ഗുണ്ടകൾ വാഴുന്നു, പൊലീസ് നോക്കുകുത്തി; ഇന്നത്തെ വീക്ഷണം എഡിറ്റോറിയൽ

രാഷ്ട്രീയ കൊലപാതകങ്ങളുടെ ചോരക്കളം വറ്റാത്ത കേരളം ഗുണ്ടാവാഴ്ചയുടെ കുരുതിക്കളമായി മാറുകയാണോ? ഒന്നാം പിണറായി മന്ത്രിസഭയുടെ കാലത്ത് നൂറിനടുത്ത് രാഷ്ട്രീയ കൊലപാതകങ്ങൾ അരങ്ങേറിയ കേരളത്തിൽ ക്വട്ടേഷൻ സംഘങ്ങളുടെ അതിക്രമങ്ങളും ഗുണ്ടാസംഘങ്ങളുടെ കുടിപ്പകകളും കൊണ്ട് ഭീതിജനകമായ അവസ്ഥകൾ ഏറെ നിലനിൽക്കുന്നത് തലസ്ഥാന നഗരിയായ തിരുവനന്തപുരത്താണ്. സംസ്ഥാന ഭരണത്തിന്റെയും പൊലീസ് വകുപ്പിന്റെയും ആസ്ഥാന ജില്ലയിലെ അക്രമികളുടെ അഴിഞ്ഞാട്ടം പൊലീസിനെ നാണംകെടുത്തുകയാണ്. ചെറുതും വലുതുമായ നൂറിലേറെ ഗുണ്ടാസംഘങ്ങൾ പ്രവർത്തിക്കുന്ന തിരുവനന്തപുരത്ത് അക്രമിസംഘത്തിന് ഭരണകക്ഷിയായ സി പി എമ്മിന്റെയും ഒരുവിഭാഗം പൊലീസിന്റെയും സഹായങ്ങളും സംരക്ഷണവും ലഭിക്കുന്നതുകൊണ്ടാണ് അക്രമങ്ങളും കൊലപാതകങ്ങളും വർധിക്കുന്നത്. ഗുണ്ടകളെ അമർച്ച ചെയ്യാൻ പൊലീസ് ശ്രമിച്ചാൽ ഒന്നുകിൽ രാഷ്ട്രീയ സമ്മർദ്ദം അല്ലെങ്കിൽ പ്രത്യാക്രമണം പൊലീസിനുനേരെ ഉയരും. വാഴ മുള്ളിന്മേൽ വീണാലും മുള്ള് വാഴമേൽ വീണാലും പരിക്ക് വാഴക്കുതന്നെയെന്ന അവസ്ഥയാണ് ഇവിടെ നിലനിൽക്കുന്നത്.
കഴിഞ്ഞ ഒരുമാസത്തിനുള്ളിൽ ഒരുഡസൻ ഗുണ്ടാ ആക്രമണങ്ങളും രണ്ട് ഗുണ്ടാ കൊലപാതകങ്ങളുമാണ് തലസ്ഥാന നഗരിയിൽ നടന്നത്. സംഘങ്ങൾ തമ്മിലുള്ള കുടിപ്പകകളുടെ ഫലമായുണ്ടാകുന്ന അക്രമങ്ങൾക്ക് ഒരു സംഘവും പൊലീസിൽ പരാതിപ്പെടാറില്ല. വാളുകൊണ്ടും കത്തികൊണ്ടും ബോംബുകൊണ്ടും സംഘങ്ങൾ തമ്മിൽ തന്നെ കുത്തിയും വെട്ടിയും പകരം ചോദിക്കുകയും പക തീർക്കുകയും ചെയ്യുന്ന രീതിയാണ് ഇവരുടേത്. സ്വർണക്കടത്തിലും മയക്കുമരുന്ന് കടത്തിലും ഭൂമാഫിയകളുടെ ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ടാണ് പല അക്രമങ്ങളും പ്രത്യാക്രമണങ്ങളും നടക്കുന്നത്. ഗുണ്ടകൾക്ക് പൊലീസിനെയോ നിയമത്തെയോ പേടിയില്ല. എതിർസംഘങ്ങളെയാണ് പേടി. അതുകൊണ്ട് നീണ്ടുപോകുന്ന കേസുകൾക്ക് പിന്നാലെ പോകാതെ ചോരക്ക് പകരം ചോര ജീവന് പകരം ജീവൻ എന്ന കാട്ടുനീതിയാണ് ഇവർ നടപ്പാക്കുന്നത്. സംഘത്തലവൻ ഉത്തരവിട്ടാൽ എത്ര അടുത്ത സൗഹാർദ്ദവും കുടുംബബന്ധങ്ങളുമാണെങ്കിലും എതിരാളിയുടെ കഥ കഴിക്കാൻ ഇവർക്ക് ഒട്ടുംമടിയില്ല. ഏറ്റവും കൂടിയ ശിക്ഷ മരണംതന്നെ. കൈകാലുകൾ വെട്ടിയെടുക്കലാണ് അടുത്ത ശിക്ഷ. ക്വട്ടേഷൻ നടപ്പാക്കുന്നതിൽ സംഘാംഗങ്ങളോ തലവന്മാരോ നടത്തുന്ന ചതികളാണ് പകരം ചോദിക്കലിന് കാരണമാകുന്നത്. പണം ലഭിച്ചാൽ പുരുഷന്മാരെ മാത്രമല്ല സ്ത്രീകളെയും കുട്ടികളെയും ഇവർ ആക്രമിക്കും. പൊലീസ് ഗൗരവമായി കേസെടുക്കാത്തതാണ് ഗുണ്ടാ ആക്രമണങ്ങൾ വ്യാപിക്കാൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. അക്രമത്തിന്റെ സമയവും സ്ഥലവും ഇരയെപ്പറ്റിയും അറിവുണ്ടായിട്ടും പൊലീസ് നടപടിയെടുക്കാത്തത് ഇരുപക്ഷത്തിനും സംരക്ഷണമാകുന്നു.
കല്ലൂരിൽ സുധീഷ് എന്ന ഗുണ്ടാസംഘത്തലവൻ കൊല്ലപ്പെട്ടതാണ് ഈ പരമ്പരയിലെ ഒടുവിലത്തെ ഗുണ്ടാവധം. കഴിഞ്ഞ പതിനൊന്നിന് സുധീഷിനെതേടി മറുസംഘം വീട്ടിലെത്തി. അയൽവീട്ടിലൊളിച്ച ഇയാളെ തേടിപ്പിടിച്ച് കാല് വെട്ടിമാറ്റിക്കൊണ്ടായിരുന്നു പകരം വീട്ടിയത്. ചോരവാർന്ന് മരണപ്പെട്ടു എന്നുറപ്പായതിനുശേഷമായിരുന്നു സംഘം സ്ഥലംവിട്ടത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ആറ്റിങ്ങലിൽ നടന്ന വധോദ്യമ കേസിലെ പ്രതിയായിരുന്നു സുധീഷ്. അങ്ങിനെ വധശ്രമത്തെ വധംകൊണ്ടായിരുന്നു ഗുണ്ടാസംഘം പകപോക്കിയത്. തിരുവനന്തപുരം ജില്ലയിൽതന്നെ മംഗലപുരത്ത് യുവാവിനെ വെട്ടിയ കേസിൽ പ്രതിക്ക് അനുകൂലമായാണ് പൊലീസ് നടപടി ഉണ്ടായത്. പകരംവീട്ടാൻ ഗുണ്ടാസംഘം പ്രതിയെ വീട്ടിൽ കയറി വെട്ടുകയായിരുന്നു. ഉള്ളൂരിൽ കോഴിക്കച്ചവടം നടത്തുന്ന സ്ത്രീയുടെ കട കൊള്ളയടിച്ചത് നവംബർ 16നായിരുന്നു. തുമ്പയിൽ വീടിനുനേരെ നടന്ന അക്രമം, കണിയാർപുരത്ത് യുവാവിനുനേരെ നടന്ന ക്രൂരമായ മർദ്ദനം, കണിയാപുരത്തെ അക്രമത്തിലെ പ്രതിക്ക് നേരെ നടന്ന മറു ആക്രമണം, മംഗലപുരത്ത് ബിരുദ വിദ്യാർത്ഥിയെ തടികൊണ്ട് മർദ്ദിച്ച സംഭവം, ആറ്റിങ്ങൽ മങ്കാട്ട് മൂലയിൽ നടന്ന ആക്രമണം, പുത്തൻതോപ്പിലെ ഗുണ്ടാപ്പിരിവിനെ ചൊല്ലിയുണ്ടായ ആക്രമണം, ബാലരാമപുരത്തെ ജ്വല്ലറി ആക്രമണം, നെയ്യാറ്റിൻകര ആലംമൂട്ടിൽ ഓട്ടോറിക്ഷ ഡ്രൈവർക്കെതിരെ നടന്ന ആക്രമണം എല്ലാം കവർച്ചക്ക് വേണ്ടിയുള്ളതായിരുന്നു.
സംസ്ഥാനത്ത് ക്രമസമാധാനനില ഇത്രയേറെ വഷളായ ഒരുകാലവും ഇതിനുമുമ്പ് ഉണ്ടായിട്ടില്ല. അക്രമികൾ തെരുവുകളിൽ മാത്രമല്ല, വീടുകളിലും ഇരച്ചുകയറി കൊള്ളയും കൊലയും നടത്തുകയാണ്. ലക്ഷ്യമിട്ട ഇരകളെ ലഭിച്ചില്ലെങ്കിൽ പകരം കിട്ടിയവരെ ആക്രമിച്ചുകൊണ്ട് പകപോക്കുകയാണ്. മുഖ്യമന്ത്രിയും സംസ്ഥാന പൊലീസ് മേധാവിയും യോഗം വിളിച്ച് പൊലീസിന് ഉത്‌ബോധനം നൽകിയിട്ടും അക്രമം കുറയുകയല്ല, കൂടിവരികയാണ്. പൊലീസ് ഏത്, ഗുണ്ടകൾ ഏത് എന്ന് തിരിച്ചറിയാനാവാത്ത തരത്തിൽ സംസ്ഥാന പൊലീസ് സേന ഗുണ്ടാവൽക്കരിക്കപ്പെട്ടിരിക്കുന്നു. സി പി എം പ്രാദേശിക നേതൃത്വം ഗുണ്ടകൾക്ക് പരിരക്ഷ നൽകുമ്പോൾ പൊലീസിന് നോക്കുകുത്തിയായി നിൽക്കുകയേ നിർവാഹമുള്ളൂ.

Related posts

Leave a Comment