ജനം ജലഭീതിയിൽ; സർക്കാർ നിസംഗതയിൽ; ഇന്നത്തെ വീക്ഷണം എഡിറ്റോറിയൽ വായിക്കാം

മുല്ലപ്പെരിയാർ വിഷയത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ പാലിക്കുന്ന നിസംഗതയും അലസ മനോഭാവവും കേരളത്തിന്റെ താൽപര്യങ്ങളെ പൂർണമായും തകർക്കുന്നതാണ്. രണ്ട് ലോക്‌സഭാ സീറ്റിനും ഏതാനും നിയമസഭാ സീറ്റുകൾക്കും വേണ്ടി കേരളത്തിലെ അഞ്ച് ജില്ലകളിലെ മുപ്പത് ലക്ഷത്തിലേറെ ജനങ്ങളെ ജലസമാധിയിലേക്ക് തള്ളിവിടുകയാണ് കേരള ഭരണകൂടം. യാതൊരു മുന്നറിയിപ്പും കൂടാതെ ജനങ്ങൾ ഉറങ്ങിക്കിടക്കുന്ന വേളയിൽ ഡാം തുറന്ന് വിടുകയും വെള്ളമൊഴുക്കി വിടുകയും ചെയ്യുന്നത് മനുഷ്യത്വരഹിത നടപടിയാണ്. സഹിഷ്ണുതയോടെയും സൗഹാർദ്ദത്തോടെയും കഴിയുന്ന കേരള ജനതക്ക് നേരെ ജല ബോംബുകളാണ് തമിഴ്‌നാട് പ്രയോഗിക്കുന്നത്. അതീവ ഗുരുതരാവസ്ഥയിലാണ് മുല്ലപ്പെരിയാർ പ്രശ്‌നം എത്തിനിൽക്കുന്നത്. തമിഴ്‌നാടിനെയോ സുപ്രീംകോടതിയെയോ മേൽനോട്ട സമിതിയെയോ പ്രശ്‌നത്തിന്റെ ഗുരുതരാവസ്ഥ ബോധ്യപ്പെടുത്തുന്നതിൽ മുഖ്യമന്ത്രി പിണറായി വിജയൻ അറച്ചും പകച്ചും നിൽക്കുകയാണ്. നിസ്സാരകാര്യങ്ങൾക്ക് ആയിരം നാവുമായി രംഗത്തുവരാറുള്ള പിണറായി വിജയൻ ഇപ്പോൾ പാലിക്കുന്ന ബോധപൂർവ്വമായ മൗനം ആരെ പ്രീതിപ്പെടുത്താനാണ്. മുന്നറിയിപ്പില്ലാതെ ഡാം തുറന്നുവിടുന്നത് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അറിഞ്ഞുകൊണ്ടായിരിക്കണമെന്നില്ല. ഉദ്യോഗസ്ഥരുടെ നിരുത്തരവാദ നടപടിയായിരിക്കാം. ഡാം തുറന്ന് വിടേണ്ട സമയത്ത് തുറക്കാതിരിക്കുകയും അടച്ചിടേണ്ട സമയത്ത് മുന്നറിയിപ്പില്ലാതെ തുറന്നുവിടുകയും ചെയ്യുന്നത് ഭീകര നടപടിയാണ്. ഇതേക്കുറിച്ചും പിണറായി വിജയൻ മൗനത്തിലാണ്. നിയമപരമായ പോരാട്ടത്തിൽ പലരംഗത്തും കേരളം പ്രതിബദ്ധതയോടെയും കാര്യഗൗരവത്തോടെയും നടപടികളെടുക്കാത്തതിന്റെ ഫലമാണ് ഈ ജലബോംബ് ഭീഷണി. മുപ്പത്‌ലക്ഷം ജനങ്ങളുടെ ജീവനും ജീവിതവും വൻപ്രളയത്തിന് വിട്ടുകൊടുക്കാനാണോ സർക്കാർ ശ്രമിക്കുന്നത്. എല്ലാം പൊറുത്തും സഹിച്ചും കഴിയുന്ന കേരളത്തെ പ്രകോപിപ്പിക്കുന്ന രീതിയിലുള്ള വൈകോയുടെ പ്രസ്താവന സമാധാനമല്ല സംഘർഷമാണ് സൃഷ്ടിക്കുക. ഡാം ഡീകമ്മീഷൻ ചെയ്യണമെന്നും പുതിയ അണക്കെട്ട് നിർമ്മാണത്തിലൂടെ തമിഴ്‌നാട്ടിൽ വെള്ളവും കേരളത്തിന് രക്ഷയും നൽകണമെന്നുമാണ് നമ്മുടെ സംസ്ഥാനത്തിന്റെ നിലപാട്. തമിഴ്‌നാട് തയ്യാറാക്കിയ റൂൾകർവ് പ്രകാരം അണക്കെട്ടിലെ ജലനിരപ്പ് ഒക്‌ടോബർ 31വരെ 138 അടിയാക്കാം. നവംബർ പത്തിലെ പരമാവധി ജലനിരപ്പ് 139.5 അടിയും. നവംബർ 20-ലെ ജലനിരപ്പ് 141 അടിയും നവംബർ 30-ലെ ജലനിരപ്പ് 142 അടിയുമാണ്. പ്രവചനാതീതമായ കാലാവസ്ഥ കാരണം ഇത് സ്വീകാര്യമല്ലെന്ന് കേരളം അറിയിച്ചിട്ടും തമിഴ്‌നാട് ഏകപക്ഷീയമായി മുന്നോട്ടു പോവുകയായിരുന്നു. ജലനിരപ്പിനെ സംബന്ധിച്ച് കേരളത്തിന്റെ ആശങ്കയും ഭീതിയും അയൽ സംസ്ഥാനത്തെ ബോധ്യപ്പെടുത്തുന്നതിന് കേരളത്തിന് ക്രിയാത്മകമായ നിലപാടെടുക്കാൻ സാധിച്ചിട്ടില്ല. മേൽനോട്ട സമിതി പല ഘട്ടങ്ങളിലും തമിഴ്‌നാടിന് അനുകൂല നിലപാടുകൾ സ്വീകരിക്കുകയും സുപ്രീംകോടതിയെ അത് ബോധ്യപ്പെടുത്തുകയും ചെയ്യുന്നതുകൊണ്ടാണ് ഈ നിലയിൽ വിജയം എപ്പോഴും തമിഴ്‌നാടിനുണ്ടാകുന്നത്. നാവനക്കാൻ പിണറായി വിജയനോ ബുദ്ധിയോടെ പ്രവർത്തിക്കാൻ കേരളത്തിലെ ഉദ്യോഗസ്ഥരോ തയ്യാറാവാത്തതാണ് കേരളത്തിന്റെ ഗതികേട്. ഇപ്പോൾ അണക്കെട്ട് തകരുമോ എന്ന ഭീതിയല്ല ജനങ്ങളെ അലട്ടുന്നത്. അർദ്ധരാത്രി മുന്നറിയിപ്പില്ലാതെ ഡാം തുറന്നുവിടുന്നതാണ് ഏറ്റവും വലിയ പ്രശ്‌നം. ജനങ്ങൾ ഉറങ്ങിക്കിടക്കുമ്പോൾ ഡാം തുറന്ന് ജനങ്ങളെ മുക്കിക്കൊല്ലുന്നത് ശത്രുരാജ്യങ്ങൾപോലും ചെയ്യാത്ത നടപടിയാണ്. പ്രളയം ഭയന്ന് പെരിയാറിന്റെ തീരത്തുനിന്ന് ജനങ്ങൾ ഒഴിഞ്ഞുപോവുകയാണ്. ഒരിക്കലും വെള്ളം കയറില്ലെന്ന് കരുതിയിരുന്ന വീടുകളെയും കെട്ടിടങ്ങളെയുമാണ് ജലം വിഴുങ്ങിയിരിക്കുന്നത്. ഇത്രയേറെ അപകടവും ആപത്തും പൊട്ടിപ്പുറപ്പെട്ടിട്ടും മേൽനോട്ട സമിതിയെ സമീപിക്കാൻ കേരളം തയ്യാറാവാത്തത് ദുരൂഹമാണ്. മുന്നറിയിപ്പില്ലാതെ കഴിഞ്ഞ രണ്ടുദിവസങ്ങളായി തമിഴ്‌നാട് വെള്ളം തുറന്നുവിടുകയായിരുന്നു. ഇതിനെതിരെ ഉദ്യോഗസ്ഥ തലത്തിലുള്ള ചർച്ചയല്ല ആവശ്യം. മന്ത്രിതലത്തിലുള്ള ചർച്ചയാണ് വേണ്ടത്. യാതൊരു ദാക്ഷിണ്യവും കൂടാതെ അർദ്ധരാത്രിയിൽ ഡാം തുറക്കുന്നത് മേൽനോട്ട സമിതിയെയോ സുപ്രീംകോടതിയെയോ കേരളം ബോധ്യപ്പെടുത്തിയിട്ടില്ല. അതുകൊണ്ട് പ്രശ്‌നം അത്ര ഗൗരവമുള്ളതല്ലെന്നാണ് തമിഴ്‌നാട് സർക്കാരും കരുതുന്നത്. കഴിഞ്ഞ ഒരാഴ്ചക്കാലമായി പെരിയാറിന്റെ തീരത്ത് താമസിക്കുന്നവർ മരണത്തിനും ജീവിതത്തിനും ഇടയിലുള്ള നൂൽപ്പാലത്തിലാണ്. എപ്പോഴാണ് ജലം സംഹാരശേഷിയുമായി ഒഴുകിയെത്തുക എന്ന് പറയാനാവില്ല. ഇടുക്കി അണക്കെട്ടും തുറന്നതോടെ ജനങ്ങളുടെ ഭീതി ഇരട്ടിക്കുകയാണ്. തമിഴ്‌നാട് മുഖ്യമന്ത്രിയ്ക്ക് കത്തെഴുതിയിട്ടുണ്ടെന്ന ബാലിശവാദമാണ് കേരള സർക്കാർ ഉന്നയിക്കുന്നത്. കോവിഡിന്റെയും ഒമിക്രോണിന്റെയും ഭീഷണി നിലനിൽക്കെ ക്യാമ്പുകളിലും ബന്ധുവീടുകളിലും മാറി താമസിക്കുന്നത് ഏറെ പ്രയാസകരമാണ്. വെള്ളം പെരിയാർ തീരത്തെ വിഴുങ്ങിയാൽ തമിഴ്‌നാട് സർക്കാരിനെപ്പോലെ കേരള സർക്കാരും ആ ദുരന്തത്തിന്റെ ഉത്തരവാദികളായിരിക്കും.

Related posts

Leave a Comment