കതിർമണ്ഡപങ്ങളിൽ കണ്ണീർ വീഴുമ്പോൾ; ഇന്നത്തെ വീക്ഷണം എഡിറ്റോറിയൽ

‘ബോംബെടുത്തവൻ ബോംബാലെ’ എന്ന പുതുമൊഴിയെ അന്വർത്ഥമാക്കുന്ന തരത്തിലാണ് കണ്ണൂരിലെ വിവാഹ ചടങ്ങുകളിൽ ഇപ്പോൾ നടക്കുന്ന അക്രമങ്ങൾ. രാഷ്ട്രീയവും മതപരവുമായ അനവധി കൊലപാതകങ്ങൾ കൊണ്ട് കേരളത്തിലെ കലാപഭൂമിയായി മാറിയ കണ്ണൂരിൽ പരിശുദ്ധമായ വിവാഹ ചടങ്ങുകൾപോലും ചോരക്കളങ്ങളാക്കി മാറ്റുകയാണ്. കഴിഞ്ഞ ദിവസം കല്യാണവീട്ടിലുണ്ടായ നിസാര വഴക്കിന് പിറ്റേദിവസം ബോംബുകൊണ്ട് പകരം ചോദിക്കുകയായിരുന്നു. കണ്ണൂർ തോട്ടടയിലെ ഡി വൈ എഫ് ഐക്കാരൻ കൊല്ലപ്പെട്ടതും കൊന്നതും ഒരേപാർട്ടിക്കാർതന്നെ ആയതുകൊണ്ട് കൊലക്കേസ് ഒത്തുതീർപ്പിലെത്തിക്കുകയാണ് കണ്ണൂരിലെ സി പി എം ജില്ലാ നേതൃത്വം. രാഷ്ട്രീയ പ്രതിയോഗികളെ വെട്ടിയും കുത്തിയും ബോംബെറിഞ്ഞ് കൊന്നും ശീലിച്ച യുവകമ്മ്യൂണിസ്റ്റുകാർ ഇത്തവണ ഇരയെ തേടിയത് സ്വന്തം മാളത്തിൽ നിന്ന് തന്നെയായിരുന്നു. സ്ത്രീകളും കുട്ടികളും അടങ്ങുന്ന വിവാഹപാർട്ടിയുടെ നേരെ ബോംബെറിഞ്ഞ് അടിപിടിക്ക് പകരം ചോദിച്ച ഡി വൈ എഫ് ഐക്കാർ പ്രതികളായപ്പോൾ വാദിയെയും പ്രതികളെയും സംരക്ഷിക്കേണ്ട ഉത്തരവാദിത്വം പാർട്ടി നേതൃത്വത്തിനായി. വിവാഹസംഘത്തിലുണ്ടായിരുന്ന കൊല്ലപ്പെട്ട ജിഷ്ണു എന്ന ചെറുപ്പക്കാരനും ബോംബെറിഞ്ഞ് കൊന്ന അക്ഷയും സുഹൃത്തുക്കളും ഡി വൈ എഫ് ഐയുടെ സജീവ പ്രവർത്തകരുമായിരുന്നു. കണ്ണൂരിലെ പൊതുചടങ്ങുകൾ മിക്കപ്പോഴും അടിപിടിയുടെയും പകരം ചോദിക്കലിന്റെയും പകഭൂമികളായി മാറിയിരിക്കുന്നു. ഉത്സവങ്ങൾ, വിവാഹചടങ്ങുകൾ, കലാ-സാംസ്‌കാരിക ചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കുന്നവർ പലരും എപ്പോഴും ആക്രമിക്കപ്പെടുന്ന അവസ്ഥയിലാണ്. പണ്ടുകാലത്ത് ദേശക്കൂറും ഗോത്ര മാഹാത്മ്യവും പ്രകടിപ്പിക്കുന്നതിന് വെട്ടിക്കൊന്നും മരിച്ചുവീണും ശൂരത്വം നേടുകയെന്ന പുരാതന ആചാരങ്ങൾ ഇപ്പോഴും ഈ മണ്ണിൽ ഒടുങ്ങാതെയും അടങ്ങാതെയും വളർന്ന് പന്തലിച്ച് നിൽക്കുകയാണ്. പാർട്ടിക്കൂറിനും രക്തബന്ധത്തിനും അപ്പുറം കുടിപ്പകയാണ് ഇവിടെ കൊലക്കൊടി ഉയർത്തി വീര്യം വിളംബരം ചെയ്യുന്നത്.
ഞായറാഴ്ചയായിരുന്നു തോട്ടടയിൽ ബോംബേറിൽ വരന്റെ സുഹൃത്തുകൂടിയായ ജിഷ്ണു കൊല്ലപ്പെട്ടത്. ഒന്നാമത്തെ ബോംബ് പൊട്ടാതെപോയപ്പോൾ രണ്ടാമത്തെ ബോംബ് ലക്ഷ്യം കണ്ടു, ജിഷ്ണുവിന്റെ തല ചിതറിത്തെറിക്കുകയായിരുന്നു. ഈ കൊടുംകൃത്യം ചെയ്തതാവട്ടെ വരന്റെയും കൊല്ലപ്പെട്ട ജിഷ്ണുവിന്റെയും സുഹൃത്തായ അക്ഷയും സംഘവുമായിരുന്നു. സി പി എമ്മിനകത്ത് പുകഞ്ഞുകൊണ്ടിരിക്കുന്ന പ്രാദേശിക പരസ്പര വൈരത്തെ രണ്ട് ദേശക്കാർ തമ്മിലുള്ള വഴക്കായി ചിത്രീകരിക്കാൻ പാർട്ടി നേതൃത്വം കിണഞ്ഞ് പരിശ്രമിക്കുകയാണ്. ആ നിലയിലുള്ള അന്വേഷണമാണ് നടത്തേണ്ടതെന്ന് പാർട്ടി ജില്ലാ നേതൃത്വം പൊലീസിന് നിർദ്ദേശം നൽകിയിരിക്കയാണ്. കണ്ണൂരിൽ നടന്ന അനേകം രാഷ്ട്രീയ കൊലപാതകങ്ങളിൽ അടുത്തതോ അകന്നതോ ആയ ബന്ധങ്ങളുള്ള ഇത്തരം ചെറുഅക്രമി സംഘം ഓരോ ഗ്രാമങ്ങളിലും നഗരങ്ങളിലും പ്രവർത്തിക്കുന്നുണ്ട്. കൗമാരത്തിൽ നിന്ന് യൗവ്വനത്തിലേക്ക് കാലെടുത്തുവെയ്ക്കുന്ന ഇത്തരം സംഘങ്ങൾ ജന്മനാ ക്രിമിനൽ സ്വഭാവം പ്രകടിപ്പിക്കുന്നവരാണ്. ഈ സംഘത്തിന് വീര്യവും ഉശിരും നൽകുന്നതാകട്ടെ പാർട്ടിയിലെ ക്വട്ടേഷൻ സംഘങ്ങളും ക്രിമിനലുകളുമാണ്. മണൽക്കടത്ത്, പാറക്കടത്ത്, കള്ളപ്പണം, ആളെ തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കുറ്റകൃത്യങ്ങൾ വിജയകരമായി നിറവേറ്റുന്നവരെയാണ് രാഷ്ട്രീയ കൊലപാതകങ്ങൾ നടത്താൻ നിയോഗിക്കുന്നത്. വിവാഹത്തലേന്നും വിവാഹദിവസവും മദ്യവും മയക്കുമരുന്നും ഉപയോഗിച്ചുള്ള ആഭാസകരമായ പാട്ടും കൂത്തും പലവിവാഹങ്ങളിലും ചോരയും കണ്ണീരും വീഴ്ത്തുന്നു. ഡി ജെ എന്ന പേരിലുള്ള ലഹരിയുടെ അഴിഞ്ഞാട്ടത്തിന് നേതൃത്വം നൽകുന്നത് വരന്റെ സംഘമായിരിക്കും. പാട്ടിനും മോശമായ നൃത്തങ്ങൾക്കും ക്ഷണമില്ലാതെപോലും ചെറുപ്പക്കാർ കല്യാണവീടുകളിലെത്തുന്നുണ്ട്. ജാതി-മത ഭേദമില്ലാതെ അടിപിടി നടക്കാത്ത കല്യാണങ്ങൾ വിരളമാണ്. ഇങ്ങിനെ ആരംഭിക്കുന്ന കല്യാണതല്ലിൽ വരന്റെയും വധുവിന്റെയും ഭാഗത്തുള്ള സി പി എം പ്രവർത്തകരായിരിക്കും നേതൃത്വം നൽകുന്നത്. പാർട്ടി ഗ്രാമങ്ങളിൽ പരിധിവിട്ടും ഈ അക്രമം നടക്കാറുണ്ട്. പാർട്ടി ഇടപെട്ട് പൊലീസ് അന്വേഷണവും കേസും ഇല്ലാതാക്കും. ടി പി ചന്ദ്രശേഖരൻ, ശുഹൈബ്, കൃപേഷ്-ശരത്‌ലാൽ കൊലപാതകങ്ങളിലെ പ്രതികൾക്ക് ലഭിക്കുന്ന വീരാരാധനയും സാമ്പത്തിക സഹായവും പുതിയ അക്രമി സംഘങ്ങൾക്ക് പ്രചോദനവും ആവേശവും നൽകുന്നു. ഇങ്ങിനെ ഒരു നാടിനെയും തലമുറയെയും ക്രിമിനലുകളാക്കി തീർത്തവർ തന്നെ അത് അവസാനിപ്പിക്കാൻ പാടുപെടുകയാണ്. കിടയറ്റ ക്രിമിനൽ സ്വഭാവവും ദയാശൂന്യമായ മനസ്സുമുള്ളവർ എളുപ്പത്തിൽ റിക്രൂട്ട് ചെയ്യപ്പെടുന്നു. കണ്ണൂരിലെ ക്രിമിനൽ ക്വട്ടേഷൻ സംഘങ്ങൾ ഓപ്പറേഷൻ നടത്തുന്നതും പ്രതിഫലം പറ്റുന്നതും ജയിലിൽവെച്ച് തന്നെയാണ്. കണ്ണൂരിലും സമീപ ജില്ലകളിലും നടക്കുന്ന അജ്ഞാത വാഹനാപകടങ്ങളും വ്യാജ ഏറ്റുമുട്ടൽപോലെ വ്യാജമാണ്.
ഒരു ആണിന്റെയും പെണ്ണിന്റെയും ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങായ വിവാഹത്തെ ഭീതിയുടെയും കണ്ണീരിന്റെയും അശാന്തിയുടെയും ദിനമാക്കി മാറ്റുന്നതിനെതിരെ മുഴുവൻ ജനങ്ങളും എതിർപ്പുള്ളവരാണ്. സി പി എമ്മിന്റെ കായികകരുത്തിന് മുന്നിൽ തലകുനിച്ച് നിൽക്കേണ്ട ഗതികേടിലാണവർ. ആഭാസങ്ങളെ എതിർത്തതിന്റെ പേരിൽ കതിർമണ്ഡപങ്ങളിൽ നായ്ക്കുരുണ പൊടി വിതറുകയും ഒരുക്കിവെച്ച ഭക്ഷണം ചവിട്ടിത്തെറിപ്പിക്കുകയും ചെയ്ത സംഭവങ്ങൾവരെ ഉണ്ടായിട്ടുണ്ട്. കതിർമണ്ഡപങ്ങളെ കണ്ണീരണിയിപ്പിക്കുന്ന ക്രൂരതക്കെതിരെ രാഷ്ട്രീയ-ജാതി-മത ഭേദമില്ലാതെയുള്ള കൂട്ടായ്മകൾ അനിവാര്യമാണ്.

Related posts

Leave a Comment