വേഗറെയിൽ വികസന ഭീകരത; ഇന്നത്തെ വീക്ഷണം എഡിറ്റോറിയൽ വായിക്കാം

കെ-റെയിൽ പദ്ധതിയുടെ വായ്പാ ബാധ്യത ഏറ്റെടുക്കാൻ കേന്ദ്ര സർക്കാർ തയ്യാറല്ലെന്ന് അറിയിച്ചിട്ടും വൻ സാമ്പത്തിക ബാധ്യത വരുത്തിവെയ്ക്കുന്ന പദ്ധതിയുമായി മുന്നോട്ടുപോകാൻ മുഖ്യമന്ത്രിക്കെന്തിനാണ് ഇത്ര പിടിവാശി. പദ്ധതിയുടെ ഇരകളായി തീരുന്ന ജനങ്ങളുടെ ആശങ്കയും ഉത്കണ്ഠയും കണക്കിലെടുക്കാതെ എംപിമാരോട് പദ്ധതിക്ക് വേണ്ടി സഹായിക്കാൻ ആവശ്യപ്പെടുന്നത് ജനവഞ്ചനയാണ്. കേരളത്തിന്റെ ഭാവിക്ക് ഒഴിച്ചുകൂടാനാവാത്തതാണ് വേഗറെയിൽ പദ്ധതിയെന്നും ഇതിനുവേണ്ടി പാർലമെന്റിൽ ശബ്ദിക്കണമെന്നും കേന്ദ്രസർക്കാറിൽ സമ്മർദ്ദം ചെലുത്തണമെന്നുമാണ് മുഖ്യമന്ത്രിയുടെ ആവശ്യം. വേഗറെയിലിന് പൊതുസമൂഹവും പ്രതിപക്ഷവും എതിരാണെന്നറിഞ്ഞിട്ടും ഇതേക്കുറിച്ച് ചർച്ചപോലും നടത്താൻ തയ്യാറാകാത്ത മുഖ്യമന്ത്രി, സഹായം ആവശ്യപ്പെടുന്നതിൽ യാതൊരു ഔചിത്യവുമില്ല. അനേകം സഹസ്രകോടി രൂപ ചെലവും അനേകായിരങ്ങൾക്ക് സ്വത്ത് നഷ്ടവും സംഭവിക്കുന്ന പദ്ധതി ഇതിനനുസരിച്ച് നേട്ടമോ സൗകര്യങ്ങളോ ഉണ്ടാക്കുന്നില്ല. മുഖ്യമന്ത്രിയെ സംബന്ധിച്ചിടത്തോളം ഇത് സ്വപ്ന പദ്ധതിയാണെങ്കിൽ ജനങ്ങൾക്കിത് വികസന ഭീകരതയാണ്. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള 529 കിലോമീറ്ററിൽ പുതിയ സ്റ്റാൻഡേർക് ഗേജ് ലൈൻ നിർമ്മിക്കുന്നതാണ് ഈ പദ്ധതി. ഈ പാതയിലൂടെ 200 കിലോമീറ്റർ വേഗതയിൽ വണ്ടി ഓടിക്കുകയാണ് ലക്ഷ്യം. പദ്ധതി യാഥാർത്ഥ്യമായാൽ തിരുവനന്തപുരം-കാസർഗോഡ് യാത്ര നാല് മണിക്കൂർകൊണ്ട് പൂർത്തിയാക്കാനാകും എന്നാണ് കെ-റെയിൽ പദ്ധതിയുടെ വക്താക്കളുടെ വിശദീകരണം. നിലവിലുള്ള റെയിലിന് സമാന്തരമായി കെ-റെയിൽ പാത നിർമ്മിക്കുകയാണെങ്കിൽ വൻ ചെലവ് ഒഴിവാക്കാനാകും. അതിന് സർക്കാർ നൽകുന്ന കാരണങ്ങൾ വിശ്വാസയോഗ്യമല്ല. നിലവിലെ ലൈനിൽ വളവുകളും കയറ്റിറക്കങ്ങളും നിരവധിയാണെന്നാണ് പദ്ധതി അനുകൂലികളുടെ വാദം. ഇപ്പോൾ 40 കിലോമീറ്റർ വേഗതയിലാണ് വണ്ടി ഓടിക്കാൻ സാധിക്കുന്നത്. യാത്രാസമയം 12 മണിക്കൂറും. വലിയ പ്രതീക്ഷകളും വാഗ്ദാനങ്ങളും നൽകി പൊതുസമൂഹത്തെ പദ്ധതിക്ക് അനുകൂലമാക്കുന്ന ക്യാമ്പയിനും സർക്കാരും പദ്ധതി അനുകൂല ലോബിയും നടത്തുന്നുണ്ട്. അതിലൊന്ന് അത്രയും തൊഴിൽ സാധ്യതകളുണ്ടെന്നാണ്. തൊഴിലില്ലായ്മകൊണ്ട് പൊറുതിമുട്ടുന്ന കേരളത്തിലെ ചെറുപ്പക്കാരെ ആകർഷിക്കുന്നതിന് വേണ്ടിയാണ് ഇത്. കേരളത്തിന്റെ ഭൂപ്രകൃതിയും ജനസാന്ദ്രതയും കണക്കിലെടുത്ത് ഇത്തരം ബൃഹത്തായ പദ്ധതി സംസ്ഥാനത്തിന് താങ്ങാനാവുന്നതല്ല. നിലവിൽ 3.2 ലക്ഷം കോടി രൂപ പൊതുകടമുള്ള കേരളം പദ്ധതിക്കായി ഇത്രയും കോടിരൂപ കടമെടുക്കുമ്പോൾ അത് സൃഷ്ടിക്കുന്ന സാമ്പത്തിക പ്രത്യാഘാതത്തെക്കുറിച്ചും വൻതോതിലുള്ള കുടിയൊഴിപ്പിക്കലിനെ സംബന്ധിച്ചും ചിന്തിക്കുന്നില്ല. 2027-ൽ പൂർത്തീകരിക്കുമെന്ന് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് 63,941 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. നിലവിൽ ഇന്ത്യൻ റെയിൽവെയുടെ പലസൗകര്യങ്ങളും ഉപയോഗപ്പെടുത്തുമെന്ന് പറയുന്നുണ്ടെങ്കിലും അത് എത്രത്തോളം പ്രായോഗികമാണെന്ന് പറയാൻ വയ്യ. കെ-റെയിൽ പദ്ധതിക്ക് വേണ്ടി രൂപീകരിച്ച സ്വതന്ത്ര കമ്പനിക്ക് ഇന്ത്യൻ റെയിൽവെ സംവിധാനവുമായി യാതൊരു ബന്ധവുമില്ല. അതിനാൽ നിലവിലെ സംവിധാനം ഉപയോഗിക്കാൻ പരിമിതികൾ ഏറെയാണ്. പദ്ധതിയുടെ ചെലവ് വഹിക്കുന്ന ധനകാര്യ സ്ഥാപനം ഏതാണെന്ന് സംസ്ഥാന സർക്കാർ വെളിപ്പെടുത്തിയിട്ടില്ല. നിലവിൽ സംസ്ഥാനത്തെ സാമ്പത്തിക തകർച്ച കണക്കിലെടുത്ത് ഇത്രയും വലിയ തുക വായ്പ നൽകാൻ പല സാമ്പത്തിക സ്ഥാപനങ്ങളും തയ്യാറാവില്ല. തയ്യാറായാൽതന്നെ കടുത്ത സാമ്പത്തിക നിബന്ധനകൾ അവർ മുന്നോട്ടുവെയ്ക്കും. പദ്ധതി ചെലവിന്റെ 52.7 ശതമാനം തുക വിദേശ വായ്പയാണ് പ്രതീക്ഷിക്കുന്നത്. അതായത് 33,700 കോടി രൂപ. പതിനൊന്ന് ജില്ലകളിൽ നിന്നായി 1126 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ഭൂമി ഏറ്റെടുക്കുന്നതിനെ സംബന്ധിച്ച വൻ എതിർപ്പുകളാണ് ഉയർന്നിട്ടുള്ളത്. സാധ്യതാ പഠന റിപ്പോർട്ട് പുറത്തുവന്നപ്പോൾ തന്നെ പ്രതിഷേധങ്ങളും കടുത്ത പ്രതികരണങ്ങളും ഉയർന്നുവരികയാണ്. കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ഇത് ശക്തം. പദ്ധതിക്കായി എസ്റ്റിമേറ്റ് വർദ്ധന കൂടി കണക്കിലെടുക്കുമ്പോൾ അരലക്ഷം കോടി രൂപയോളം കടമെടുക്കേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് സംസ്ഥാനത്തിന് താങ്ങാവുന്നതിനപ്പുറമായിരിക്കും. മുഴുവൻ കടബാധ്യതയും സംസ്ഥാന സർക്കാർ വഹിക്കാമെന്ന് സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചത് എന്ത് കാര്യം കണക്കിലെടുത്താണെന്ന് അറിയാൻ കേരള ജനതക്ക് അവകാശമുണ്ട്. മുഖ്യമന്ത്രിയുടെ അമിതാവേശം കാണുമ്പോൾ വേഗറെയിൽ പദ്ധതിയിൽ മറ്റൊരു ലാവ്‌ലിൻ ഒളിഞ്ഞിരിപ്പുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇത് വികസനമല്ല, വികസന ഭീകരതയാണ്.

Related posts

Leave a Comment