കാലഹരണപ്പെട്ട കോൺഗ്രസ് വിരോധം; ഇന്നത്തെ വീക്ഷണം എഡിറ്റോറിയൽ വായിക്കാം

വാല് തലയെ നയിക്കുന്ന ജൈവവൈരുദ്ധ്യമാണ് സി പി എമ്മിൽ നടക്കുന്നത്. കോൺഗ്രസുമായി സഖ്യമോ തെരഞ്ഞെടുപ്പ് ധാരണയോ ഉണ്ടാക്കാൻ താല്പര്യമില്ലെന്ന സി പി എം പോളിറ്റ്ബ്യൂറോയുടെ തീരുമാനം യാതൊരു രാഷ്ട്രീയ പ്രത്യാഘാതവും സൃഷ്ടിക്കാൻ പോകുന്നില്ല. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂർ, ഗോവ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ അടുത്തമാസം ആദ്യം നടക്കുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യമില്ലെന്നാണ് പി ബിയുടെ പ്രഖ്യാപനം. ഇതിൽ പോളിറ്റ്ബ്യൂറോയുടെ അഭിപ്രായം പ്രതിഫലിക്കുന്നില്ല. അന്ധമായ കോൺഗ്രസ് വിരോധത്തിന്റെ കുന്തമുന മാത്രമാണ്. സി പി എം അഭിമുഖീകരിക്കുന്ന രാഷ്ട്രീയ ഗതികേടാണിത്. പശ്ചിമ ബംഗാളിലും തമിഴ്‌നാട്ടിലും നാല് മാസങ്ങൾക്ക് മുമ്പ് പരസ്യമായ തെരഞ്ഞെടുപ്പ് ധാരണയിലായിരുന്ന സി പി എം, കേരളത്തിലെ പോളിറ്റ്ബ്യൂറോ അംഗങ്ങളുടെയും കേന്ദ്രസമിതി അംഗങ്ങളുടെയും എതിർപ്പിനെ തുടർന്നാണ് ഇത്തരത്തിൽ നപുംസക നയം സ്വീകരിക്കുന്നത്. അതേസമയം സംസ്ഥാന ഘടകങ്ങൾക്ക് പ്രാദേശിക സാഹചര്യം കണക്കിലെടുത്ത് സഖ്യമുണ്ടാക്കാനുള്ള അനുവാദവും പോളിറ്റ്ബ്യൂറോ നൽകുന്നുണ്ട്. അന്ധമായ കോൺഗ്രസ് വിരോധമാണ് സി പി എമ്മിനെ ഇന്ത്യൻ രാഷ്ട്രീയത്തിൽ അപ്രസക്തരാക്കിയത്. ജനതാദൾ സർക്കാരിന്റെ കാലത്തും ദേശീയ മുന്നണി ഭരണകാലത്തും ഒന്നാം യു പി എ സർക്കാരിന്റെ ഭരണത്തിലും പ്രസക്തിയും പ്രാധാന്യവുമുള്ള രാഷ്ട്രീയ ചേരിയായിരുന്നു ഇടതുപക്ഷവും കമ്മ്യൂണിസ്റ്റ് പാർട്ടികളും. മൂന്നര പതിറ്റാണ്ട് ഭരിച്ച പശ്ചിമബംഗാളിൽ ഇന്ന് ഒരു എം എൽ എയോ എം പിയോ സി പി എമ്മിനില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നിരവധി സീറ്റുകളിൽ സി പി എമ്മിന് കെട്ടിവെച്ച കാശ് നഷ്ടപ്പെട്ടു. മൂന്നും നാലും സ്ഥാനങ്ങളിലേക്ക് പാർട്ടി തുടച്ചുമാറ്റപ്പെട്ടു. കോൺഗ്രസിനോടുള്ള കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സമീപനം എക്കാലത്തും പരിഹാരരഹിതമായ പ്രശ്‌നമായിരുന്നു. പ്രത്യയശാസ്ത്രപരമായ ഭിന്നതകളും വ്യക്തിപരമായ വിരോധങ്ങളും കൊണ്ട് എന്നും വിഘടിച്ച് പ്രവർത്തിക്കേണ്ട സാഹചര്യമായിരുന്നു ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് അഭിമുഖീകരിക്കേണ്ടി വന്നിട്ടുള്ളത്. ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളിൽ കമ്മ്യൂണിസ്റ്റ് പാർട്ടി സ്വീകരിച്ച തെറ്റായ സമീപനമായിരുന്നു പാർട്ടിക്ക് ഇന്ത്യയിലെങ്ങും വേര് പടർത്താനും ശാഖ വിരിക്കാനും സാധിക്കാതെ വന്നത്. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തോടും നെഹ്‌റു സർക്കാരിനോടും പാർട്ടി സ്വീകരിച്ച നയം പിന്നീടവർക്ക് തിരുത്തേണ്ടി വന്നു. 1948-ൽ കൊൽക്കത്തയിൽ ചേർന്ന പാർട്ടി കോൺഗ്രസിൽ നെഹ്‌റു സർക്കാരിനോട് സ്വീകരിക്കേണ്ട നിലപാടിൽ കടുത്ത ഭിന്നത പാർട്ടിയെ രണ്ട് തട്ടിലാക്കി. ദേശീയ ബൂർഷ്വാസിയെന്ന് ഒരുപക്ഷം കോൺഗ്രസിനെ വിമർശിക്കുമ്പോൾ നവജാത നെഹ്‌റു സർക്കാരിനെ പിന്തുണയ്ക്കണമെന്നായിരുന്നു മറുപക്ഷത്തിന്റെ വാദം. ദേശീയ ജനാധിപത്യ വിപ്ലവം ഉയർത്തിപ്പിടിച്ച് പി സി ജോഷിയെ തിരസ്‌ക്കരിച്ചവർ ജനകീയ ജനാധിപത്യ വിപ്ലവം എന്ന മുദ്രാവാക്യമുയർത്തി സായുധ സമരത്തിന്റെ സന്ദേശവാഹകരായിരുന്നു. ബി ടി രണദിവെ തയ്യാറാക്കിയ കൽക്കത്ത തീസിസായിരുന്നു ഇവരുടെ പ്രമാണം. ഇതനുസരിച്ച് ഇന്ത്യയിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും സായുധ വിപ്ലവം സംഘടിപ്പിച്ചു. ആന്ധ്രാപ്രദേശിലെ തെലങ്കാനയിൽ പോരാട്ടം ആരംഭിച്ചു. ഇന്ത്യൻ ഭരണകൂടത്തിന്റെ വർഗ്ഗസ്വഭാവം വിലയിരുത്തുന്ന കാര്യത്തിൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അഭിപ്രായഭിന്നതകൾ വർദ്ധിച്ചുകൊണ്ടിരുന്നു. കൽക്കത്ത തീസിസിനെ പിന്തുണച്ചവർക്ക് പിന്നീട് അത് തെറ്റാണെന്ന് സമ്മതിക്കേണ്ടിവരികയും സായുധ വിപ്ലവം പിൻവലിക്കുകയും ജനാധിപത്യ തെരഞ്ഞെടുപ്പുകളിൽ പങ്കാളികളാവുകയും ചെയ്തു. 1956-ൽ പാലക്കാട് നടന്ന പാർട്ടി കോൺഗ്രസിൽ ഭിന്നത മറനീക്കി പുറത്തുവന്നു. പാർട്ടി സമ്മേളനത്തിൽ ഒരുവിഭാഗം അവതരിപ്പിച്ച പ്രമേയം തള്ളപ്പെട്ടു. 1961-ൽ വിജയവാഡയിൽ ചേർന്ന ആറാം പാർട്ടി കോൺഗ്രസിൽ ഭിന്നത രൂക്ഷമായി. 1964-ൽ നടന്ന പാർട്ടിയുടെ നാഷണൽ കൗൺസിലിൽ പൊട്ടിത്തെറി യാഥാർത്ഥ്യമായി. 32 നാഷണൽ കൗൺസിൽ അംഗങ്ങൾ ഇറങ്ങിപ്പോയി പുതിയ പാർട്ടി രൂപീകരിക്കാൻ തീരുമാനിച്ചു. വിഘടിച്ചുപോയ വിഭാഗം കൽക്കത്തയിൽ പാർട്ടി കോൺഗ്രസ് നടത്തി. സി പി ഐ എം എന്ന പാർട്ടി രൂപീകരിച്ചു. ബോംബെയിൽ ചേർന്ന സി പി ഐ എതിരാളികളെ പുറത്താക്കി. ഇതോടെ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ പിളർപ്പ് പൂർണമായി.
വിവിധ സംസ്ഥാനങ്ങളിൽ കോൺഗ്രസിനെ തോൽപ്പിക്കുന്നതിന് ഏതു ചെകുത്താനുമായും കൂട്ടുചേരുമെന്ന് പ്രഖ്യാപിച്ച ഇ എം എസ്, ഹിന്ദുവർഗീയതയുടെ രാഷ്ട്രീയ രൂപമായിരുന്നു. ഭാരതീയ ജനസംഘവുമായും കടുത്ത സോഷ്യലിസ്റ്റ് വിരുദ്ധരായ സ്വതന്ത്ര പാർട്ടിയുമായും സഖ്യം ചേർന്ന് കോൺഗ്രസിനെ തോൽപ്പിക്കാൻ ശ്രമിച്ചു. കോൺഗ്രസിനെ തകർക്കാനും തളർത്താനും നടത്തിയ പോരാട്ടത്തിൽ തീവ്രഹിന്ദുത്വ പാർട്ടിയായ ബി ജെ പി വളരുകയും അവർ ഇന്ത്യയുടെ ജനാധിപത്യത്തിനും മതേതരത്വത്തിനും കടുത്ത ഭീഷണിയായി തീരുകയും ചെയ്തു.

Related posts

Leave a Comment