പൊരുതാം, ഊർജ്ജ പ്രതിസന്ധിക്കെതിരെ; ഇന്നത്തെ വീക്ഷണം എഡിറ്റോറിയൽ

ഇന്ന് ദേശീയ ഊർജ്ജ സംരക്ഷണ ദിനം. ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഊർജ്ജ സ്രോതസ്സുകളാണ് ഇത്തരമൊരു ദിനാചരണത്തിന്റെ പ്രസക്തി വർധിപ്പിക്കുന്നത്. നമ്മുടെ അമിതമായ വൈദ്യുതി ഉപയോഗമാണ് ഊർജ്ജ പ്രതിസന്ധി സൃഷ്ടിക്കുന്നത്. ടെലിവിഷൻ, ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, കമ്പ്യൂട്ടർ എന്നിവയുടെ ഉപയോഗം ഏറെ വർധിച്ചിരിക്കയാണ്. മിതവ്യയത്തിന്റെ പേര് പറഞ്ഞ് വൈദ്യുതി ഉപയോഗം കുറയ്ക്കാൻ സാധിക്കാത്തവിധം ഈ ഉപകരണങ്ങൾ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായിരിക്കയാണ്. പാരമ്പര്യേതര ഊർജ്ജ സ്രോതസ്സുകളുടെ ഉപയോഗം വർധിച്ചാൽ ഒരുപരിധിവരെ ഊർജ്ജ പ്രതിസന്ധി പരിഹരിക്കാൻ സാധിക്കും. സോളാർ എനർജി ഉപയോഗിച്ചുള്ള വൈദ്യുതി ഉത്പാദനമാണ് ഒരു ബദൽ മാർഗം. കാറ്റിൽ നിന്നുള്ള വൈദ്യുതി ഉത്പാദനവും ഇന്ന് വളരെയേറെ മുന്നോട്ട് പോയിട്ടുണ്ട്. രൂക്ഷമായ വൈദ്യുതി പ്രതിസന്ധി നേരിടാൻ ഇത്തരം മാർഗങ്ങൾ അവലംബിക്കുന്നില്ലെങ്കിൽ നമ്മുടെ വിളക്കുകൾ കത്താനും ഫാനുകൾ കറങ്ങാനും നാം കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കേണ്ടി വരും. ഊർജ്ജ ഉപഭോഗം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങൾക്ക് നാം വേഗത കൂട്ടിയേ മതിയാകൂ. പരിസ്ഥിതി പര്യാപ്തത എന്ന ആശയത്തിന്റെ ഭാഗമാണ് വൈദ്യുതി സംരക്ഷണം. ഊർജ്ജ സംരക്ഷണ നടപടികൾ നമ്മുടെ ജീവിതത്തിന്റെ നിത്യരീതിയാക്കിയില്ലെങ്കിൽ അത്യധികം സങ്കീർണമായ പ്രതിസന്ധികൾക്ക് നാം ഇരയായി തീരേണ്ടിവരും. ദേശീയ സുരക്ഷ, വ്യക്തിഗത സാമ്പത്തിക സുരക്ഷ, ഉയർന്ന സമ്പാദ്യം എന്നിവ വർധിപ്പിക്കുകയാണ് ഊർജ്ജ സംരക്ഷണത്തിലൂടെ നാം കൈവരിക്കുന്നത്. ഇത് ഭാവിയിൽ വിഭവശോഷണം തടയുന്നതിന് സഹായകരമാകുന്നു. സാങ്കേതിക നവീകരണത്തിലൂടെ വൈദ്യുതി പാഴാക്കലും നഷ്ടപ്പെടുത്തലുകളും ചെറുതല്ലാത്ത വൈദ്യുതി ക്ഷാമത്തിന് കാരണമാകുന്നു. ആഗോളതലത്തിൽ ജനസംഖ്യാ വളർച്ചയുടെ സ്ഥിരതയിലൂടെ ഊർജ്ജ ഉപയോഗം കുറച്ചുകൊണ്ടുവരാൻ സാധിക്കണം. ലോകത്ത് ഏറ്റവും കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്ന രാഷ്ട്രമാണ് നമ്മുടേത്. എന്നിട്ടും പകുതിയോളം ഇന്ത്യൻ ഗ്രാമങ്ങളിൽ വെളിച്ചമോ വെള്ളമോ ലഭിക്കുന്നില്ല.
സ്വയം പര്യാപ്തവും സുസ്ഥിരവും ശക്തവുമായ ഏതൊരു സമ്പദ്ഘടനയുടെയും അടിസ്ഥാനം ഊർജ്ജകാര്യക്ഷമതയാണ്. അതിനാൽ ഊർജ്ജ കാര്യക്ഷമത വർധിപ്പിക്കുന്നതിന് ചെലവുകുറഞ്ഞ മാർഗങ്ങൾ രാജ്യമാകെ വ്യാപിപ്പിക്കേണ്ടിയിരിക്കുന്നു. ഇതുമൂലം വൈദ്യുതി ഉത്പാദനത്തിനും ഉപഭോഗത്തിനും ശക്തമായ അടിത്തറയുള്ള ഒരു വൈദ്യുതി സമ്പ്രദായം നമുക്കുണ്ടാകണം. ഊർജ്ജ കാര്യക്ഷമത ഓരോ ഇന്ത്യക്കാരന്റെയും ജീവിതരീതിയാക്കുകയാണ് നമ്മുടെ ലക്ഷ്യം. പാരീസ് ഉടമ്പടിക്ക് കീഴിൽ നാം നൽകിയ വാഗ്ദാനങ്ങളോടുള്ള പ്രതിബദ്ധതയുമായി പൊരുത്തപ്പെടുന്നതാണ് ഈ കാഴ്ചപ്പാട്. ദേശീയതലത്തിൽ നിശ്ചിത വിഹിതപ്രകാരമുള്ള കാർബൺ പുറംതള്ളൽ കുറയ്ക്കുന്നതിനും നാടിന്റെ വികസനലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതിനും സാധിക്കുന്നു. 2030-ഓടെ മൊത്തം ആഭ്യന്തര ഉത്പാദനവുമായി ബന്ധപ്പെട്ട കാർബൺ നിർഗമന തീവ്രത 33-35 ശതമാനംവരെ കുറയ്ക്കുകയാണ് നമ്മുടെ ലക്ഷ്യം. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഹാനികരമായ ഫലങ്ങളിൽ നിന്ന് പാവപ്പെട്ടവരെയും ദുർബലരെയും സംരക്ഷിക്കുന്നതിന് ലോകം സുസ്ഥിര ജീവിതരീതിയിലേക്ക് മാറേണ്ടിയിരിക്കുന്നു. ദേശീയമായി നിർണയിക്കപ്പെട്ടിട്ടുള്ള നമ്മുടെ നിർദ്ദിഷ്ട വിഹിതത്തോട് നാം അടുക്കുകയാണ്. ഇത് പൂർണമായി നടപ്പാക്കി കഴിയുമ്പോൾ ഒഴിവാക്കാൻ സാധിക്കുന്ന 19,598 മെഗാവാട്ടിന്റെ ശേഷി കൂട്ടിച്ചേർക്കലും പ്രതിവർഷം ഏകദേശം 23 ദശലക്ഷം ടണ്ണിന്റെ ഇന്ധന മിച്ചവും പ്രതിവർഷം 98.55 ദശലക്ഷം ടൺ ഹരിതഗൃഹ വാതക നിർഗമനം, ഉയർന്ന ഊർജ്ജ സംരക്ഷണത്തിനുള്ള ദേശീയ ദൗത്യം ഈ ലക്ഷ്യം കൈവരിക്കാൻ കാര്യക്ഷമമായ ഊർജ്ജനയം സ്വീകരിച്ചേ മതിയാവൂ. ഊർജ്ജക്ഷമമായ ഉപകരണങ്ങളുടെ നിലവാര നിർണയം അവ അടയാളപ്പെടുത്തലുകൾ, സംസ്ഥാന വൈദ്യുതി ബോർഡിന്റെയും വൈദ്യുതി വിതരണ കമ്പനികളുടെയും കാര്യക്ഷമത പോഷണം, വൈദ്യുത വാഹനങ്ങൾ, സ്മാർട്ട് മീറ്ററുകൾപോലുള്ള നവീന മാർഗങ്ങളുടെ വ്യാപനം തുടങ്ങിയവയുടെ വ്യാപനം വഴി വലിയ നേട്ടങ്ങളുണ്ടാക്കാൻ സാധിക്കും. രണ്ടാം യു പി എ സർക്കാരിന്റെ കാലത്ത് ആവിഷ്‌കരിച്ച വൈദ്യുതി നയമാണ് ഇപ്പോൾ ഫലമുളവാക്കുന്ന രീതിയിൽ വളർന്നിരിക്കുന്നത്.

Related posts

Leave a Comment