സഹന സമരത്തിന്റെ സമ്പൂർണ വിജയം; ഇന്നത്തെ വീക്ഷണം എഡിറ്റോറിയൽ വായിക്കാം

കർഷകലക്ഷങ്ങളുടെ സഹനസമരത്തിന് മുമ്പിൽ ഭരണകൂടത്തിന്റെ ധിക്കാരം മൺചിറപോലെ തകർന്നു. ഏതാണ്ട് ഒരുവർഷം തികയാൻ ഒരാഴ്ചമാത്രം ബാക്കി നിൽക്കെ ഉത്തരേന്ത്യൻ വയലേലകളിലും രാജ്യതലസ്ഥാന നഗരിയുടെ അതിർത്തികളിലും ആളിക്കത്തിയ തീക്ഷ്ണമായ സമരം മോദി സർക്കാരിന്റെ തോൽവിയുടെ വാട്ടർലൂ ആയി മാറുകയായിരുന്നു. ഓർഡിനൻസിലൂടെ സർക്കാർ കൊണ്ടുവന്ന മൂന്ന് കർഷക നിയമങ്ങളും പിൻവലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തോട് പ്രഖ്യാപിച്ചെങ്കിലും പ്രധാനമന്ത്രിയുടെ വാക്കുകളിൽ വിശ്വാസമില്ലാത്ത കർഷക സമര നേതാക്കൾ ഉടൻ സമരം പിൻവലിക്കാൻ തയ്യാറായിട്ടില്ല. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ നിയമം പിൻവലിച്ചുള്ള ബിൽ പാസ്സാക്കിയാൽ മാത്രമേ തങ്ങൾ സമരരംഗത്തുനിന്ന് പിൻമാറുകയുള്ളൂ എന്നവർ പ്രഖ്യാപിച്ചു. കൊടുംതണുപ്പും പേമാരിയും കത്തിയാളുന്ന ചൂടും സഹിച്ച് ഒരുവർഷത്തോളമായി ഡൽഹിയുടെ മൂന്ന് അതിർത്തി കേന്ദ്രങ്ങളിൽ സമരം ചെയ്യുന്ന കർഷകരുടെ ഉറവ് വറ്റാത്ത സമരോർജ്ജമാണ് രാജ്യം കണ്ടത്. ഇന്ത്യയിൽ നടക്കുന്ന ഉജ്ജ്വലമായ കർഷക സമരത്തെക്കുറിച്ച് ലോകരാഷ്ട്രങ്ങളും ആഗോള മാധ്യമങ്ങളും അഭിപ്രായം രേഖപ്പെടുത്തുന്നത് കേന്ദ്രസർക്കാരിന് നാണക്കേടുളവാക്കുന്നതായിരുന്നു. സമരപ്പന്തലിലും പരിസരപ്രദേശങ്ങളിലും നിരാശരായ നിരവധി കർഷകർ ആത്മഹത്യ ചെയ്യുകയുണ്ടായി. പൊലീസും ബി ജെ പി ഗുണ്ടകളും നിരവധി കർഷകരെ ക്രൂരമായി മർദ്ദിച്ച് മൃതപ്രായരാക്കി. ലഖിംപൂരിൽ സമരക്കാരുടെ ഇടയിലേക്ക് ബി ജെ പി നേതാക്കൾ വാഹനം ഓടിച്ചുകയറ്റി നിരവധിപേരെ കൊലപ്പെടുത്തുകയുണ്ടായി. 750 ഓളം പേരാണ് സമരത്തിന്റെ ഭാഗമായി മരിച്ചത്. ഇതിനെതിരെ യോഗിആദിത്യനാഥിന്റെ പൊലീസ് ഒരു പെറ്റിക്കേസുപോലും എടുത്തില്ല. സുപ്രീംകോടതി പലതവണ ഇടപെട്ടപ്പോഴാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കേസന്വേഷണം അട്ടിമറിക്കുമെന്ന് ബോധ്യമായപ്പോൾ സുപ്രീംകോടതി കേസന്വേഷണത്തിന്റെ മേൽനോട്ടത്തിന് ജഡ്ജിയെ നിയമിക്കുകയുണ്ടായി. ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന നിയമ പിൻമാറ്റം സർക്കാരിന്റെ സൗജന്യമോ കർഷകരോടുള്ള സ്‌നേഹമോ അല്ല. ഉത്തർപ്രദേശ് അടക്കം അഞ്ച് സംസ്ഥാന നിയമസഭകളിലേക്ക് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ വമ്പിച്ച തോൽവിയുണ്ടാകുമെന്ന പേടിയും പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ സർക്കാർ കടുത്ത വിമർശനങ്ങൾക്ക് വിധേയമാകുമെന്ന ആശങ്കയുമാണ് പിൻമാറ്റത്തിന് മോദിയെ പ്രേരിപ്പിച്ചത്. വിത്തിന്റെയും വിളയുടെയും വില നിശ്ചയിക്കാനും എവിടെ, എപ്പോൾ, എന്ത് കൃഷി ചെയ്യണമെന്ന് തീരുമാനിക്കാനുള്ള അവകാശം കോർപ്പറേറ്റുകൾക്ക് നൽകുന്ന നിയമമാണ് സന്ധിയില്ലാത്ത സമരത്തിലൂടെ കർഷകർ കൊന്ന് കുഴിച്ചുമൂടുന്നത്. കടലും കാടും കരയും വ്യവസായശാലകളും വിമാനത്താവളങ്ങളും കോർപ്പറേറ്റുകൾക്ക് തീറെഴുതിക്കൊടുത്തപോലെ വയലേലകളും പറിച്ചെടുക്കാനുള്ള സർക്കാർ-കോർപ്പറേറ്റ് ചങ്ങാത്തത്തെയാണ് ദരിദ്ര കർഷക ലക്ഷങ്ങൾ പട്ടിണി സമരത്തിലൂടെ തോൽപ്പിച്ചത്. മുപ്പത്തിരണ്ട് പ്രമുഖ കർഷക സംഘടനകളുടെ നേതൃത്വത്തിൽ നടന്നുവരുന്ന സമരത്തെ തമ്മിലടിപ്പിച്ച് തകർക്കാൻ സർക്കാർ പലതവണ ശ്രമിച്ചു. വർഗപരമായും വർഗീയപരമായുമുള്ള വിഭജന ശ്രമങ്ങളും നടന്നു. സമരത്തെ സിഖ് തീവ്രവാദവുമായി ബന്ധപ്പെടുത്തി വർഗീയവൽക്കരണം നടത്തി. സിഖുകാരും ജാട്ടുകളും സർക്കാരിനെതിരെ കർഷകപക്ഷത്തിന് പിന്തുണ നൽകിയത് വർഗീയതയായി ചിത്രീകരിച്ചു. നിയമം പിൻവലിക്കാനുള്ള പ്രഖ്യാപനം നടത്താൻ ഗുരുനാനാക്ക് ജയന്തിദിനം തെരഞ്ഞെടുത്തത് ബോധപൂർവ്വമായ വർഗീയ പ്രീണനമായിരുന്നു. ചെറുകിട കർഷകരുടെ ക്ഷേമത്തിന് വേണ്ടിയാണ് നിയമം കൊണ്ടുവന്നതെന്ന് ആണയിടുന്ന പ്രധാനമന്ത്രി കർഷക ക്ഷേമമാണ് ലക്ഷ്യമെങ്കിൽ എന്തിന് അത് പിൻവലിക്കണം. ഞങ്ങൾ എത്ര ശ്രമിച്ചിട്ടും ചില കർഷകരെ ബോധ്യപ്പെടുത്തുന്നതിൽ പരാജയപ്പെട്ടു എന്ന് തലകുനിച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രിയുടെ പ്രസംഗത്തിലുടനീളം തോൽവിയും കുറ്റബോധവും തിരയടിക്കുകയായിരുന്നു. ഏഴുവർഷത്തെ മോദി സർക്കാരിന്റെ ഭരണത്തിലുണ്ടായ ഏറ്റവും വലിയ തിരിച്ചടിയാണ് നിയമങ്ങൾ പിൻവലിക്കുന്നതിലൂടെ സർക്കാരിനുണ്ടായിരിക്കുന്നത്. നിയമങ്ങൾ നടപ്പിലാക്കുന്നത് താൽക്കാലികമായി നിർത്തിവെയ്ക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടും വഴങ്ങാത്ത മോദി ഇപ്പോൾ വഴങ്ങിയത് തെരഞ്ഞെടുപ്പ് പേടികൊണ്ടാണ്. മോദിയെ തെരഞ്ഞെടുപ്പിലൂടെ മാത്രമല്ല, സമരങ്ങളിലൂടെയും തോൽപ്പിക്കാൻ സാധ്യമല്ലെന്നുള്ള ബി ജെ പിയുടെ അഹങ്കാരത്തിനേറ്റ പ്രഹരമാണിത്. മുന്നോട്ടുവെച്ച കാല് പിന്നോട്ടില്ലെന്നുള്ള മോദിയുടെ പ്രമാണവാക്യം തകർന്ന് തരിപ്പണമായിരിക്കുന്നു. മോദിയുടെ പ്രഖ്യാപനം കേട്ട് സമരപ്പന്തൽ പൊളിച്ച് തങ്ങൾ ഗ്രാമങ്ങളിലേക്ക് മടങ്ങുമെന്ന് കരുതേണ്ടെന്നും പതിനായിരക്കണക്കിന് കർഷകരുടെ അഹോരാത്ര അധ്വാനവും പട്ടിണിയും കൈക്കുഞ്ഞുങ്ങളുടെപോലും സഹനവും 750-ഓളം കർഷകരുടെ ജീവനും തങ്ങൾ ഈ സമരത്തിന് സമർപ്പിച്ചിട്ടുണ്ടെന്നാണ് കർഷകരുടെ വാദം. മോദിയുടെ പ്രഖ്യാപനം കേട്ട് അതിനെയൊക്കെ വ്യർത്ഥവും അനാഥവുമാക്കുന്ന വിഡ്ഢികളല്ല കർഷകരെന്ന് സമര നേതാക്കൾ പ്രധാനമന്ത്രിയെ ഓർമ്മപ്പെടുത്തി. ബി ജെ പിയിൽ തോൽവിയുടെ കാലം വരവായി.
സഹന സമരത്തിന്റെ സമ്പൂർണ വിജയം

Related posts

Leave a Comment