സര്‍ക്കാരിന്റെ വീഴ്ചകളും പിന്മാറ്റങ്ങളും; ഇന്നത്തെ വീക്ഷണം എഡിറ്റോറിയൽ വായിക്കാം

അനേകം ഉപദേശകരും അതിലേറെ പി ആര്‍ ടീമുമുള്ള പിണറായി സര്‍ക്കാരിന് ശരിയായ ദിശാബോധവും പ്രജ്ഞാശേഷിയുമുണ്ടാക്കാന്‍ ആര്‍ക്കും സാധിക്കുന്നില്ല. യഥാര്‍ത്ഥ ഉപദേശകരും അഭ്യുദയകാംക്ഷികളുമല്ല മുഖ്യമന്ത്രിക്ക് ചുറ്റുമുള്ളത്. സ്തുതിപാഠക സംഘമാണ്. സാമാന്യബോധമില്ലാത്ത തീരുമാനങ്ങളെടുത്ത് നടപ്പാക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട എത്രയെത്ര നടപടികളാണ് ഒന്നും രണ്ടും പിണറായി സര്‍ക്കാരിന്റെ കാലത്തുണ്ടായിരിക്കുന്നത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ മരങ്ങള്‍ മുറിക്കാനുള്ള അനുമതി പിന്‍വലിച്ചതാണ് പിണറായിയുടെ ഒടുവിലത്തെ വീഴ്ച. തുടര്‍ ഭരണം ലഭിച്ചിട്ടും തീരുമാനങ്ങള്‍ തിരുത്തേണ്ടി വരുന്നത് ത്രാണിയില്ലായ്മയാണ്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് ആദ്യമായി തിരുത്തേണ്ടി വന്നത് ബന്ധുനിയമനമാണ്. ഇ പി ജയരാജന്‍, കെ ടി ജലീല്‍ എന്നിവരുടെ ബന്ധുനിയമനം വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ആദ്യം ജയരാജനെയും ജലീലിനെയും പിന്തുണച്ച മുഖ്യമന്ത്രിക്ക് മുന്നില്‍ പ്രതിപക്ഷം തെളിവുകള്‍ ഒന്നൊന്നായി അവതരിപ്പിച്ചപ്പോള്‍ രാജിയല്ലാതെ മറ്റൊരു പോംവഴിയുമില്ലാത്തതിനാല്‍ രണ്ടുപേര്‍ക്കും മന്ത്രിപ്പണി നഷ്ടമാവുകയും നിയമിച്ചവരെ പുറത്താക്കേണ്ടി വരികയും ചെയ്തു. ഇത് പിണറായി സര്‍ക്കാരിന് വലിയ പ്രതിച്ഛായാ നഷ്ടമാണ് സൃഷ്ടിച്ചിട്ടുള്ളത്. എല്‍ ഡി എഫ് സര്‍ക്കാരിനെ പിടിച്ചുകുലുക്കിയ അഴിമതിയായിരുന്നു സ്പ്രിംക്‌ളര്‍ ഇടപാട്. മന്ത്രിസഭയില്‍പോലും ആലോചിക്കാതെ ഐടി സെക്രട്ടറി നേരിട്ടായിരുന്നു അമേരിക്കന്‍ കമ്പനിയുമായി കരാര്‍ ധാരണയുണ്ടാക്കിയത്. കോവിഡ് രോഗികളുടെ അടക്കം വിവരങ്ങള്‍ സ്വകാര്യ കമ്പനിക്ക് കൈമാറ്റം ചെയ്യുന്നതായിരുന്നു ഈ കരാര്‍. പ്രതിപക്ഷം ശക്തമായ എതിര്‍പ്പുയര്‍ത്തിയതോടെ സര്‍ക്കാരിന് കരാറില്‍ നിന്ന് പിന്മാറേണ്ടിവന്നു. ഇതിനുപിന്നാലെയാണ് ലൈഫ് പദ്ധതിയില്‍ നിന്ന് ഒരു കോടിരൂപ സ്വപ്ന സുരേഷ് എന്ന ഇടനിലക്കാരിയും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കമ്മീഷന്‍ വാങ്ങിച്ചെന്ന ആരോപണമുയര്‍ന്നത്. പമ്പയിലെ മണല്‍ കടത്താന്‍ സിറാമിക് നിര്‍മ്മാണ കമ്പനിക്ക് കരാര്‍ കൊടുത്തത് മറ്റൊരു അഴിമതിയായിരുന്നു. രാഷ്ട്രീയമായി ഏറെ ഒച്ചപ്പാടുണ്ടായപ്പോള്‍ സര്‍ക്കാരിന് പമ്പാമണല്‍ക്കടത്തില്‍ നിന്ന് പിന്മാറേണ്ടി വന്നു. മന്ത്രി കെ ടി ജലീല്‍ കേരള സാങ്കേതിക സര്‍വ്വകലാശാലയില്‍ മാര്‍ക്ക് ദാനം നടത്തിയത് വലിയ ഒച്ചപ്പാട് സൃഷ്ടിച്ചപ്പോള്‍ അതില്‍നിന്നും സര്‍ക്കാരിന് പിന്‍വലിയേണ്ടി വന്നു. ബിയര്‍ ഉത്പാദിപ്പിക്കുന്നതിന് ബ്രൂവറി തുടങ്ങാനുള്ള തീരുമാനത്തിനും തിരിച്ചടിയുണ്ടായപ്പോള്‍ സര്‍ക്കാരിന് ഉപേക്ഷിക്കേണ്ടി വന്നു. അഴിമതി നിറഞ്ഞ മറ്റൊരു പദ്ധതി ഇ-മൊബിലിറ്റിയായിരുന്നു. ഈ പദ്ധതിയെ പുറത്തുനിന്ന് മാത്രമല്ല അന്നത്തെ ധനമന്ത്രി തോമസ് ഐസക്ക് അടക്കമുള്ളവരും എതിര്‍ത്തു. പിന്മാറ്റമല്ലാതെ സര്‍ക്കാരിന് മറ്റൊരു പോംവഴിയും ഇല്ലായിരുന്നു. കോര്‍ ബാങ്കിംഗ് കരാര്‍ അഴിമതിയുടെ മറ്റൊരു പദ്ധതിയായിരുന്നു. ഇതിനും സ്വീകാര്യത ലഭിച്ചില്ല. അധിക വൈദ്യുതി ബില്‍ തുക ഈടാക്കല്‍ എതിര്‍പ്പ് ക്ഷണിച്ചുവരുത്തിയ മറ്റൊരു പദ്ധതിയായിരുന്നു. ഈ പദ്ധതിയും വേണ്ടെന്ന് വെക്കേണ്ടിവന്നു. പൊലീസിന്റെ സിംസ് പദ്ധതി കരാറും സര്‍ക്കാരിന് തന്നെ ചവറ്റുകൊട്ടയില്‍ എറിയേണ്ടിവന്നു. അന്നത്തെ പൊലീസ് മേധാവിയായിരുന്ന ലോക്‌നാഥ് ബെഹ്‌റയുടെ ഉപദേശപ്രകാരം കൊണ്ടുവന്ന പൊലീസ് നിയമ ഭേദഗതി ഓര്‍ഡിനന്‍സിന് പ്രതിപക്ഷത്തുനിന്ന് മാത്രമല്ല ഭരണപക്ഷത്തുനിന്നും പൊതുസമൂഹത്തില്‍ നിന്നും ശക്തമായ എതിര്‍പ്പ് ഉയര്‍ന്നതോടെ ഓര്‍ഡിനന്‍സ് സര്‍ക്കാരിന് ഉപേക്ഷിക്കേണ്ടിവന്നു. കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്റുകളില്‍ മദ്യവില്പന ശാല തുടങ്ങാനുള്ള തീരുമാനത്തിനും ശക്തമായ എതിര്‍പ്പ് ഉയര്‍ന്നു. തീരുമാനം മാറ്റുക മാത്രമേ സര്‍ക്കാരിന് മാര്‍ഗമുണ്ടായിരുന്നുള്ളൂ. വൈദ്യുതി ബോര്‍ഡിലെ ജീവനക്കാര്‍ക്ക് യൂണിഫോം ഏര്‍പ്പെടുത്താനുള്ള തീരുമാനം തൊഴിലാളി യൂണിയനുകളുടെ എതിര്‍പ്പ് കാരണം വേണ്ടെന്ന് വെച്ചു. ഉപേക്ഷിക്കപ്പെട്ട പല പദ്ധതികളും അഴിമതിക്ക് ധാരാളം പഴുതുകളുള്ളതായിരുന്നു. മാധ്യമങ്ങളുടെയും പ്രതിപക്ഷത്തിന്റെയും ജാഗ്രത്തായ നിരീക്ഷണമാണ് സുതാര്യതയില്ലാത്ത നടപടികളില്‍ നിന്ന് സര്‍ക്കാരിനെ പിന്തിരിപ്പിച്ചത്. നിശ്ചയദാര്‍ഢ്യമില്ലാത്ത പിണറായി സര്‍ക്കാരിന്റെ അപക്വ തീരുമാനങ്ങള്‍ ഇനിയും പ്രതീക്ഷിക്കാം.

Related posts

Leave a Comment