വിവാഹപ്രായ ബിൽ സ്ത്രീവിരുദ്ധം; ഇന്നത്തെ വീക്ഷണം എഡിറ്റോറിയൽ

സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കുന്നതിനെതിരെ ശക്തമായ എതിർപ്പുകളുയർന്നിട്ടും പാർലമെന്റിൽ ഇതുസംബന്ധിച്ച ബിൽ അവതരിപ്പിച്ച മോദി സർക്കാരിന്റെ നടപടി പ്രകോപനപരവും പ്രതിഷേധാർഹവുമാണ്. ഇത് ഏതെങ്കിലും സമുദായത്തെയോ മതത്തെയോ മാത്രം പ്രതികൂലമായി ബാധിക്കുന്ന കാര്യമല്ല, സാമൂഹ്യപരവും ശാസ്ത്രീയമായും തെറ്റായ കാര്യമാണ്. ഓരോ നാളിലും വിവാദങ്ങൾ സൃഷ്ടിക്കുന്ന ഭരണപരിഷ്‌കാരങ്ങൾ കൊണ്ടുവന്ന് സമൂഹത്തെ ഭീതിപ്പെടുത്തുന്ന മോദി സർക്കാർ പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്ന നിയമവും കൊണ്ടുവന്നത് ഇത്തരത്തിലാണ്. തൊഴിൽ നിയമങ്ങളും പൗരാവകാശ നിയമങ്ങളും കർഷക നിയമങ്ങളും ഓർഡിനൻസായും ബില്ലായും കൊണ്ടുവന്ന മോദി സർക്കാരിന് ജനരോഷം ഭയന്ന് അവയിൽ പലതും പിൻവലിക്കുകയോ മരവിപ്പിക്കുകയോ ചെയ്യേണ്ടി വന്നിട്ടുണ്ട്. 2020-ലെ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് ഇതുസംബന്ധിച്ച സൂചന നൽകിയതെങ്കിലും തിടുക്കത്തിൽ ബിൽ അവതരിപ്പിച്ച് പാസ്സാക്കാനുള്ള പ്രചോദനവും യുക്തിയും എന്താണെന്ന് മനസ്സിലാകുന്നില്ല. ലോകത്ത് അപൂർവം ചില രാജ്യങ്ങളിൽ മാത്രമാണ് വിവാഹപ്രായത്തിന് 21 വയസ്സ് പ്രായപരിധിയുള്ളൂ. ബഹുസമൂഹങ്ങൾ വസിക്കുന്ന ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് എല്ലാ വിഭാഗങ്ങളുമായി ചർച്ച നടത്താതെ നാടകീയ രീതിയിൽ ബിൽ അവതരിപ്പിച്ചത് ഭരണഘടനയ്ക്ക് വിരുദ്ധവും ഭരണഘടനയ്ക്ക് നിരക്കാത്തതും ജനാധിപത്യവിരുദ്ധവുമാണ്. ലോക്‌സഭയിൽ പ്രതിപക്ഷം ബില്ലിന്റെ കോപ്പി വലിച്ചുകീറുകയും എതിർപ്പുയർത്തുകയും ചെയ്ത് രാഷ്ട്രീയമല്ല ജനഹിതം മനസ്സിലാക്കിയാണ്. ഏത് വിവാഹ നിയമങ്ങളിൽ ഇതുസംബന്ധിച്ച് ഭേദഗതി വരുത്തേണ്ടിവരും. ഹിന്ദു, ക്രിസ്ത്യൻ, പാഴ്‌സി തുടങ്ങിയ സമൂഹങ്ങളുടെ വിവാഹ നിയമങ്ങളിലും മുസ്‌ലിം ശരിഅത്ത് നിയമങ്ങളിലും മാറ്റം വരുത്താനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ബാലവിവാഹ നിരോധന നിയമത്തോട് ഇതിനെ സർക്കാർ ബന്ധിപ്പിക്കുന്നതിന്റെ ഔചിത്യം മനസ്സിലാകുന്നില്ല. ഹിന്ദു, ക്രിസ്ത്യൻ, പാഴ്‌സി വിവാഹ നിയമങ്ങൾക്ക് ഭേദഗതി വരുത്തുമെങ്കിലും ഈ സമുദായങ്ങളോട് ചർച്ച ചെയ്യാനോ നിർദ്ദേശങ്ങൾ സ്വീകരിക്കാനോ സർക്കാർ തയ്യാറായിട്ടില്ല. സ്‌പെഷ്യൽ മാര്യേജ് ആക്ട്, മൈനോറിറ്റി ആന്റ് ഗാർഡിയൻഷിപ്പ് ആക്ട്, ഫോറിൻ മാര്യേജ് ആക്ട് എന്നീ നിയമങ്ങളും ഭേദഗതി ചെയ്യപ്പെടും. കഴിഞ്ഞയാഴ്ച ചേർന്ന മന്ത്രിസഭായോഗത്തിലാണ് കരട് ബില്ലിന് അംഗീകാരം നൽകിയത്. ഇതിനെതിരെ പ്രതിപക്ഷവും വനിതാ സംഘടനകളും ആക്ടിവിസ്റ്റുകളും സാമുദായിക സംഘടനകളും എതിർപ്പ് ഉയർത്തിയിട്ടും സർക്കാർ അതൊന്നും ഗൗനിക്കാതെ ലോക്‌സഭയിൽ ബില്ല് അവതരിപ്പിക്കുകയായിരുന്നു. ബിൽ പ്രതികൂലമായി ബാധിക്കുന്ന സമുദായങ്ങളെ പ്രലോഭിപ്പിക്കുകകൂടി സർക്കാരിന്റെ ലക്ഷ്യമായിരുന്നു. എ ഐ എം ഐ എം നേതാവ് ഉവൈസിയെപ്പോലുള്ള മതമൗലികവാദികൾക്ക് പ്രചരണത്തിനും പ്രതിരോധത്തിനും വടി നൽകുകയും വർഗീയ ധ്രുവീകരണം നടത്തുകയുമാണ് സർക്കാരിന്റെ ലക്ഷ്യം. പൊടുന്നനെ അജണ്ടയിൽ ഉൾപ്പെടുത്തിയാണ് വനിതാ-ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി സഭയിൽ ബിൽ അവതരിപ്പിച്ചത്. ബില്ല് സഭയിൽ അവതരിപ്പിച്ചതുപോലും പ്രതിപക്ഷത്തെ വിശ്വാസത്തിലെടുക്കാതെയായിരുന്നു. ബില്ല് ലോക്‌സഭയും രാജ്യസഭയും പാസ്സാക്കുകയും രാഷ്ട്രപതി ഒപ്പുവെച്ചാലും രണ്ടുവർഷത്തിന് ശേഷമേ അത് നടപ്പാക്കാനാവുകയുള്ളൂ എന്ന സർക്കാരിന്റെ വിശദീകരണം ആരും മുഖവിലക്കെടുക്കുന്നില്ല. എതിർപ്പിനെ മറികടക്കാനുള്ള സൂത്രമാണ് ഈ വിശദീകരണം. സ്ത്രീവിരുദ്ധവും പ്രായപൂർത്തിയായ പെൺകുട്ടികളുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതുമായ ഈ നിയമം സ്ത്രീ ശാക്തീകരണത്തിലേക്കുള്ള ശക്തമായ കാൽവെപ്പായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വിശേഷിപ്പിക്കുന്നത്. ജീവിതംകൊണ്ടും ആശയങ്ങൾകൊണ്ടും തികഞ്ഞ സ്ത്രീവിരുദ്ധനായ മോദി ഇപ്പോൾ സ്ത്രീപക്ഷ വാദിയായി മാറേണ്ടിവന്നത് ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലെ വേഷം കെട്ടാണ്. രാജ്യത്ത് പരമ ദയനീയ അവസ്ഥ നേരിടുന്ന ഉത്തർപ്രദേശിലെ സ്ത്രീകൾ പ്രിയങ്കാഗാന്ധിയുടെ പൊതുയോഗങ്ങളിൽ ഒരുമിക്കുന്നത് ബി ജെ പിയെ ഭീതിപ്പെടുത്തുന്നു. സതി നിയമത്തിനെതിരെ ഉയർന്നുവന്ന നവോത്ഥാനകാലത്തെ ആവേശമാണ്, പ്രിയങ്ക രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ യു പിയിൽ അഴിച്ചുവിട്ടിരിക്കുന്നത്. സർക്കാർ തൊഴിൽ നേടാനും വോട്ടവകാശത്തിനും 18 വയസ്സ് പ്രായപരിധി അനുവദിക്കുന്ന രാജ്യത്ത് വിവാഹത്തിന് മാത്രം 21 വയസ്സ് നിശ്ചയിക്കുന്നത് മണ്ടൻ തീരുമാനമാണ്. ലോകത്തെ 158 രാജ്യങ്ങളിൽ പെൺകുട്ടികളുടെ വിവാഹപ്രായം 18 ആണ്. വിവാഹത്തിന് മുമ്പ് സ്ത്രീകൾക്ക് മാനസിക പക്വത കൈവരിക്കുന്നതിനും മെച്ചപ്പെട്ട പ്രത്യുത്പാദന അവകാശങ്ങൾ വിനിയോഗിക്കുന്നതിനും നിർദ്ദിഷ്ട നിയമ നിർമ്മാണം വഴി സാധിക്കുമെന്നാണ് സർക്കാർ ജനങ്ങളെ വിശ്വസിപ്പിക്കുന്നത്. മതിയായ ഭക്ഷണം ലഭിക്കാതെ ഗർഭിണികളും പോഷകാഹാര കുറവുകൊണ്ട് നവജാത ശിശുക്കളും വൻതോതിൽ മരിച്ചുവീഴുന്ന രാജ്യത്ത് വിവാഹപ്രായത്തിന്റെ പേരിൽ കലഹിക്കാതെ അവർക്ക് ഭക്ഷണവും ആരോഗ്യ സംരക്ഷണവും നൽകുകയാണ് സർക്കാർ ചെയ്യേണ്ടത്. വിവാഹപ്രായം ഉയർത്തുന്നത് ഇതിനൊന്നും പരിഹാരമാകില്ലെന്ന് മോദി മനസ്സിലാക്കണം.

Related posts

Leave a Comment