ഗവർണറുടെ വിലപേശൽ അനുവദിക്കരുത്; ഇന്നത്തെ വീക്ഷണം എഡിറ്റോറിയൽ

തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ മുൾമുനയിൽ നിർത്തി സവിശേഷമായ അധികാരങ്ങളില്ലാത്ത ഗവർണർമാർ വിലപേശുന്നതും സർക്കാർ ഈ ഭീഷണിക്ക് മുമ്പിൽ മുട്ടുമടക്കുന്നതും അധാർമികവും പ്രതിഷേധാർഹവുമാണ്. പ്രതിപക്ഷങ്ങളുടെ സാന്നിധ്യത്തെയും നിർദ്ദേശങ്ങളെയും പുല്ലുപോലെ തിരസ്‌ക്കരിക്കുന്ന സർക്കാരിന് ലഭിക്കുന്ന കാവ്യനീതിയാണിത്. സർക്കാരിന്റെ തീരുമാനമനുസരിച്ച് ആർഎസ്എസ് നേതാവിനെ ഗവർണറുടെ അഡീഷണൽ പി.എആയി നിയമിക്കുകയും ചെയ്ത ആ ഉത്തരവിന് പിന്നാലെ അതിന്റെ ഔചിത്യമില്ലായ്മ ചൂണ്ടിക്കാണിക്കുകയും ചെയ്ത പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറിയെ രക്തസാക്ഷിയാക്കി മാറ്റുകയും ചെയ്ത സർക്കാരിന്റെ ഭീരുത്വം അപലപനീയമാണ്. കേരളത്തിന്റെയോ മറ്റു സംസ്ഥാനങ്ങളുടെയോ ചരിത്രത്തില്ലാത്ത തർക്കങ്ങളും വിലപേശലുമാണ് നടന്നുകൊണ്ടിരിക്കുന്നത്. നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പ് വെയ്ക്കാൻ വിസമ്മതിച്ച ഗവർണർക്ക് മുന്നിൽ പൂച്ചയെ കണ്ട എലിക്കുഞ്ഞിനെപ്പോലെ വിറ കൊള്ളുന്ന മുഖ്യമന്ത്രിയെയാണ് കഴിഞ്ഞദിവസം കേരളം കണ്ടത്. ജനാധിപത്യവിരുദ്ധമായ ലോകായുക്ത ഭേദഗതി ഓർഡിനൻസിൽ ഒപ്പ് വെയ്ക്കുന്നത് മുതൽ നയപ്രഖ്യാപന പ്രസംഗത്തിൽ വരെ ഗവർണറുടെ അനുമതിക്കായി പ്രത്യുപകാരമായി പല കാര്യങ്ങളും വിലപേശി വാങ്ങുന്നതും അത് അനുവദിക്കുന്നതും കൈക്കൂലി വാങ്ങുന്നതും പോലെ കുറ്റകരമാണ്. രാജ്ഭവനെ ആർ എസ് എസിന്റെ ഉപജാപ കേന്ദ്രമാക്കി മാറ്റുന്നതിന് മുഖ്യമന്ത്രി കൂട്ടുനിൽക്കുകയാണ്. ശസ്ത്രക്രിയാ മേശമേൽ രോഗിയെ കിടത്തി വിലപേശുന്ന നടപടി പോലെ ക്രൂരവും അന്യായവുമാണ് ഗവർണറുടെ ആവശ്യം. കാട്ട്കള്ളൻ വീരപ്പൻ ആളുകളെ തട്ടിക്കൊണ്ടു പോയി മോചന തുക ആവശ്യപ്പെടുന്നത് പോലെയാണ് ഗവർണറുടെ വിലപേശൽ തന്ത്രവും. പല കാര്യങ്ങളിലും ബി.ജെ.പിയുടെ സൗഹാർദം തകരാതെ കാക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ആനയല്ല, കുഴിയാനയാണെന്നു തുടരെ തുടരെയുണ്ടാകുന്ന സംഘർഷങ്ങൾ വ്യക്തമാക്കുന്നു. ഇത് ആദ്യമായല്ല ഗവർണറും മുഖ്യമന്ത്രിയും പൂച്ചയും എലിയും കളിക്കാൻ തുടങ്ങിയിട്ട്.
നിയമസഭയിൽ പോലും വിമർശനം സഹിക്കാത്ത മുഖ്യമന്ത്രി ഗവർണർക്ക് മുമ്പിൽ പഞ്ചപുഛമടക്കി നിൽക്കുന്ന കീഴ്‌വഴക്കമില്ലാത്ത അസാധാരണ സംഭവങ്ങളാണ്. നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പുവെയ്ക്കാൻ ഗവർണർ വിസമ്മതിക്കുന്നത് ആദ്യമായല്ല. 2020ലും ഇത് ആവർത്തിച്ചിരുന്നു. ഗവർണറുടെ ആവശ്യങ്ങളെല്ലാം അംഗീകരിക്കുക വഴി സംഘ് പരിവാറിന്റെ പ്രിയപ്പെട്ടവനായി പിണറായി മാറിയിരിക്കുന്നു. ഇത്തരം പ്രതിസന്ധികളെ നേരിടുന്നതിന് പകരം മുഖ്യമന്ത്രി രാജ്ഭവനിൽ പോയി ഗവർണറുടെ കാൽക്കൽ വീഴുന്ന മുഖ്യമന്ത്രിയെയാണ് നാം കാണുന്നത്. ‘ഇരട്ടചങ്കൻ’ എന്ന് അനുയായികൾ വിശേഷിപ്പിക്കാറുള്ള പിണറായിക്ക് രണ്ട് ചങ്കല്ല, അര ചങ്ക് പോലുമില്ലെന്ന് ഈ ശീതസമരവും അതിന്റെ പര്യവസാനവും വ്യക്തമാക്കുന്നു. ഭരണഘടനയുടെ 163-ാം അനുഛേദമനുസരിച്ച് നയപരമായ കാര്യങ്ങളിൽ സർക്കാരിന്റെ തീരുമാനങ്ങൾ മുഴുവൻ അംഗീകരിക്കാൻ ബാധ്യസ്ഥനാണ്. ഇക്കാര്യത്തിൽ ഗവർണർക്ക് സവിശേഷമായ ഒരു വിവേചനാധികാരവും ഇല്ല. എന്നിട്ടും ഗവർണറെ പേടിക്കുന്ന പിണറായി ഒപ്പിന്റെ മറവിൽ അന്യായമായ ആവശ്യങ്ങൾ അംഗീകരിച്ചുകൊടുക്കുകയാണ്. പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറിയെ മാറ്റി ഗവർണറുടെ ആവശ്യം നിറവേറ്റിയ മുഖ്യമന്ത്രി ഉദ്യോസ്ഥരുടെ ആത്മവിശ്വാസം തകർക്കുന്ന നടപടിയുമായാണ് മുന്നോട്ട് പോകുന്നത്. ഒരു ഉദ്യോഗസ്ഥനെ മാറ്റാൻ വാശിപിടിക്കുന്ന ഗവർണർ ആർ എസ് എസുകാരനെ അഡീഷണൽ പി.എ ആക്കി നിയമിച്ചതും ആർ എസ് എസ്- സി പി എം അന്തർധാരയുടെ ഭാഗമായിട്ടാണ്. നേരത്തെ സർവകലാശാല ഭരണത്തിൽ കൈകടത്താൻ ശ്രമിച്ച ഗവർണർ ഇപ്പോൾ സംസ്ഥാന ഭരണത്തിലും ഇടകോലിടാൻ ശ്രമിക്കുകയാണ്. ദിവസം തോറും പല ആവശ്യങ്ങളും ഉന്നയിച്ചു സർക്കാരിനെ സമ്മർദ്ദത്തിലാക്കുക വഴി ഗവർണർ അധികാര രാഷ്ട്രീയത്തിന്റെ ഇടനിലക്കാരനായി മാറിയിരിക്കുന്നു. രാജ്ഭവനെ രാഷ്ട്രീയ ഉപജാപത്തിന്റെ കേന്ദ്രമാക്കി മാറ്റുന്ന ഗവർണറെ തിരിച്ചുവിളിക്കാൻ രാഷ്ട്രപതി തയ്യാറാവണം.

Related posts

Leave a Comment