മന്ത്രി വീണ വായിക്കുമ്പോൾ; ഇന്നത്തെ വീക്ഷണം എഡിറ്റോറിയൽ വായിക്കാം

രണ്ടാം പിണറായി മന്ത്രിസഭയിൽ വീണാ ജോർജ് കയറിപ്പറ്റിയത് ലോട്ടറി അടിച്ചപോലെയായിരുന്നു. ശ്രീമതി ടീച്ചറും ശൈലജ ടീച്ചറും വഹിച്ച പദവിയിൽ അത്രയൊന്നും രാഷ്ട്രീയ പാരമ്പര്യമില്ലാത്ത വീണയ്ക്ക് തുണയായത് സാമുദായിക പിന്തുണയായിരുന്നു. മന്ത്രിയായത് മുതൽ വിവാദത്തിലായിരുന്നു അവർക്ക് കമ്പം. ഏറ്റവും ഒടുവിൽ ആരോഗ്യരംഗത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് അവർ നടപ്പാക്കുന്നത്. മാധ്യമങ്ങളോട് ആരോഗ്യപ്രവർത്തകർ മുൻകൂർ അനുമതി വാങ്ങണമെന്നാണ് സർക്കുലറിലൂടെ അവർ ആജ്ഞാപിച്ചിരിക്കുന്നത്. കൃത്യമായി പരിശോധിക്കാതെയും ഏകോപനമില്ലാതെയും മാധ്യമവാർത്തകൾ വരുന്നത് പൊറുക്കാനാവില്ലെന്നാണ് വീണയുടെ വാദം. കോവിഡിന്റെ പാരമ്യത്തിൽ പലയിടങ്ങളിലും ആരോഗ്യ പ്രവർത്തകർ ആക്രമിക്കപ്പെടുമ്പോൾ ഇതുസംബന്ധിച്ച് നിയമസഭയിൽ കള്ളം പറഞ്ഞ മന്ത്രിയെന്ന് വരെ വിശേഷിപ്പിക്കേണ്ടിവന്നു. ഡോക്ടർമാർ ആക്രമിക്കപ്പെട്ടത് ശ്രദ്ധയിൽപ്പെട്ടില്ലെന്നായിരുന്നു അവരുടെ നിലപാട്. ആരോഗ്യരംഗത്ത് വലിയ വിവാദം സൃഷ്ടിച്ച ഈ പ്രസ്താവന അവർക്ക് തിരുത്തേണ്ടിവന്നു. ദത്ത് വിഷയത്തിലും സമാന നിലപാടായിരുന്നു അവർക്കുണ്ടായിരുന്നത്. നൊന്തുപ്രസവിച്ച അമ്മയ്ക്ക് കുഞ്ഞിനെ നൽകാതെ ശിശുക്ഷേമ സമിതിയെ പിന്തുണയ്ക്കുകയായിരുന്നു അവർ. താൻ പ്രതിക്കൂട്ടിലാകുമെന്ന് തോന്നിയപ്പോൾ കുഞ്ഞിന്റെ അമ്മയെ ആശ്വസിപ്പിക്കാനെന്ന വ്യാജേന ശിശുക്ഷേമ സമിതിയെയും സി പി എമ്മിന്റെ നിലപാടിനെയും സാധൂകരിക്കുകയായിരുന്നു അവർ. ഈ രണ്ട് സംഭവങ്ങളും വീണാ ജോർജ്ജിന്റെ പ്രതിച്ഛായ തകർത്തപ്പോഴാണ് അട്ടപ്പാടിയിൽ ശിശുമരണം ആവർത്തിച്ചത്. അടുത്തടുത്ത ദിവസങ്ങളിൽ നാല് നവജാത ശിശുക്കൾ മരണപ്പെട്ടപ്പോൾ പ്രതികരിക്കാതിരുന്ന ആരോഗ്യമന്ത്രി പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ യു ഡി എഫ് സംഘം സ്ഥലം സന്ദർശിക്കാൻ തീരുമാനിച്ചപ്പോൾ മിന്നൽ സന്ദർശനം നടത്തുകയായിരുന്നു. ഇത് ഡോക്ടർമാർക്കിടയിൽ വൻ എതിർപ്പിന് കാരണമായിരിക്കയാണ്. അട്ടപ്പാടി ട്രൈബൽ നോഡൽ ഓഫീസർ ഡോ പ്രഭുദാസിനെ അറിയിക്കാതെ മന്ത്രി മിന്നൽ സന്ദർശനം നടത്തുകയായിരുന്നു. തിരുവനന്തപുരത്ത് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗമുണ്ടെന്നറിയിച്ച് നോഡൽ ഓഫീസറെ സ്ഥലത്തുനിന്ന് മാറ്റിക്കൊണ്ടായിരുന്നു മന്ത്രിയുടെ ആശുപത്രി സന്ദർശനം. അട്ടപ്പാടിയുടെ പ്രശ്‌നങ്ങളെ സംബന്ധിച്ച് രണ്ടുദിവസം മുമ്പ് മുഖ്യമന്ത്രി ഓൺലൈനിൽ വിളിച്ചുചേർത്ത യോഗത്തിൽ നോഡൽ ഓഫീസർ പങ്കെടുത്തിരുന്നു. യോഗത്തിന്റെ തീരുമാനപ്രകാരമായിരുന്നു ഡിസംബർ 4ന് വീണ്ടും ചർച്ച ചെയ്യാമെന്നും കാര്യങ്ങൾ വിശദമായി പരിശോധിക്കാമെന്നും തീരുമാനിച്ചത്. ഹെൽത്ത് സെക്രട്ടറിയും ഇക്കാര്യം അംഗീകരിച്ചതാണ്. ആരോഗ്യമന്ത്രിയും യോഗത്തിൽ സംബന്ധിക്കാമെന്ന് സമ്മതിച്ചിരുന്നു. ഇതുപ്രകാരം വിശദമായ രേഖകളുമായി നോഡൽ ഓഫീസർ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. യോഗം റദ്ദാക്കിയതിനെ സംബന്ധിച്ചോ ആരോഗ്യമന്ത്രിയുടെ മിന്നൽ സന്ദർശനത്തെ സംബന്ധിച്ചോ യാതൊരു വിവരവും ഉയർന്ന ഉദ്യോഗസ്ഥന്മാരിൽ നിന്ന് അദ്ദേഹത്തിന് ലഭിച്ചില്ല. നോഡൽ ഓഫീസറെ വിശ്വാസത്തിലെടുക്കാതെയാണ് മന്ത്രിയും മറ്റ് ഉയർന്ന ഉദ്യോഗസ്ഥരും അദ്ദേഹത്തെ സ്ഥലത്തുനിന്ന് മാറ്റിനിർത്തിയത്. ഇതിന് പിന്നിലുള്ള ദുരൂഹത അന്വേഷിക്കേണ്ടതാണ്. ശിശുമരണങ്ങൾ നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും സ്ഥലം സന്ദർശിക്കാത്ത ആരോഗ്യവകുപ്പ് മന്ത്രി മിന്നൽ സന്ദർശനം നടത്തിയത് അപഹാസ്യമാണ്. അട്ടപ്പാടിയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ഗുരുതരമായ സംഭവങ്ങളിൽ സർക്കാരിനോ വകുപ്പ് മന്ത്രിക്കോ യാതൊരു ഉത്കണ്ഠയും ആശങ്കയുമില്ല. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ശിശുമരണങ്ങൾ ഉണ്ടായപ്പോൾ മന്ത്രി എ കെ ബാലൻ ആദിവാസി സ്ത്രീകളെ പരിഹസിക്കുന്ന പരാമർശങ്ങളായിരുന്നു നിയമസഭയിൽ നടത്തിയിരുന്നത്. മന്ത്രിമാർ മിന്നൽ സന്ദർശനം നടത്തുന്നത് പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനല്ല. വിലകുറഞ്ഞ കൈയ്യടിക്ക് വേണ്ടിയാണ്. ഇത് ആരംഭശൂരത്വമാണ്. മന്ത്രിമാർ ദുർബലരും പരിജ്ഞാനമില്ലാത്തവരും ആകുമ്പോൾ ഉദ്യോഗസ്ഥന്മാർ ഭരണത്തിന്റെ കടിഞ്ഞാൺ കയ്യിലെടുക്കും. പിണറായി മന്ത്രിസഭയിൽ ഏറെ വകുപ്പിലും ഉദ്യോഗസ്ഥ ഭരണമാണ്.

Related posts

Leave a Comment