അക്രമികൾക്ക് കുടചൂടുന്ന കിറ്റക്‌സ്; ഇന്നത്തെ വീക്ഷണം എഡിറ്റോറിയൽ

എറണാകുളം കിഴക്കമ്പലം കിറ്റക്‌സ് കമ്പനിയിലെ തൊഴിലാളികൾ അഴിച്ചുവിട്ട അക്രമവും അഴിഞ്ഞാട്ടവും ബോധപൂർവ്വമാണെന്ന് കരുതേണ്ടിയിരിക്കുന്നു. കമ്പനി മുതലാളിയുടെ തൊഴിലാളികളായല്ല, ഗുണ്ടകളെപ്പോലെയാണ് ഇവർ നടത്തിയ അക്രമങ്ങൾ വ്യക്തമാക്കുന്നത്. രണ്ട് പൊലീസ് ജീപ്പുകൾ കത്തിച്ചതും പൊലീസുകാരെ ആക്രമിച്ചതും ഗുരുതര കുറ്റകൃത്യമാണ്. മാത്രവുമല്ല സമാധാനനില അട്ടിമറിക്കൽകൂടിയാണ്. പൊലീസുകാർ ജീവരക്ഷാർത്ഥം ഓടിയില്ലായിരുന്നുവെങ്കിൽ വലിയ ജീവഹാനി സംഭവിക്കുമായിരുന്നു. സിഐ അടക്കം അഞ്ച് പൊലീസുകാർക്കാണ് പരിക്കേറ്റത്. മദ്യവും ലഹരിമരുന്നും മൂക്കറ്റം കുടിച്ച് അഴിഞ്ഞാടിയ തൊഴിലാളികൾ പൊലീസിനെ കല്ലെറിഞ്ഞ് പ്രകോപിപ്പിക്കുകയായിരുന്നു. പൊലീസ് ആത്മസംയമനം പാലിച്ചതുകൊണ്ടാണ് കൂടുതൽ ദുരന്തം ഒഴിവായത്. കമ്പനിയിലെ തൊഴിലാളികളെന്ന നിലയിലല്ല അക്രമികളുടെ അഴിഞ്ഞാട്ടം ഇവിടെ നടക്കുന്നത്. തദ്ദേശീയരുമായുള്ള ഇവരുടെ സംഘർഷം പലപ്പോഴും അടിപിടിയിൽ കലാശിക്കാറാണ് പതിവ്. കമ്പനി മുതലാളി ശമ്പളം നൽകി തീറ്റിപ്പോറ്റുന്ന ഗുണ്ടാസംഘം എവിടെവെച്ചും എപ്പോൾ വേണമെങ്കിലും ആക്രമിക്കും. മുതലാളിക്ക് പൊലീസിലും ഉയർന്ന ഉദ്യോഗസ്ഥരിലുമുള്ള സ്വാധീനംമൂലം ആര് പരാതി നൽകിയാലും പൊലീസ് മധ്യസ്ഥതയിൽ ഒത്തുതീർപ്പാണ് പതിവ്. അതല്ലെങ്കിൽ പരാതി ചവറ്റുകൊട്ടയിൽ എറിയും. വാദിയെ പ്രതിയാക്കുന്ന സംഭവവും വിരളമല്ല. ഇവരുടെ അക്രമവും ലഹരി ഉപയോഗവും പ്രദേശത്തെ ക്രമസമാധാനത്തിന് വലിയ ഭീഷണിയാണ്. സ്ത്രീകൾക്കും കുട്ടികൾക്കും ഭീതികൂടാതെ സഞ്ചരിക്കുക പ്രയാസമാണ്. നാട്ടുകാരെ തൊഴിലാളികൾ ആക്രമിക്കുമ്പോൾ നോക്കുകുത്തികളായി നിന്ന പൊലീസ് തങ്ങൾക്കുനേരെയുള്ള ആക്രമണം വളർന്നപ്പോഴാണ് ഇതിന്റെ വ്യാപ്തി അനുഭവിച്ചറിയുന്നത്. ഇവരിൽ പലരും തൊഴിൽ എന്നതിലുപരി ഉടമയുടെ ഗുണ്ടാപ്പണി ഏറ്റെടുത്തവരാണ്. പുറമെയുള്ള ക്വട്ടേഷൻ സംഘത്തിന് വേണ്ടിയും ഇവർ ആക്രമണം നടത്താറുണ്ട്. എല്ലാറ്റിനും പരിരക്ഷ നൽകാൻ മുതലാളി സഹായിക്കുമെന്ന വിശ്വാസമാണ് ഉത്തരേന്ത്യൻ സംഘത്തിന്റെ അക്രമവാഴ്ചക്ക് പ്രേരകമാകുന്നത്. അക്രമം നടന്നാൽ അക്രമികളെ ഒളിപ്പിക്കുന്നതും കിറ്റക്‌സ് ഉടമയുടെ സഹായത്താലാണ്. വലിയ മയക്കുമരുന്ന് കടത്ത് സംഘവുമായി ബന്ധമുള്ളവരും തൊഴിലാളികൾക്കിടയിലുണ്ട്. പെരുമ്പാവൂരിലും പരിസര പ്രദേശങ്ങളിലും ലഹരിമരുന്നിന്റെ ലഭ്യത സുലഭമായത് ഈ തൊഴിലാളികളിലൂടെയാണ്. ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട് അതിഥി തൊഴിലാളികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലാണ് വലിയ ആക്രമണത്തിൽ കലാശിച്ചത്. തൊഴിലാളികൾ തമ്മിലുള്ള സംഘർഷത്തിൽ പൊലീസ് ഇടപെട്ടപ്പോൾ ഇവർ പൊലീസിനുനേരെ തിരിയുകയായിരുന്നു. 2015-ലെ തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ കിഴക്കമ്പലം പഞ്ചായത്തിൽ രാഷ്ട്രീയ പാർട്ടികളെ തോൽപ്പിച്ച് കിറ്റക്‌സ് മുതലാളിയുടെ സ്വതന്ത്ര സംഘടന ഭൂരിപക്ഷം നേടിയതോടെയാണ് അരാഷ്ട്രീയക്കാരുടെ അഴിഞ്ഞാട്ടം ഇവിടെ വ്യാപകമായത്. ഈ ആത്മവിശ്വാസത്തിലായിരുന്നു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എറണാകുളം ജില്ലയിലെ അരഡസൻ മണ്ഡലങ്ങളിൽ ട്വന്റി-ട്വന്റി മത്സരത്തിനിറങ്ങിയത്. അഞ്ച് സീറ്റുകൾ നേടുമെന്നും ആർക്കും ഭൂരിപക്ഷം ലഭിക്കാതെ വരികയാണെങ്കിൽ സർക്കാർ രൂപീകരിക്കാൻ തങ്ങളുടെ സഹായം തേടേണ്ടിവരുമെന്നുമായിരുന്നു കിറ്റക്‌സ് മുതലാളിയുടെ സ്വപ്നം. പഞ്ചായത്ത് തെരഞ്ഞെടുപ്പല്ല, നിയമസഭാ തെരഞ്ഞെടുപ്പെന്ന് ഈ പരാജയം അവരെ ബോധ്യപ്പെടുത്തി. തൊഴിലാളികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതോടെ സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. പിന്നീട് അക്രമം പൊലീസിന് നേരെയായി. നാട്ടുകാർക്ക് നേരെയും ഇവർ കല്ലും കുപ്പിയുമെറിഞ്ഞു. സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ രംഗത്തെത്തിയിട്ടുണ്ട്. തൊഴിലാളികളുടെ പൂർണ ഉത്തരവാദിത്വം തൊഴിലുടമയ്ക്കാണെന്നാണ് പൊലീസിന്റെ വാദം. തൊഴിലാളികളെ കേരളത്തിലെത്തിച്ച് തൊഴിൽ നൽകുന്ന ഉടമക്ക് അവരുടെ കാര്യത്തിൽ പൂർണ ഉത്തരവാദിത്വമുണ്ട്. തൊഴിലാളികൾ മയക്കുമരുന്ന് ഉപയോഗിച്ചതും അഴിഞ്ഞാടിയതും ഒറ്റപ്പെട്ട സംഭവമാണെന്നാണ് കിറ്റക്‌സ് മുതലാളിയുടെ വാദം. പൊലീസ് ഇത് തള്ളിക്കളയുകയാണ്. തൊഴിലാളികളുടെ അക്രമത്തെ ഉടമ ന്യായീകരിക്കുകയായിരുന്നു. ആത്മാർത്ഥമായി ജോലിചെയ്യുന്ന തൊഴിലാളികൾ കഠിനാധ്വാനികളാണെന്നും അവരെ ക്രിമിനലുകളായി കാണരുതെന്നുമാണ് കിറ്റക്‌സ് ഉടമയുടെ വാദം. കമ്പനി പൂട്ടിക്കാൻ ശ്രമം നടത്തുന്നവരാണ് അക്രമത്തിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. ലോക്ഡൗൺ നാളുകളിൽ മൂന്നുനേരം ഭക്ഷണം നൽകി സംരക്ഷിച്ചവരാണ് കേരളീയരെന്ന കാര്യം തൊഴിലാളികൾ വിസ്മരിക്കരുതെന്ന് നാട്ടുകാർ അഭിപ്രായപ്പെട്ടു. വാസസ്ഥലം ഉൾപ്പെടെ സൗകര്യങ്ങൾ ഏർപ്പെടുത്തി തൊഴിലാളികളെ കൊണ്ടുവരുന്ന തൊഴിലുടമകൾക്ക് തന്നെയാണ് ഇവരുടെ ഉത്തരവാദിത്വം. നാട്ടുകാരെ അവഗണിച്ചും അവർക്ക് നേരെ കൈയ്യേറ്റം നടത്തിയും അതിഥി തൊഴിലാളികൾക്ക് കേരളത്തിൽ തുടരാനാവില്ല. അത് കൂടുതൽ അക്രമത്തിലേക്കാണ് നയിക്കുക.

Related posts

Leave a Comment