന രീതി വ്യാപകമായിക്കൊണ്ടിരിക്കയാണ്. കള്ളത്തെളിവുകളും കള്ളസാക്ഷികളെയും സൃഷ്ടിച്ചുകൊണ്ട് നീതി അട്ടിമറിക്കുകയാണ് പൊലീസ്. നാടിനൊരു നിയമമുണ്ടെങ്കിൽ അത് പരിപാലിക്കേണ്ട കടമ പൊലീസിനാണ്. എന്നാൽ ആ നിയമം ലംഘിക്കുന്നവരുടെ പക്ഷത്താണ് പൊലീസ്. അശരണർക്ക് അഭയവും പരാതിക്കാർക്ക് പരിഹാരവും നൽകേണ്ടിടത്താണ് പീഡനവും അവഗണനയും നടക്കുന്നത്. സ്വാതന്ത്ര്യത്തിന് മുക്കാൽനൂറ്റാണ്ട് പ്രായമായിട്ടും ബ്രിട്ടീഷ് പൊലീസിന്റെ താഡനരീതി കേരള പൊലീസ് ഇനിയും ഉപേക്ഷിച്ചിട്ടില്ല. ഇക്കാര്യത്തിൽ അവരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. അവർക്ക് ലഭിക്കുന്ന പാഠവും പരിശീലനവും ആ രീതിയിലുള്ളതാണ്. നമ്മുടെ പൊലീസിൽ നല്ലൊരു വിഭാഗം പൊലീസുകാരും ജനപക്ഷത്തല്ല, മാഫിയകളുടെയും പലതരം തട്ടിപ്പുകാരുടെയും ഭാഗത്താണ്. ഇത് മൊത്തം പൊലീസുകാർക്കെതിരെയുള്ള അധിക്ഷേപമോ കുറ്റപത്രമോ അല്ല. ചെറിയൊരു വിഭാഗത്തിന്റെ ചെയ്തികളാണ് പൊലീസ് സേനയുടെ സൽപ്പേരിന് കളങ്കം ചാർത്തുന്നത്. കോവിഡിന്റെയും പ്രളയത്തിന്റെയും ആസുരകാലത്ത് ഊണും ഉറക്കവും ഇല്ലാതെ സ്വന്തം കുടുംബത്തിന്റെ സുരക്ഷ കണക്കിലെടുക്കാതെ ആത്മാർത്ഥതയോടെയും മനുഷ്യത്വത്തോടെയും പ്രവർത്തിച്ച ആയിരക്കണക്കിന് പേർ പൊലീസ് സേനയിലുണ്ട്. ഡ്യൂട്ടി എന്നതിലപ്പുറം മനുഷ്യസ്‌നേഹം എന്ന മഹാഗുണത്തിന്റെ പേരിൽ പ്രവർത്തിച്ചവരാണവർ. സമൂഹവും ഭരണകൂടവും അത് കണ്ടറിയുകതന്നെ വേണം. രണ്ടാം പിണറായി സർക്കാർ അധികാരമേറ്റതിന് ശേഷം പൊലീസിന്റെ അതിക്രമങ്ങളും അന്യായങ്ങളും വർധിച്ചുവരികയാണ്. കാക്കിയിട്ടവർ തെറ്റ് ചെയ്താൽ കാക്കി തന്നെ സംരക്ഷിക്കുന്നുവെന്ന് കേരള ഹൈക്കോടതിയുടെ പരാമർശം പൊലീസ് സേനക്കും ആഭ്യന്തര വകുപ്പിനും നാണക്കേടാണ്. പൊലീസിന്റെ പക്ഷത്തുനിന്ന് വീഴ്ചകൾ സംഭവിച്ചാൽ അത് ഒറ്റപ്പെട്ട സംഭവമായി ഭരണകൂടം ലഘൂകരിക്കുമ്പോൾ ഇത്തരം സംഭവങ്ങൾ പരമ്പരകളായി പുറത്തുവരികയാണ്. ഏറ്റവും ഒടുവിലായി ഗാർഹിക പീഡനത്തിന് പരാതി കൊടുത്ത ആലുവയിലെ വിവാഹിതയും നിയമവിദ്യാർത്ഥിയുമായ മൊഫിയ ജീവനൊടുക്കിയത് ആലുവ സി ഐയുടെ അധിക്ഷേപത്തിന്റെ പേരിലായിരുന്നു. പരാതി കൊടുത്ത് ഇരുപത്തഞ്ച് ദിവസം പിന്നിട്ടിട്ടും നടപടിയൊന്നും സ്വീകരിക്കാതെ പ്രതികളുടെ മുന്നിൽവെച്ച് പരാതിക്കാരിയെ അപമാനിക്കുകയായിരുന്നു ആ പൊലീസ് ഉദ്യോഗസ്ഥൻ. നീതിനിഷേധം ക്രൂരമായപ്പോഴാണ് ജീവിതം അവസാനിപ്പിക്കാൻ ആ പെൺകുട്ടി തയ്യാറായത്. തൊട്ടടുത്ത ദിവസംതന്നെയായിരുന്നു അതേ ജില്ലയിൽ നായരമ്പലത്ത് മറ്റൊരു സ്ത്രീയും മകനും നീതിനിഷേധത്തിന്റെ പേരിൽ ആത്മഹത്യ ചെയ്തത്. അയൽവാസിയുടെ അതിക്രമം സഹിക്കവയ്യാതെ പരാതി നൽകി അഞ്ചുദിവസം പിന്നിട്ടിട്ടും അന്വേഷണം നടത്താൻ പൊലീസ് തയ്യാറാവാത്തതിന്റെ പേരിലാണ് സിന്ധു എന്ന സ്ത്രീ ജീവനൊടുക്കിയത്. ആറ്റിങ്ങലിൽ പിങ്ക് പൊലീസിന്റെ പരസ്യ അധിക്ഷേപത്തിന് അച്ഛനും മകളും ഇരയായതും ഏതാനും ആഴ്ചകൾക്ക് മുമ്പായിരുന്നു. നടുറോഡിൽ ആൾക്കൂട്ടത്തിനിടയിൽ വെച്ചായിരുന്നു ഈ അപമാനം. അതിന് മുമ്പും ഇത്തരം സംഭവങ്ങളുടെ പരമ്പരതന്നെയുണ്ടായി. എന്നിട്ടും നടപടിയുണ്ടായില്ല. സംസ്ഥാനത്ത് നടക്കുന്ന കള്ളക്കടത്തിലും ലഹരിമരുന്ന് കടത്തിലും ഈയിടെ ഉണ്ടായ പുരാവസ്തു തട്ടിപ്പിലും പൊലീസ് മേധാവി മുതൽ സാദാ പൊലീസുകാരൻ വരെ പങ്കാളിയായെന്ന് ആരോപണമുയർന്നിട്ടും അത് തെളിയിക്കാനുള്ള അന്വേഷണമുണ്ടായില്ല. സംസ്ഥാനത്ത് മാഫിയ സംഘങ്ങളും ക്വട്ടേഷൻ സംഘങ്ങളും നടത്തുന്ന അതീവ ഗുരുതരമായ നിയമലംഘന പ്രവർത്തികൾക്ക് കൂട്ടാളിയും രക്ഷകരുമായി നിൽക്കുന്നത് പൊലീസാണ്. ആ നിലയിൽ കേരളത്തിലെ ആഭ്യന്തരമന്ത്രി എന്ന നിലയിൽ പിണറായി വിജയൻ തികഞ്ഞ പരാജയമാണെന്ന് തെളിയിക്കപ്പെട്ടിരിക്കയാണ്. രാഷ്ട്രീയ പ്രതിയോഗികളെ അമർച്ച ചെയ്യാൻ എന്ത് മൃഗീയതയും പ്രയോഗിക്കുന്ന സി പി എം നേതൃത്വത്തിന് സംരക്ഷണം നൽകുന്ന പൊലീസിനെ നേർവഴിക്ക് നടത്താൻ സർക്കാരിന് സാധ്യമല്ലെന്നാണ് പെരുകിവരുന്ന പൊലീസ് അതിക്രമങ്ങൾ വിളംബരം ചെയ്യുന്നത്.

Related posts

Leave a Comment