രക്ഷകർക്ക് ബിഗ് സല്യൂട്ട്; ഇന്നത്തെ വീക്ഷണം എഡിറ്റോറിയൽ

അനേകം ദുരന്തങ്ങളിൽ മരണത്തെ മുഖാമുഖം കണ്ട് ജീവിതത്തിലേക്ക് മടങ്ങിയവരുടെ നിരവധി ഓർമ്മകൾ നമുക്ക് അയവിറക്കാനുണ്ട്. മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത നന്മയുടെ പൂമരങ്ങളുടെ തണലും കരുതലുകളുമാണ് അടുത്ത ദിവസങ്ങളിൽ നടന്ന ജീവന്റെ തിരിനാളം കെടാതെ അവരെ കാത്തത്. പാമ്പുപിടിത്തത്തിൽ വിദഗ്ധനായ തിരുവനന്തപുരം ശ്രീകാര്യം സ്വദേശി വാവാ സുരേഷിനെയും മലമ്പുഴയിൽ മലകയറ്റത്തിനിടെ കാൽവഴുതി ചെങ്കുത്തായ മലയിടുക്കിലേക്ക് വീണ ബാബു എന്ന ഇരുപത്തിമൂന്നുകാരനെയുമാണ് മരണത്തിന്റെ വായിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെടുത്തിയത്. സഹജാതരെ കൊന്നും കൊല്ലിച്ചും അക്രമത്തിന്റെ സ്വന്തം നാടായി മാറിയ കേരളത്തിൽതന്നെയാണ് ഉറവുവറ്റാത്ത സ്‌നേഹത്തോടെയും അനുപമമായ ധൈര്യത്തോടെയും രണ്ടുപേരുടെ ജീവൻ രക്ഷിച്ചത്.
കോട്ടയം ഗവ. മെഡിക്കൽ കോളജിൽ വാവാ സുരേഷിനെ മൂർഖന്റെ കടിയേറ്റ നിലയിൽ എത്തിക്കുമ്പോൾ പ്രാണന്റെ അവസാന നാളവും കത്തിയൊടുങ്ങുന്ന അവസ്ഥയിലായിരുന്നു. കോട്ടയം മെഡിക്കൽ കോളജിലെയും ഭാരത് ആശുപത്രിയിലെയും ഡോക്ടർമാരുടെ കഠിനാധ്വാനവും മികവുമായിരുന്നു സുരേഷിനെ രക്ഷിച്ചത്. നാഡീസ്പന്ദനം ഏതാണ്ട് നിലച്ച നിലയിലായിരുന്നു സുരേഷിനെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചത്. അപ്പോൾ സുരേഷിന്റെ നില അതീവ ഗുരുതരമായിരുന്നു. പ്രതീക്ഷ നശിക്കാത്ത ഡോക്ടർമാർ ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിൽനിന്ന് പിന്മാറിയില്ല. രണ്ടാംദിവസം പിന്നിട്ടപ്പോൾ ചികിത്സയോട് സുരേഷ് പതുക്കെ പ്രതികരിച്ചു തുടങ്ങി. മരുന്നുകളോടും ക്രിയാത്മകമായി പ്രതികരിച്ചതോടെ ഡോക്ടർമാർക്ക് പ്രതീക്ഷ വളർന്നു. ജീവൻ തിരിച്ചുപിടിക്കുന്നതിൽ രോഗിയിൽ അനുദിനം അനുകൂലമായ ചലനങ്ങൾ വന്നുതുടങ്ങി. ഗുരുതരനില തരണം ചെയ്തതോടെ വെന്റിലേറ്റർ മാറ്റി ഐ സി യുവിലാക്കി. സാധാരണനില കൈവന്നതോടെ വാർഡിലേക്കും മാറ്റി. ഏറെ വൈകാതെ ആശുപത്രി വിടാനും കഴിഞ്ഞു. മനുഷ്യജീവനോടും മെഡിക്കൽ എത്തിക്‌സിനോടുമുള്ള ഡോക്ടർമാരുടെ പ്രതിബദ്ധതയാണ് മരണവക്കിൽ നിന്ന് സുരേഷിനെ രക്ഷിച്ചത്. തോൽക്കാൻ മനസ്സില്ലാത്ത ഡോക്ടർമാർ വംശനാശം സംഭവിച്ചിട്ടില്ലെന്നും വാവ സുരേഷിന്റെ പുനർജന്മം വ്യക്തമാക്കി.
ഇതിലും ഭീതിജനകവും അത്യധികം അപകടകരവുമായ അവസ്ഥയിൽ നിന്നാണ് ഇന്ത്യൻ സൈന്യത്തിന്റെയും സുരക്ഷാസേനയുടെയും എൻ ഡി ആർ എഫിന്റെയും അസാധാരണ ധൈര്യവും മിടുക്കും കൊണ്ട് മലമ്പുഴക്കാരനായ ബാബുവിന്റെ ജീവൻ രക്ഷിച്ചത്. 45 മണിക്കൂർ ഭക്ഷണപാനീയങ്ങളില്ലാതെ കഠിന തണുപ്പും പകൽച്ചൂടും സഹിച്ച ബാബുവിന് രക്ഷകരായെത്തിയത് അമ്പതിലധികം വരുന്ന സൈന്യത്തിലെ രണ്ടുപേരായിരുന്നു. ചെങ്കുത്തായ പാറയിലേക്കും ബാബു ഇരിക്കുന്ന ഗുഹാമുഖത്തേക്കും വടംകെട്ടി ഊർന്നിറങ്ങിയായിരുന്നു യുവാവിനെ രക്ഷപ്പെടുത്തിയത്. സൈന്യത്തിന്റെ 40 മിനിറ്റ് നേരത്തെ അതീവ ഭീതിജനകമായ പ്രവർത്തനത്തിലൂടെയായിരുന്നു ബാബുവിനെ മലമുകളിലെത്തിച്ചത്. അതിന് മുമ്പ് ഭക്ഷണവും വെള്ളവും നൽകി. മലമുകളിൽ നിന്നും ഹെലികോപ്ടർ ഉപയോഗിച്ച് കഞ്ചിക്കോട്ടെത്തിച്ചു. അവിടെനിന്ന് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടം സംഭവിച്ച ദിവസം രാത്രിതന്നെ സ്ഥലത്തെത്തിയ സൈന്യം പരിമിതമായ വെളിച്ചത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. എന്നാൽ പ്രതികൂല കാലാവസ്ഥ അതിന് വെല്ലുവിളിയായി. സംസ്ഥാന പൊലീസിനും ഫയർ ഫോഴ്‌സിനും ഒന്നുചെയ്യാനാവാത്ത അവസ്ഥയിലാണ് സൈന്യം രംഗത്തിറങ്ങിയത്. ദൗത്യം വിജയകരമായി പൂർത്തിയാക്കിയത് 40 മിനിറ്റുകൊണ്ടാണ്. സേനയുടെ ദൗത്യം വിജയിച്ചതിൽ നാട്ടുകാർ മുദ്രാവാക്യം മുഴക്കി അവരെ അഭിനന്ദിച്ചു. ബംഗളുരുവിൽ നിന്നും ഊട്ടിയിൽ നിന്നുമെത്തിയ സൈന്യത്തിന്റെ രണ്ട് യൂണിറ്റുകളാണ് രക്ഷാപ്രവർത്തനം നടത്തിയത്. പർവ്വതാരോഹണത്തിൽ പ്രാവീണ്യമുള്ളവരായിരുന്നു ഈ ഗ്രൂപ്പിലുണ്ടായിരുന്നത്. സമാനതകളില്ലാത്ത അതിസാഹസികമായ രക്ഷാപ്രവർത്തനമാണ് സൈന്യം നടത്തിയത്. ഒരാൾക്കുവേണ്ടി ഇത്രയേറെ സന്നാഹങ്ങളോടെയുള്ള രക്ഷാദൗത്യം കേരളത്തിലൊരിടത്തും നടന്നിട്ടില്ല. ഇന്ത്യൻ സൈന്യത്തിന്റെ മികവ് വിളംബരം ചെയ്യുന്നതായിരുന്നു ഈ സാഹസിക ദൗത്യം. സംസ്ഥാന-കേന്ദ്ര സേനകൾക്കൊപ്പം നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. അപൂർവ്വങ്ങളിൽ അപൂർവ്വമായ ഓപ്പറേഷുകൾക്ക് രക്ഷാസേന തലവന്മാർ തയ്യാറാവുകയും സൈനികർ ആവേശപൂർവ്വം അത് ഏറ്റെടുക്കുകയും ചെയ്തത് മനുഷ്യജീവന്റെ മഹിമയാണ് വിളംബരം ചെയ്യുന്നത്. എതിർ സേനാംഗങ്ങളെ വെടിവെച്ച് കൊല്ലുക മാത്രമല്ല സൈന്യത്തിന്റെ പ്രവർത്തനരീതിയെന്നും മനുഷ്യജീവൻ രക്ഷിക്കുകയും അവർക്ക് നൽകുന്ന പരിശീലനത്തിൽ ഉൾപ്പെടുന്നു. ഇത്തരം സാഹസികത സൈന്യത്തിൽ അപൂർവ്വമല്ലെങ്കിലും കേരളത്തിൽ ഇത്തരമൊരു സംഭവം ആദ്യമാണ്. മനുഷ്യത്വത്തിന്റെ മഹത്വം തിരിച്ചറിഞ്ഞ മനസ്സുകൾ തന്നെയാണ് രണ്ട് സംഭവങ്ങളിലും വിശ്രമമില്ലാതെ പങ്കെടുത്തത്. അവരുടെ ത്യാഗങ്ങൾക്കും നല്ല മനസ്സിനും ബിഗ് സല്യൂട്ട്.

Related posts

Leave a Comment