ഇന്ത്യയെ നിരന്തരം ശല്യപ്പെടുത്തിക്കൊണ്ടിരുന്ന പാക്കിസ്ഥാനുമേല്‍ നമ്മുടെ രാഷ്ട്രം നേടിയ ഐതിഹാസിക വിജയത്തിന് അരനൂറ്റാണ്ട് പൂര്‍ത്തിയാകുന്നു. ഇന്നത്തെ ബംഗ്ലാദേശ് എന്നറിയപ്പെടുന്ന കിഴക്കന്‍ ബംഗാളില്‍ പാക് ഭരണാധികാരികളും പട്ടാളവും നടത്തിയ അതിക്രൂരമായ കൊലപാതകങ്ങളും അടിച്ചമര്ത്തലുകളുമായിരുന്ന 71-ലെ ഇന്ത്യ-പാക്കിസ്ഥാന് യുദ്ധത്തിന് കാരണമായത്. ബംഗ്ലാദേശിന്റെ വിമോചന പോരാട്ടത്തെ അനുകൂലിച്ചതിന്റെ പേരില്‍ ഇന്ത്യ-പാക് അതിര്‍ത്തികളില്‍ അവര്‍ നിരന്തരം സംഘര്‍ഷം സൃഷ്ടിച്ചു. 1971 ഡിസംബര്‍ മൂന്നിന് ഇന്ത്യയുടെ പതിനൊന്ന് വ്യോമകേന്ദ്രങ്ങള്‍ ആക്രമിച്ചുകൊണ്ടായിരുന്നു പാക്കിസ്ഥാന് യുദ്ധത്തിന് തുടക്കമിട്ടത്. പതിമൂന്ന് ദിവസങ്ങള്‍കൊണ്ട് അക്രമികളെ തുരത്താനും കീഴടക്കാനും ഇന്ത്യക്ക് സാധിച്ചത് യുദ്ധചരിത്രങ്ങളിലെ ഐതിഹാസിക സംഭവമായിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് കിഴക്കന്‍ ബംഗാളില്‍ നടത്തിക്കൊണ്ടിരുന്ന പാക്കിസ്ഥാന്റെ നരമേധത്തിന് അറുതിയും ബംഗ്ലാദേശിന്റെ പിറവിയുമാണ് യുദ്ധവിജയത്തിലൂടെ ഇന്ത്യക്ക് സാധിച്ചത്. 20 ലക്ഷം അഭയാര്‍ത്ഥികള്‍ ഇന്ത്യയിലേക്ക് പ്രവഹിച്ചപ്പോള്‍ അവരുടെ മുമ്പില്‍ വാതില്‍ കൊട്ടിയടയ്ക്കുന്ന നയമായിരുന്നില്ല പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും ഇന്ത്യയും സ്വീകരിച്ചിരുന്നത്. ദാരിദ്ര്യംകൊണ്ട് പൊറുതിമുട്ടുന്ന കിഴക്കന്‍ ബംഗാളിലേക്ക് ഭക്ഷണത്തിന് പകരം വെടിയുണ്ടകളും ബോംബുകളുമായിരുന്നു പാക്കിസ്ഥാന് കയറ്റി അയച്ചത്. നീചമായ ഈ നടപടികളും അഭയാര്‍ത്ഥികളുടെ ബാഹുല്യവുമായിരുന്നു ബംഗ്ലാദേശ് പ്രശ്നത്തില്‍ ഇടപെടാന്‍ ഇന്ത്യയെ പ്രേരിപ്പിച്ചത്. അമേരിക്കയുടെ പിന്തുണയോടെ ഇന്ത്യയെ സാമ്പത്തികമായും സൈനികമായും തകര്‍ക്കുക എന്നതായിരുന്നു പാക്കിസ്ഥാന്റെ ലക്ഷ്യം. പക്ഷെ ഇന്ദിരാഗാന്ധിയുടെ ദാര്‍ഢ്യമുള്ള ധാരണകള്‍ക്ക് മുമ്പില്‍ പാക്കിസ്ഥാന് മാത്രമല്ല അമേരിക്കയും വിറച്ചു. ഏഴാം കപ്പല്‍പടയെ ഇന്ത്യാ തീരത്തേക്കയച്ച അമേരിക്കക്ക് പകുതിവഴിയില്‍വെച്ച് കപ്പല്‍പ്പടയെ തിരിച്ചുവിളിക്കേണ്ടിവന്നു. ഇന്ദിരാഗാന്ധിയുടെ താക്കീതിന് മുമ്പില്‍ അമേരിക്കന്‍ ഭരണകൂടം മുട്ടുമടക്കുകയായിരുന്നു. യുദ്ധത്തിലുടനീളം തോല്‍വി ഏറ്റുവാങ്ങിക്കൊണ്ടിരുന്ന പാക്കിസ്ഥാനെ സഹായിക്കുക വഴി അമേരിക്ക ലോകനാണക്കേട് വിലകൊടുത്ത് വാങ്ങുകയായിരുന്നു. പതിമൂന്ന് ദിവസത്തെ യുദ്ധം പാക്കിസ്ഥാന് വമ്പിച്ച ആള്‍നാശവും ആയുധ നഷ്ടവുമാണ് വരുത്തിവെച്ചത്. ഡിസംബര്‍ 16ന് ഇന്ത്യന്‍ ലെഫ്റ്റനന്റ് ജനറല്‍ ജഗജിത് സിംഗ് അറോറയ്ക്ക് മുമ്പില്‍ കീഴടങ്ങുമ്പോള്‍ 90,000 സൈനികരും സിവിലിയന്മാരും ഇന്ത്യന്‍ പട്ടാളത്തിന്റെ തടങ്കലിലായിരുന്നു. ബംഗാളില്‍ മൂന്നു മില്യണ്‍ ആളുകളെ കൊല്ലേണ്ടതായുണ്ടെന്ന് പ്രഖ്യാപിച്ച് യുദ്ധത്തിനിറങ്ങിയ പ്രസിഡന്റ് യഹ്യാഖാന്‍ സ്വന്തം രാജ്യം രണ്ടായി പിളരുന്നത് തടയാന്‍ സാധിച്ചില്ല. സ്വന്തം ജനതയെ നിഷ്കരുണം കൊന്നൊടുക്കുന്ന ഭരണാധികാരിക്ക് നല്കുന്ന ശിക്ഷയില്‍ നിന്ന് പല കുറ്റവാളികളും രക്ഷപ്പെടുകയാണ് പതിവ്.
കശ്മീര്‍ കൈക്കലാക്കാന്‍ രണ്ടുതവണ ഇന്ത്യയെ ആക്രമിച്ച പാക്കിസ്ഥാന് സ്വന്തം രാജ്യത്തിന്റെ പകുതി ഭാഗംപോലും സംരക്ഷിക്കാന്‍ സാധിച്ചില്ല. ചരിത്രത്തിലെ ഏറ്റവും ചെറിയ യുദ്ധമാണ് 1971-ല്‍ നടന്നതെങ്കിലും അതിന്റെ നേട്ടങ്ങളും പ്രത്യാഘാതങ്ങളും ഏറെ വലുതായിരുന്നു. 1971 ഡിസംബര്‍ 16ന് കിഴക്കന്‍ ബംഗാളിനെ സ്വതന്ത്രമാക്കിക്കൊണ്ട് ഒപ്പുവെച്ച ഇന്‍സ്ട്രുമെന്റ് ഓഫ് സറണ്ടര്‍ എന്നറിയപ്പെടുന്ന ഉടമ്പടിയോടുകൂടി യുദ്ധത്തിന് വിരാമമായി. പിന്നീട് ഒപ്പുവെച്ച ഷിംല കരാറിലൂടെ പാക്കിസ്ഥാന്റെ കീഴടങ്ങല്‍ പരിപൂര്ണമാവുകയായിരുന്നു. ദയനീയമായ തോല്‍വികള്‍ സംഭവിച്ചിട്ടും പാക്കിസ്ഥാന്റെ അഹങ്കാരത്തിന് ഒട്ടും കുറവുണ്ടായിരുന്നില്ല. ഡിസംബര്‍, യുദ്ധത്തിന് അനുകൂലമായ കാലാവസ്ഥയല്ലെന്ന് സൈനികമേധാവി സാം മനേക്ഷാ പറഞ്ഞിട്ടും പ്രധാനമന്ത്രി ഇന്ദിരാഗാന്ധി തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. യുദ്ധം തെളിയിച്ചത് ഇന്ദിരാഗാന്ധിയുടെ അഭിപ്രായമാണ് ശരിയെന്നായിരുന്നു. രാഷ്ട്രീയ പ്രതിയോഗികള്‍പോലും ഇന്ദിരാഗാന്ധിയുടെ ധീരതയെയും സൂക്ഷ്മ നിരീക്ഷണ ശേഷിയെയും അംഗീകരിച്ചു. ഇന്ദിരാഗാന്ധിയെ ശക്തിസ്വരൂപിണിയായ ദുര്‍ഗ എന്നായിരുന്നു ജനസംഘം നേതാവ് വാജ്പേയ് വിശേഷിപ്പിച്ചത്.
ഐതിഹാസിക വിജയത്തിന് അരനൂറ്റാണ്ട്; ഇന്നത്തെ വീക്ഷണം എഡിറ്റോറിയൽ
